Asianet News MalayalamAsianet News Malayalam

ദയാവധം തള്ളി; മരണം ലൈവായി ഫേസ്ബുക്കിലൂടെ കാണിക്കാന്‍ അമ്പത്തിയേഴുകാരന്‍...

തങ്ങളെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍, ജീവിതം, മരണം എല്ലാം എങ്ങനെ കടന്നുപോകുന്നുവെന്ന് മറ്റുള്ളവര്‍ മനസിലാക്കണം. ഒരാശ്വാസമാകാന്‍ കഴിയുമെങ്കില്‍ നിയമത്തിന്റെ സഹായവും തങ്ങള്‍ക്ക് നല്‍കണം. അതിന് നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. തന്നാലാകുന്ന ഒരു ചുവടുവയ്പ് ഇതിനായി നടത്തണമെന്നും അലൈന് തോന്നി

man prepares to live stream his death after government rejects his euthanasia plea
Author
France, First Published Sep 4, 2020, 5:54 PM IST

ഹൃദയധമനികള്‍ ഒട്ടിച്ചേര്‍ന്നുപോകുന്ന അപൂര്‍വ്വമായ രോഗാവസ്ഥയാണ് ഫ്രാന്‍സുകാരനായ അലൈന്‍ കോക്ക് അനുഭവിക്കുന്നത്. ഇനിയൊരിക്കലും ജീവിതത്തിലേക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എങ്കില്‍പ്പിന്നെ വേദനയില്ലാതെ എത്രയും പെട്ടെന്ന് മരണത്തിലേക്ക് സ്വയം നടന്നുകയറിയാലെന്താണ് എന്നായി പിന്നീടിങ്ങോട്ട് അലൈന്റെ ചിന്ത. 

അങ്ങനെ അമ്പത്തിയേഴുകാരനായ അലൈന്‍ ദയാവധത്തിന് അപേക്ഷ നല്‍കി. എന്നാല്‍ നിയമം അത് അനുവദിക്കുന്നില്ലെന്ന് കാണിച്ച്, ക്ഷമാപണത്തോടെയും സ്‌നേഹാന്വേഷണങ്ങളോടെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രണ്‍ അലൈന് മറുപടി നല്‍കി. 

അതോടെ ദയവാധം എന്ന 'പ്രതീക്ഷ' അലൈന് നഷ്ടമായി. അവസാന നിമിഷം വരെയും വേദന തിന്ന്, യാതനയനുഭവിച്ച് മരിച്ചുപോകുവാനാണ് തന്റെ ദുര്‍വിധിയെന്നാണ് അലൈന്‍ പറയുന്നത്. പരാതിയില്ല, എങ്കിലും തങ്ങളെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍, ജീവിതം, മരണം എല്ലാം എങ്ങനെ കടന്നുപോകുന്നുവെന്ന് മറ്റുള്ളവര്‍ മനസിലാക്കണം. 

ഒരാശ്വാസമാകാന്‍ കഴിയുമെങ്കില്‍ നിയമത്തിന്റെ സഹായവും തങ്ങള്‍ക്ക് നല്‍കണം. അതിന് നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. തന്നാലാകുന്ന ഒരു ചുവടുവയ്പ് ഇതിനായി നടത്തണമെന്നും അലൈന് തോന്നി. 

ഇനി ദിവസങ്ങള്‍ മാത്രമാണ് അലൈന് ആയുസുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ദയാവധത്തിനുള്ള അപേക്ഷ തള്ളിയതോടെ മരുന്നും ഭക്ഷണവുമെല്ലാം വേണ്ടെന്ന് വച്ചിരിക്കുകയാണ് അലൈന്‍. അതിനാല്‍ മരണം അല്‍പം കൂടി നേരത്തേയാക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 

തന്നെപ്പോലെ കിടക്കയില്‍ കിടന്നുകൊണ്ട് മരണത്തിനെ പതിയെ ഉള്‍ക്കൊള്ളേണ്ടിവരുന്നവരുടെ വേദന ലോകത്തിന് മനസിലാക്കിക്കൊടുക്കാന്‍ തന്റെ മരണം ഫേസ്ബുക്കിലൂടെ ലൈവായി കാണിക്കാനാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ തീരുമാനം. ശനിയാഴ്ച രാവിലെ മുതല്‍ ലൈവ് ആംരംഭിക്കുമെന്നാണ് അലൈന്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് നിയമപരമായി അനുവദനീയമാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഇത് കണ്ടെങ്കിലും ജനമനസുകളില്‍ മാറ്റത്തിന്റെ തരംഗമുണ്ടാകട്ടേയെന്നും ദയയുടെ പരിഗണന നിയമത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ തന്റെ മരണം ഒരു കാരണമാകട്ടേയെന്നുമാണ് അലൈന്‍ ആഗ്രഹിക്കുന്നത്.

Also Read:- നട്ടെല്ലിന് വളവുള്ളതിന്റെ പേരിൽ ദയാവധത്തിന്റെ വക്കിലെത്തിയ പിറ്റോ അവിടെ നിന്ന് നടന്നത് സ്വൈരജീവിതത്തിലേക്ക്...

Follow Us:
Download App:
  • android
  • ios