Latest Videos

മരണം 'ലൈവ്' ആയി കാണിക്കാന്‍ കഴിയില്ല; ഖേദമറിയിച്ച് ഫേസ്ബുക്ക്...

By Web TeamFirst Published Sep 7, 2020, 4:08 PM IST
Highlights

ഹൃദയധമനികള്‍ ഒട്ടിച്ചേര്‍ന്നുപോകുന്ന അസുഖമാണ് അലൈന്. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാരും വിധിയെഴുതിയിരുന്നു. അതിനാല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് ശേഷം സമാധാനപരമായ മരണത്തിന്റെ ഔദാര്യം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദയാവധത്തിനായി അലൈന്‍ സര്‍ക്കാരിനെ സമീപിച്ചു

വര്‍ഷങ്ങളായി അപൂര്‍വ്വരോഗത്തോട് മല്ലിട്ട് കഴിയുന്ന അലൈന്‍ കോക്ക് എന്ന ഫ്രാന്‍സുകാരന്റെ അവസാനത്തെ ആഗ്രഹത്തിനും നിയമത്തിന്റെ വിലക്ക്. മുപ്പത്തിനാല് വര്‍ഷത്തോളമായി സര്‍ജറികളും ചികിത്സയും വേദനയുമായി കിടക്കയില്‍ തന്നെയാണ് അലൈന്‍. 

ഹൃദയധമനികള്‍ ഒട്ടിച്ചേര്‍ന്നുപോകുന്ന അസുഖമാണ് അലൈന്. ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍മാരും വിധിയെഴുതിയിരുന്നു. അതിനാല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് ശേഷം സമാധാനപരമായ മരണത്തിന്റെ ഔദാര്യം തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ദയാവധത്തിനായി അലൈന്‍ സര്‍ക്കാരിനെ സമീപിച്ചു.

എന്നാല്‍ അലൈന്റ് ആവശ്യം നിയമത്തിന്റെ കുരുക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍ തള്ളി. ഇതിന് പിന്നാലെ, തന്റെ മരണം സോഷ്യല്‍ മീഡിയയിലൂടെ ലൈവായി കാണിക്കുമെന്ന് പറഞ്ഞുകൊണ്ട് അലൈന്‍ രംഗത്തെത്തുകയായിരുന്നു. ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ഇദ്ദേഹത്തിന് ആയുസുള്ളൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

അതനുസരിച്ച് തന്റെ മരുന്നുകളും ഭക്ഷണവുമെല്ലാം അലൈന്‍ നിര്‍ത്തിയിരിക്കുകയാണ്. ഇനി മരണമാണ് വരാനുള്ളത്. തന്നെപ്പോലെ ഒരാള്‍ എത്രമാത്രം കഷ്ടതകള്‍ അനുഭവിച്ചാണ് മരിക്കുകയെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. അങ്ങനെയെങ്കിലും ദയാവധത്തിനെതിരായ നിയമങ്ങള്‍ മാറട്ടെ എന്നായിരുന്നു അലൈന്‍ അറിയിച്ചിരുന്നത്. 

എന്നാല്‍ മരണം 'ലൈവ്' ആയി കാണിക്കാനുള്ള അലൈന്റെ ആഗ്രഹത്തോടൊപ്പം നില്‍ക്കാനാകില്ലെന്ന് ഇപ്പോള്‍ ഫേസ്ബുക്കും അറിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥയില്‍ ദുഖം രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ മരണം പ്രദര്‍ശിപ്പിക്കുന്ന തരത്തിലൊരു തീരുമാനത്തെ അംഗീകരിക്കാനാകില്ല. അത് ആത്മഹത്യാപ്രവണതയ്ക്ക് ആക്കം കൂട്ടുന്നത് പോലെ തന്നെ നിയമവിരുദ്ധമായ കൂട്ടുനില്‍ക്കലാണെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.

Also Read:- ദയാവധം തള്ളി; മരണം ലൈവായി ഫേസ്ബുക്കിലൂടെ കാണിക്കാന്‍ അമ്പത്തിയേഴുകാരന്‍...

click me!