പല കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഇവയില്‍ പ്രധാനം കഴിക്കാനായി നാം തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിലുള്ള അപാകതകളാകാം. അതല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍, ഉറക്കപ്രശ്‌നം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങള്‍ ഗ്യാസ്ട്രബിള്‍ സൃഷ്ടിക്കാം

ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന ( Gas Trouble )അവസ്ഥയും വേദനയുമെല്ലാം നിത്യപ്രശ്‌നമാണോ? എങ്കില്‍ തീര്‍ച്ചയായും ഇവ നിങ്ങളുടെ പതിവുജോലികളെയെല്ലാം ഭാഗികമായെങ്കിലും ബാധിക്കുന്നുണ്ടാകാം ( Daily Life ). ഒരു മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴോ, സമയത്തിന് ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ബാക്കി കിടക്കുമ്പോഴോ, യാത്ര ചെയ്യുമ്പോഴോ എല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് വലിയ തോതിലുള്ള മാനസിക വിഷമതയും സൃഷ്ടിക്കാം.

പല കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഇവയില്‍ പ്രധാനം കഴിക്കാനായി നാം തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിലുള്ള അപാകതകളാകാം. അതല്ലെങ്കില്‍ വയറുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍, ഉറക്കപ്രശ്‌നം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പല ഘടകങ്ങള്‍ ഗ്യാസ്ട്രബിള്‍ സൃഷ്ടിക്കാം. 

ഏറ്റവും പ്രധാനം ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് കഴിക്കാവുന്നതാണ്. എന്നാലിത് എപ്പോഴും പ്രായോഗികമല്ല. ഏതായാലും ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അതിന് ആശ്വാസം പകരുന്ന ചില പരിഹാരങ്ങള്‍ കൂടി ഒന്ന് അറിയാം. 

ഒന്ന്...

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുമ്പോള്‍ ആശ്വാസം ലഭിക്കാനായി വയറ്റില്‍ മസാജ് ചെയ്യാവുന്നതാണ്. ഇത് ഗ്യാസ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഈ മസാജ് കൃത്യമായ രീതിയില്‍ തന്നെ വേണം ചെയ്യാന്‍. വലത്തേ ഇടുപ്പെല്ലിന് മുകളിലായി കൈ വച്ച ശേഷം വൃത്താകൃതിയില്‍ അമര്‍ത്താതെ മസാജ് ചെയ്ത് നെഞ്ചിന്‍കൂടിനടുത്തേക്ക് എത്തിക്കണം. ഇതാണ് ചെയ്യേണ്ട രീതി. ഇതുതന്നെ ആവര്‍ത്തിച്ച് ചെയ്യാവുന്നതാണ്. 

രണ്ട്...

ഇളം ചൂടുവെള്ളത്തില്‍ അല്‍പനേരമെടുത്തുള്ള ഒരു കുളി പാസാക്കിയാലും ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയ്ക്ക് ആക്കം ലഭിക്കും. ചൂടുവെള്ളത്തിലെ കുളി മാനസികസമ്മര്‍ദ്ദങ്ങള്‍ അകറ്റുന്നതിനും സഹായകമാണ്. ആകെ ശരീരത്തിന് സുഖം നല്‍കുന്നതിന് ഇത് സഹായിക്കും.

മൂന്ന്...

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്ന അവസ്ഥ ഇടവിട്ട് സംഭവിക്കുന്നുണ്ടെങ്കില്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഡയറ്റ് പ്രത്യേകം ശ്രദ്ധിക്കുക. ഇതിനൊപ്പം തന്നെ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സ്ത്രീകള്‍ക്കാണെങ്കില്‍ ദിവസം 25 ഗ്രാം ഫൈബര്‍, പുരുഷന്മാര്‍ക്കാണെങ്കില്‍ 38 ഗ്രാം ഫൈബര്‍ എന്നിങ്ങനെയാണ് കഴിക്കേണ്ട അളവ്. 

നാല്...

വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ആദ്യം ഇതിനായി വെള്ളം കുടിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കണം. ഇതിന് പുറമെ നേന്ത്രപ്പഴം, ജീരകം, യോഗര്‍ട്ട് പോലുള്ളവയും കഴിക്കാം. 

അഞ്ച്...

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ പരിഹരിക്കാന്‍ ലഘുവായ വ്യായാമങ്ങളും ചെയ്യാവുന്നതാണ്. നടത്തം, യോഗ പോലുള്ളവ ഇതിനുദാഹരണമാണ്. വയറിലേ പേശികള്‍ മുറുകുകയും 'റിലാക്‌സ്' ആകുകയും ചെയ്യുന്നതോടെ ഗ്യാസ് പുറന്തള്ളപ്പെടാം. ഒരിക്കലും കഠിനമായ വര്‍ക്കൗട്ടുകള്‍ ഇതിനായി ആശ്രയിക്കരുത്. 

Also Read:- എപ്പോഴും വയറിന് പ്രശ്‌നമാണോ? അറിയേണ്ട കാര്യങ്ങള്‍...