
ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറ് എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്താതിമർദ്ദം. പലപ്പോഴും മരുന്നുകൾ നിർദ്ദേശിക്കപ്പെടാറുണ്ടെങ്കിലും ഭക്ഷണക്രമം ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയും. സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ച് കാർഡിയോളജിസ്റ്റായ ഡോ. സഞ്ജയ് ഭോജ്‌രാജ് പറയുന്നു.
അവാക്കാഡോ
രക്തസമ്മർദ്ദ നിയന്ത്രണത്തിന് അത്യാവശ്യമായ രണ്ട് ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തക്കുഴലുകളിലെ ആയാസം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. സലാഡുകൾ, സ്മൂത്തികൾ, അല്ലെങ്കിൽ ഒരു സ്പ്രെഡ് ആയി ദൈനംദിന ഭക്ഷണത്തിൽ അവാക്കാഡോ കഴിക്കുന്നതിലൂടെ സ്വാഭാവികമായും രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയും.
വാഴപ്പഴം
വാഴപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇതിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുകയും ഹൃദയ സിസ്റ്റത്തിലെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഇലക്കറികൾ
ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ഒടുവിൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ വിവിധ ഇലക്കറികൾ ഭക്ഷണത്തിൽ ചേർക്കുക
വെളുത്തുള്ളി
അല്ലിസിൻ പോലുള്ള വെളുത്തുള്ളി സംയുക്തങ്ങൾ രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് കാലക്രമേണ രക്തസമ്മർദ്ദം കുറയ്ക്കും.