Cancer Inducing Foods : അറിയാം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങളെ കുറിച്ച്...

By Web TeamFirst Published May 16, 2022, 11:04 AM IST
Highlights

നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ പിഴവുകള്‍ മൂലവും പില്‍ക്കാലത്ത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഇത് എല്ലാവരിലും എല്ലായ്‌പോഴും സംഭവിക്കുന്നു എന്നല്ല, മറിച്ച് സാധ്യതകളെ വര്‍ധിപ്പിക്കുന്നു എന്നതാണ്
 

അര്‍ബുദം അഥവാ ക്യാന്‍സര്‍ രോഗം ( Cancer Disease ) എന്തുകൊണ്ടാണ് ബാധിക്കുന്നത് എന്ന ചോദിച്ചാല്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ല. ജനിതകമായ കാരണങ്ങള്‍ തൊട്ട് പാരിസ്ഥിതികമായ കാരണങ്ങള്‍ വരെ പലതും ഇതില്‍ ഘടകമായി വരാറുണ്ട്. എങ്കിലും ജീവിതരീതികള്‍ക്കുള്ള പങ്ക് ( Lifestyle Mistakes) വളരെ പ്രധാനമാണ്. 

അതായത് നാം കഴിക്കുന്ന ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ പിഴവുകള്‍ മൂലവും പില്‍ക്കാലത്ത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഇത് എല്ലാവരിലും എല്ലായ്‌പോഴും സംഭവിക്കുന്നു എന്നല്ല, മറിച്ച് സാധ്യതകളെ വര്‍ധിപ്പിക്കുന്നു എന്നതാണ്. 

അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന നാല് തരം ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തീര്‍ച്ചയായും ഡയറ്റിലെ കരുതല്‍ ക്യാന്‍സര്‍ മാത്രമല്ല, മറ്റ് പല രോഗങ്ങളെയും ചെറുക്കാനും ദീര്‍ഘകാലത്തേക്ക് ആരോഗ്യത്തോടെ തുടരാനും സഹായിക്കും. ഇനി ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളിലേക്ക്...

ഒന്ന്...

ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍: വിവിധ ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നൊരു കൊഴുപ്പാണിത്. ഇത് പതിവായി കഴിക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും മോശമായ കൊഴുപ്പാണേ്രത ഇതിലടങ്ങിയിരിക്കുന്നത്. ഇത് ക്യാന്‍സര്‍ സാധ്യത മാത്രമല്ല ഹൃദ്രോഗ സാധ്യതയും വര്‍ധിപ്പിക്കുന്നുവത്രേ. 

രോഗപ്രതിരോധ ശേഷി ക്രമേണ കുറയ്ക്കുന്നതിനും ഇത് കാരണമാകാമെന്ന് പഠനം പറയുന്നു. കേക്കുകള്‍, പേസ്ട്രികള്‍, ബിസ്‌കറ്റുകള്‍ തുടങ്ങിയ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന പല കൊഴുപ്പും ഇത്തരത്തില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്ന് 'ദ വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ട്' നേരത്തേ തന്നെ തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

രണ്ട്...

ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണം: നാം പാചകം ചെയ്ത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഉപ്പ് മാത്രമേ ചേര്‍ക്കാറുള്ളൂ അല്ലേ? എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍- അല്ലെങ്കില്‍ പ്രോസസ്ഡ് ഭക്ഷണസാധനങ്ങള്‍ എന്നിവയില്‍ കാര്യമായ അളവില്‍ തന്നെ ഉപ്പ് അടങ്ങിയിരിക്കും. ഇവ പതിവായി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. 

അധികവും ആമാശയ അര്‍ബുദമാണത്രേ ഇതുണ്ടാക്കുക. പതിവായി അകത്തെത്തുന്ന ഉപ്പ് ആമാശയത്തിന്റെ പുറം പാളികളെ തകര്‍ക്കുകയും ഇത് ക്രമേണ അര്‍ബുദത്തിലേക്ക് നയിക്കുകയുമാണേ്രത ചെയ്യുക. ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം (ബിപി) ഉയരുന്നതിനും കാരണമാകുന്നു. ഇത് ഹൃദയത്തെയും ദോഷകരമായി ബാധിക്കാം. 

മൂന്ന്...

റിഫൈന്‍ഡ് ഷുഗര്‍ : പ്രകൃത്യാ ഉള്ള മധുരത്തിന് പുറമെ പല ഭക്ഷണസാധനങ്ങളിലും 'പ്രോസസ്' ചെയ്ത മധുരമായ 'റിഫൈന്‍ഡ് ഷുഗര്‍' ചേര്‍ക്കാറുണ്ട്. ഇതും കാലക്രമേണ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിന് പുറമെ അമിതവണ്ണം, ഷുഗര്‍, ഹൃദ്രോഗം എന്നിവയ്ക്കും റിഫൈന്‍ഡ് ഷുഗര്‍ ഉപയോഗം കാരണമാകുന്നു. 

നാല്...

പ്രോസസ്ഡ് പൊടികള്‍ : നമ്മള്‍ ബേക്കറികളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കുന്ന പല ഭക്ഷണങ്ങളിലും ചേര്‍ത്തിരിക്കുന്നത് പ്രോസസ്ഡ് പൊടികളാണ്. ബ്രഡ്, പേസ്ട്രികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ഇത്തരം പൊടികള്‍ക്ക് വെളുത്ത നിറം ലഭിക്കുന്നതിന് വേണ്ടി ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നതാണ് ആരോഗ്യത്തിന് വെല്ലുവിളിയാകുന്നത്. 

രക്തത്തില്‍ ഷുഗര്‍നില ഉയരുന്നതിനും ഈ പൊടികളുടെ പതിവ് ഉപയോഗം കാരണമാകുന്നു. ഇതോടെ പ്രമേഹവും പിടിപെടാം. മലാശയ ക്യാന്‍സര്‍, വൃക്ക ക്യാന്‍സര്‍ എന്നിവയാണ് ഇതുമൂലം പിടിപെടാന്‍ സാധ്യതകളേറെയുള്ളത്.

Also Read:- കയ്യിൽ ചെറിയ പുള്ളികൾ കാണാൻ തുടങ്ങി, ശരീരം മുഴുവനും വ്യാപിച്ചു, പരിശോധനയിൽ ബ്ലഡ് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചു

click me!