
കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ മുന്‍കരുതലുകളെക്കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കേരളത്തില്‍ ഇതുവരെ 22 കേസുകളാണ് കൊവിഡ് 19 സ്ഥിരീകരിച്ച് വന്നത്. ഇതില്‍ മൂന്ന് പേരുടെ രോഗം ഭേദമായതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബാക്കി 19 പേരും ചികിത്സയില്‍ തുടരുന്നുണ്ട്.
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം മുതല്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് മന്ത്രി കെ കെ ഷൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം പലവട്ടം കൃത്യമായി വ്യക്തത വരുത്തിയിട്ടുണ്ടെങ്കിലും അവ വീണ്ടും ഉറപ്പിക്കുകയെന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ കടമ തന്നെയാണ്.
Also Read:- കൊവിഡ് 19; 5000 കുപ്പി വ്യാജ സാനിറ്റൈസര്‍ പിടിച്ചു...
ഇടവിട്ട് കൈ കഴുകി വൃത്തിയാക്കുന്നത് തന്നെയാണ് വൈറസിനെ ചെറുക്കാനുള്ള പ്രധാനമാര്‍ഗമായി വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഇതെക്കുറിച്ച് അല്‍പം കൂടി വിശദമാക്കുകയാണ് പുതിയൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി.
മന്ത്രി പങ്കുവച്ച കുറിപ്പ്...
ഏറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.
വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുമുണ്ട്.
ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam