'സിദ്ദിഖ് മദ്യപിക്കില്ല, പുകവലിക്കില്ല'; സിദ്ദിഖിന്‍റെ ജീവൻ കവര്‍ന്ന രോഗം...

Published : Aug 09, 2023, 06:14 PM IST
'സിദ്ദിഖ് മദ്യപിക്കില്ല, പുകവലിക്കില്ല'; സിദ്ദിഖിന്‍റെ ജീവൻ കവര്‍ന്ന രോഗം...

Synopsis

സിനിമയില്‍ സജീവമായ കാലം മുതല്‍ തന്നെ സിദ്ദിഖ് മദ്യപിക്കാറില്ലെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹവുമായി അടുപ്പമുള്ളവരുമെല്ലാം അറിയിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഇവര്‍ പറയുന്നു. 

മലയാളത്തിന്‍റെ പ്രിയ സംവിധായകൻ സിദ്ദിഖ് വിട വാങ്ങിയതിന്‍റെ വേദനയിലാണ് മലയാള സിനിമാലോകവും സിനിമാസ്വാദകരുമെല്ലാം. ഇന്നലെയാണ് സിദ്ദിഖിന്‍റെ വിയോഗവാര്‍ത്ത അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തരും ഔദ്യോഗികമായി അറിയിച്ചത്. 

സിദ്ദിഖിന്‍റെ മരണവാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും അദ്ദേഹം, കടുത്ത മദ്യപാനിയാണ്- അതിനാല്‍ കരള്‍ ബാധിക്കപ്പെട്ടതോടെയാണ് മരണമുണ്ടായത് എന്ന തരത്തില്‍ വാദിക്കുന്നുണ്ട്. എന്നാലീ വാദങ്ങളില്‍ സത്യമില്ലെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സിനിമയില്‍ സജീവമായ കാലം മുതല്‍ തന്നെ സിദ്ദിഖ് മദ്യപിക്കാറില്ലെന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹവുമായി അടുപ്പമുള്ളവരുമെല്ലാം അറിയിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഇവര്‍ പറയുന്നു. 

'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമാണ് അദ്ദേഹത്തെ ബാധിച്ചത്. ജീവിതത്തിലൊരിക്കലും സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആളാണ് സിദ്ദിഖ്. അദ്ദേഹത്തിന്‍റെ ഡോക്ടറുമായി ഞാൻ ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ചതാണ്, അന്ന് അദ്ദേഹം- കരള്‍ മാറ്റി വച്ചാല്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ പങ്കുവച്ചതാണ്. പക്ഷേ ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്...'- മുകേഷ് പറയുന്നു.

'ഒരു സ്വഭാവ ദൂഷ്യങ്ങളും ഇല്ലാത്ത മനുഷ്യനാണ് ഈ അസുഖം പിടിപെട്ടിരിക്കുന്നത്. അത് സ്വപ്നത്തില്‍ പോലും ഞങ്ങളാരും വിചാരിച്ചിട്ടില്ല. ജീവിതത്തില്‍ എപ്പോഴും നിയന്ത്രണങ്ങള്‍ പാലിക്കുന്നൊരാളായിരുന്നു സിദ്ദിഖ്...'- ജയറാമിന്‍റെ പ്രതികരണം. 

'സിനിമാക്കാര്‍ക്ക് കരളിന് അസുഖം വന്നാല്‍ എപ്പോഴും ആളുകള്‍ പറയും വഴിവിട്ട ജീവിതം മൂലമാണെന്ന്. എന്നാല്‍ സിദ്ദിഖ് എന്‍റെ അറിവില്‍ മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ഒന്നും ചെയ്യാത്ത ആളാണ്. ഒരു ചീത്ത സ്വഭാവവും ഉള്ളയാളല്ല. അതുകൊണ്ട് അദ്ദേഹത്തിന് ഇങ്ങനെ വരും എന്ന് ആരും ചിന്തിച്ചില്ല...'- മണിയൻ പിള്ള രാജു പറയുന്നു.

കരള്‍ രോഗവും മദ്യപാനവും...

ആരെങ്കിലും കരള്‍രോഗത്തെ തുടര്‍ന്ന് മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും അത് മദ്യപാനം തന്നെ എന്ന ഉറപ്പിലേക്ക് ചിലര്‍ എളുപ്പത്തില്‍ എത്താറുണ്ട്. ഇതൊരുപക്ഷേ ഈ വിഷയത്തിലുള്ള അറിവില്ലായ്മയും ആകാം. ഫാറ്റി ലിവര്‍- അല്ലെങ്കില്‍ ലിവര്‍ സിറോസിസ് രോഗം ഒക്കെ  മദ്യപിക്കാത്തവരെയും ഏറെ ബാധിക്കാറുണ്ട്.

അമിത മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗത്തെ- 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' രോഗം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം മദ്യപാനം മൂലമല്ലാതെ പിടിപെടുന്നതിനെ 'നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' രോഗം എന്നുമാണ് വിശേഷിപ്പിക്കുന്നത്. മെഡിക്കലി തന്നെ ഇത്തരത്തില്‍ ഫാറ്റി ലിവര്‍ രോഗത്തിനെ രണ്ടായി തരം തിരിച്ചിട്ടുള്ളതാണ്. 

ഈ അടുത്തായി എയിംസ് (ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്' നടത്തിയൊരു പഠനത്തിന്‍റെ ഫലം പറയുന്നത് ഇന്ത്യയില്‍ 38 ശതമാനം പേര്‍ക്കും 'നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' രോഗം പിടിപെട്ടിട്ടുണ്ട് എന്നാണ്. വലിയൊരു ശതമാനം കുട്ടികളെയും ഈ രോഗം കടന്നുപിടിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അമിതവണ്ണം, കൊളസ്ട്രോള്‍, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പല ഘടകങ്ങളും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിക്കാം. കൃത്യമായ കാരണം കണ്ടെത്തുക സാധ്യമല്ല. ആദ്യഘട്ടങ്ങളാണെങ്കില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അത്രക്കൊരു ഭീഷണി ഉയര്‍ത്തുന്നതല്ല. എന്നാല്‍ അല്‍പം ഗുരുതരമാകുന്ന അവസ്ഥ- ഭയപ്പെടേണ്ടതാണ്. കാരണം ലിവര്‍ സിറോസിസിലേക്ക് ഇത് പെട്ടെന്ന് വഴി മാറാം. അങ്ങനെ സംഭവിച്ചാല്‍ രോഗിയുടെ ജീവൻ തന്നെ പണയത്തിലാകും. 

അതുപോലെ തന്നെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പരിപൂര്‍ണമായി ചികിത്സയിലൂടെ ഭേദപ്പെടുത്തുകയും സാധ്യമല്ല. എന്നാല്‍ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിതരീതികളിലൂടെയും രോഗത്തോട് ഫലപ്രദമായി പോരാടാൻ സാധിക്കും.

സിദ്ദിഖിന് സംഭവിച്ചത്...

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആയിരുന്നു സംവിധായകൻ സിദ്ധീഖിനെ ബാധിച്ച രോഗം. രോഗം മൂര്‍ച്ഛിച്ചതോടെ കരള്‍ മാറ്റി വയ്ക്കണമെന്ന അവസ്ഥ വരെയായി. കരള്‍ പകുത്തുനല്‍കാൻ മകള്‍ തയ്യാറായിരുന്നുവെന്നും കരള്‍ മാറ്റി വയ്ക്കലിനുള്ള ഒരുക്കങ്ങള്‍ ഇവര്‍ നടത്തിയിരുന്നു എന്നുമാണ് അറിയുന്നത്. എന്നാലിതിന് കാത്തുനില്‍ക്കാതെ പ്രിയസംവിധായകൻ വിടവാങ്ങുകയായിരുന്നു. 

കരള്‍രോഗബാധിതനായി ആശുപത്രിയില്‍ കഴിയവെ തന്നെ സിദ്ദിഖിനെ ന്യുമോണിയ ബാധിച്ചു. ഇതോടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനവും പ്രശ്നത്തിലായി. പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കണ്ടിരുന്നതാണ്. പക്ഷേ ഇതിനിടെയുണ്ടായ മാസിവ്   ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. 

ഇക്കാര്യങ്ങളെല്ലാം സിദ്ദിഖിന്‍റെ മരണശേഷം കൊച്ചി അമൃത ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 

Also Read:- 'എന്തിനാണ് മകളോട് ഇങ്ങനെ പെരുമാറുന്നത്'; ഐശ്വര്യ റായ്ക്കെതിരെ ട്രോളുകളും വിമര്‍ശനവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം