Stomach Issues : വയറിനെ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങള്‍;പരിഹാരമായി ആപ്പിള്‍ കഴിക്കാം

By Web TeamFirst Published May 18, 2022, 3:46 PM IST
Highlights

ഉദരസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഡയറ്റ് നവീകരിക്കല്‍ തന്നെയാണ്. ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, അതുപോലെ തന്നെ വയറിളക്കവും

ഉദരസംബന്ധമായ വിഷമതകള്‍ ( Stomach Diseases ) നേരിടാത്തവര്‍ കാണില്ല. തിരക്ക് പിടിച്ച ജീവിതത്തിന്റെ ഭാഗമായും, സമ്മര്‍ദ്ദങ്ങളുടെയും ( Mental Stress) മോശം ഡയറ്റിന്റെയും ( Poor Diet )വ്യായാമമില്ലായ്മയുടെയും എല്ലാം ഭാഗമായും വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പതിവായി നേരിടുന്നവര്‍ തന്നെയുണ്ട്. 

ഡയറ്റ് മെച്ചപ്പെടുത്തുന്നതിലൂടെയും മാനസിക സമ്മര്‍ദ്ദങ്ങളകറ്റി കായികാധ്വാനം വര്‍ധിപ്പിക്കുന്നതിലൂടെയുമെല്ലാം ഈ പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ജീവിതരീതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഇത്തരത്തില്‍ ജീവിതരീതിയെ മെച്ചപ്പെടുത്തിയെടുക്കുന്നതിലൂടെ തന്നെയാണ് അതിജീവിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

എന്തായാലും ഉദരസംബന്ധമായ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഡയറ്റ് നവീകരിക്കല്‍ തന്നെയാണ്. ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, അതുപോലെ തന്നെ വയറിളക്കവും. 

ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സഹായിക്കുന്നൊരു ഭക്ഷണത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വേറൊന്നുമല്ല ആപ്പിള്‍ ആണ് ഈ ഭക്ഷണം. രണ്ട് വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയാണ് ഒരു ഭക്ഷണം പരിഹാരമായി വരിക എന്ന് സംശയം തോന്നുന്നുണ്ടോ? 

ആപ്പിളില്‍ 64 ശതമാനം 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ഉം 36 ശതമാനം 'സൊല്യൂബള്‍ ഫൈബര്‍'ഉം അടങ്ങിയിരിക്കുന്നു. ഇത് രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. 

ആപ്പിളിന്റെ അകത്ത്, 'സൊല്യൂബള്‍ ഫൈബര്‍' ആണ് അധികവും കാണുന്നത്. അതേസമയം തൊലിയുടെ ഭാഗങ്ങളിലാണെങ്കില്‍ 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ആണ് കൂടുതലും. ഇതില്‍ 'സൊല്യൂബള്‍ ഫൈബര്‍' മലം, 'ജെല്‍' പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെയും ആക്കിത്തീര്‍ക്കുന്നു. ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമായി വരികയാണ് ചെയ്യുന്നത്. 

എന്നാല്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന 'സൊല്യൂബള്‍ ഫൈബര്‍' മലത്തിന്റെ ഘടനയെ സ്വാധീനിക്കുന്നു. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം നേരിടുന്ന സാഹചര്യങ്ങളില്‍ ഇത് സഹായകമാകുന്നു. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ഏറ്റവും സാധാരണമായി കാണുന്ന, വയറുമായി ബന്ധപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ എങ്ങനെയാണ് പരിഹാരമാവുക എന്നത് കണ്ടുവല്ലോ. രണ്ട് തരം ഉദരപ്രശ്‌നങ്ങള്‍ നേരിടുന്നവരും ആപ്പിള്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ വ്യക്തമായില്ലേ? 

Also Read:- ഉദരരോഗങ്ങള്‍ അകറ്റിനിര്‍ത്താം; ഭക്ഷണത്തില്‍ ശ്രദ്ധിക്കാനുള്ളത്...

 

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ; അഞ്ച് പരിഹാരങ്ങള്‍...ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന ( Gas Trouble )അവസ്ഥയും വേദനയുമെല്ലാം നിത്യപ്രശ്‌നമാണോ? എങ്കില്‍ തീര്‍ച്ചയായും ഇവ നിങ്ങളുടെ പതിവുജോലികളെയെല്ലാം ഭാഗികമായെങ്കിലും ബാധിക്കുന്നുണ്ടാകാം ( Daily Life ). ഒരു മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴോ, സമയത്തിന് ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ബാക്കി കിടക്കുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് വലിയ തോതിലുള്ള മാനസിക വിഷമതയും സൃഷ്ടിക്കാം. പല കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഇവയില്‍ പ്രധാനം കഴിക്കാനായി നാം തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിലുള്ള അപാകതകളാകാം... Read More...

click me!