എപ്പോഴും ക്ഷീണമോ? എങ്കില്‍ ശ്രദ്ധിക്കണം

By Web TeamFirst Published Dec 22, 2019, 8:38 PM IST
Highlights

എപ്പോഴും ക്ഷീണം തോന്നാറുണ്ടോ. പലപ്പോഴും അസുഖങ്ങളുടെ പൊതുവായ ലക്ഷണമാണ് ക്ഷീണമെന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ ശ്രദ്ധിക്കുക...

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല എന്ന് പറയുന്ന നിരവധി പേരുണ്ട്. ക്ഷീണത്തിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഒരുപക്ഷെ നിസ്സാരമാകാം. ചിലപ്പോള്‍ ഗുരുതരരോഗങ്ങളുടെ മുന്നറിയിപ്പുമാകാം. കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്.  

പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വരുന്നതോ ആവശ്യത്തിന് വിശ്രമത്തിനോ ഭക്ഷണത്തിനോ ശേഷവുമൊക്കെ തുടരുന്ന ക്ഷീണമാണെങ്കിൽ ശ്രദ്ധിക്കണം. വിട്ടുമാറാത്ത ക്ഷീണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

വിളർച്ച...

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച. പല കാരണങ്ങള്‍കൊണ്ടും വിളര്‍ച്ച ഉണ്ടാകാം. രക്തസ്രാവം, ആവശ്യത്തിന് ചുവന്നരക്താണുക്കള്‍ ഉണ്ടാകാതെ വരിക, രക്താണുക്കളുടെ അസ്വാഭാവിക നാശം തുടങ്ങിയവയാണ് വിളര്‍ച്ചയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങള്‍. അള്‍സര്‍, അമിതാര്‍ത്തവം ഇവ മൂലമുള്ള രക്തനഷ്ടം വിളര്‍ച്ചയ്ക്കും കടുത്ത ക്ഷീണത്തിനും ഇടയാക്കും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ച സാധാരണയായി ഉണ്ടാകുന്നത്. ചെറിയ കുട്ടികളിലും കൗമാരക്കാരിലും ഇരുമ്പിന്റെ ആവശ്യകത വളരെ കൂടുതലാണ്.

നിർജ്ജലീകരണം...

ചൂടുകാലത്ത്, ആവശ്യത്തിന് വെള്ളം കുടിക്കാത്ത സമയങ്ങളിലും ഉണ്ടാകുന്ന ക്ഷീണത്തിന്റെ പ്രധാനകാരണം നിര്‍ജ്ജലീകരണമാണ്. നിർജലീകരണത്തിന്റെ ആദ്യ ലക്ഷണം തന്നെ ക്ഷീണവും തളർച്ചയുമാണ്. പിന്നെയും വെള്ളം കുടിച്ചില്ലെങ്കിൽ മിക്കവാറും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്‍റെ അളവുകുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്‍റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. 

പ്രമേഹം...

 ക്ഷീണവും തളര്‍ച്ചയും ഭാരക്കുറവുമെല്ലാം പ്രമേഹം കാരണമുണ്ടാവുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടും വരാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിക്കപ്പുറം കൂടുന്നതും കുറയുന്നതും പ്രമേഹരോഗിക്ക് ക്ഷീണമുണ്ടാകും. പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങുമ്പോൾ ക്ഷീണമനുഭവപ്പെടാനുള്ള സാധ്യതയും കൂടും. കൂടാതെ പ്രമേഹരോഗം ബാധിക്കുമ്പോള്‍ ചിലരിലുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കങ്ങളും ക്ഷീണത്തിനിടയാക്കാം. 

ഉറക്കമില്ലായ്മ...

 ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. കുട്ടികൾക്കതിലധികവും. കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ സുഖമായ ആഴത്തിലുള്ള ഉറക്കത്തിനായി സജ്ജമാക്കുക. സ്ലീപ് അപ്നിയ സിൻഡ്രമെന്ന ഉറക്കത്തിനിടയിലെ ശ്വാസതടസമുള്ളവർക്ക് ഉറങ്ങിയെന്ന് തോന്നിയാലും ക്ഷീണം അമിതമായിരിക്കും. 

 കരള്‍രോഗങ്ങള്‍

മഞ്ഞപ്പിത്തം, മദ്യപാനം, പാരമ്പര്യം മൂലമുള്ള കരള്‍രോഗങ്ങള്‍ എല്ലാംതന്നെ കടുത്ത ക്ഷീണത്തിനിടയാക്കാറുണ്ട്. ഛര്‍ദി, ഓക്കാനം ഇവയോടൊപ്പം ക്ഷീണംകൂടി ഉണ്ടാകുമ്പോള്‍ കരള്‍രോഗി തീര്‍ത്തും അവശനാകുന്നു. സിറോസിസ് പോലുള്ള ഗുരുതരമായ കരൾരോഗവും അതിന്റെ ഭാഗമായ പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍ മൂലം അളവില്ലാതെ രക്തം ഛര്‍ദിക്കുന്നതും വിളര്‍ച്ചയ്ക്കും തത്ഫലമായി ക്ഷീണം അധികരിക്കാനും ഇടയാക്കിയേക്കും.
 

click me!