മാരകമായ നാല് ക്യാന്‍സറുകള്‍; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങള്‍...

By Web TeamFirst Published Dec 21, 2019, 7:59 PM IST
Highlights

ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു.

ക്യാന്‍സര്‍ എത്രത്തോളം മാരകമായ അസുഖമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്‌ത്രം ഏറെ പുരോഗതി കൈവരിച്ചുകഴിഞ്ഞു. മാരകമായ ചില ക്യാന്‍സര്‍ രോഗങ്ങളും അവയുടെ ലക്ഷണങ്ങളും നോക്കാം.

ഒന്ന്...

ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. അമേരിക്കന്‍ ജേണല്‍ ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ബ്ലഡ് ക്യാന്‍സറിന്‍റെ ഏറ്റവും പ്രാരംഭമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. വിളര്‍ച്ച, ക്ഷീണം എന്നിവയുണ്ടാകാം. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതാണ്  കാരണം. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഇതേ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.

2. ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്.

3. ലുക്കീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണിത്. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

4. വായ്, മുക്ക് എന്നിവയില്‍നിന്നും മൂത്രം, മലം എന്നിവയില്‍ക്കൂടിയും രക്തം വരുന്നത് ലുക്കീമിയയുടെ പ്രാരംഭ ലക്ഷണമായിരിക്കാം.

5. ലുക്കീമിയയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്നാണ് പനി. പെട്ടെന്ന് ശരീരത്തിലെ ഊഷ്‌മാവ് ഇടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നത് ഏതെങ്കിലുംതരത്തിലുള്ള അണുബാധയുടെ ലക്ഷണമാണ്. ഇതേതരത്തിലാണ് രക്താര്‍ബുദ ലക്ഷണമായ പനിയും കണ്ടുവരുന്നത്. ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിന് സമാനലക്ഷണങ്ങളെല്ലാം ലുക്കീമിയ പിടിപെടുമ്പോഴും തുടക്കത്തില്‍ കണ്ടുവരാറുണ്ട്.

6. നല്ല തണുത്ത കാലാവസ്ഥയിലും ഉറക്കത്തില്‍ നന്നായി വിയര്‍ക്കുന്നത് ലുക്കീമിയയുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഇതുവരെ വിശദീകരിക്കാന്‍ ഡോക്‌ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ല.

7. പെട്ടെന്ന് ശരീരഭാരം അമിതമായി കുറയുന്നതും രക്താര്‍ബുദത്തിന്‍റെ ലക്ഷണമാകാം. 

8. ഇടയ്‌ക്കിടെ ശരീരത്തില്‍ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.

രണ്ട്...

ക്യാന്‍സര്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണം. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍ , വ്യായാമമില്ലാത്ത ജീവിതശൈലി , അമിതവണ്ണം, പുകവലി , മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണ് എന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സോസൈറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. മധ്യവയസ് കഴിഞ്ഞവരിലാണ് മലാശയ അര്‍ബുദം കണ്ടുവരുന്നത്. 

 ലക്ഷണങ്ങള്‍... 

സാധാരണ രീതിയില്‍ മലബന്ധമാണ് പ്രധാന ലക്ഷണം. ഒപ്പം മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക , വിശപ്പില്ലായ്മ , ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം , തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം. 

ഈ ലക്ഷണങ്ങള് കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട. എന്നാല്‍ ഡോക്ടറെ ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഒരു പ്രായം പിന്നിടുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്. 

മൂന്ന്....

അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്. പ്രത്യേകിച്ച്  ഇന്ന് പുരുഷന്മാരില്‍ ഇതു വ്യാപകമായി കണ്ടുവരുന്നുണ്ട്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം. തൊണ്ടയില്‍ ക്യാന്‍സറിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം.

5-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക.  ഭക്ഷണം ഇറക്കാന്‍ പ്രയാസം തോന്നുക, ഒരാഴ്ചയില്‍ കൂടുതലുള്ള ചുമ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്.

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക, മരുന്നുകള്‍ കഴിച്ച ശേഷവും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ കുറഞ്ഞില്ലെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക. തൊണ്ടയിലുണ്ടാകുന്ന മുഴകളും വീര്‍പ്പും പ്രത്യേകം ശ്രദ്ധിക്കണം. 

നാല്...

തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്കിന്‍ ക്യാന്‍സര്‍.  സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌ ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം. 

ചര്‍മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകൾ, ചർമ്മത്തിൽ വ്രണം,  രക്തസ്രാവം,  ത്വക്കിൽ രൂപമാറ്റം, സമചതുര ചർമ്മമേഖലകൾ പരിശോധിക്കുമ്പോൾ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയിൽ  വ്യത്യാസം,  നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍,  മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക,  പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍,  ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ ക്യാന്‍സര്‍ രോഗങ്ങള്‍ പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. 

 


 

click me!