ജനങ്ങളില്‍ ഭീതിയയുര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് വന്‍ അഴിമതികളും ചതികളുമാണ് മറുപുറത്ത് നടക്കുന്നത്. രോഗം വരാതിരിക്കാനായി ഏറ്റവുമധികം ചെയ്യേണ്ട കാര്യമായി ആരോഗ്യ വിദഗ്ധര്‍ പറഞ്ഞിട്ടുള്ളത് ഇടവിട്ട് കൈകള്‍ വൃത്തിയാക്കാനാണ്. 

ഇതിന് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതാണ് ഉത്തമമെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ വിപണിയില്‍ സാനിറ്റൈസറിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും ആവശ്യത്തിന് പോലും സാനിറ്റൈസര്‍ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. 

ഇതിനിടെ ഹരിയാനയിലെ ഗുഡ്ഗാവില്‍ അനധികൃതമായി നിര്‍മ്മിച്ച സാനിറ്റൈസറുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നു എന്ന പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വ്യാവസായിക ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനി, കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ കൂടി നിര്‍മ്മിക്കാന്‍ തുടങ്ങുകയായിരുന്നത്രേ. 

രഹസ്യവിവരത്തെ തുടര്‍ന്ന് 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍' നടത്തിയ റെയ്ഡില്‍ 5000 കുപ്പി വ്യാജ സാനിറ്റൈസറാണ് ഇവിടെ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. 10 ദിവസം മുമ്പാണ് കമ്പനി സാനിറ്റൈസര്‍ നിര്‍മ്മാണം തുടങ്ങിയതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസര്‍ രിപാന്‍ മേത്ത പറഞ്ഞു. 

അനുമതിയില്ലാതെ സാനിറ്റൈസര്‍ പോലെ അത്രയും സൂക്ഷ്മമായി ഉപയോഗിക്കുന്ന ഒരു ഉത്പന്നം നിര്‍മ്മിച്ചെടുക്കുക എന്നത് നിയമപരമായും സാമൂഹികമായും ഇന്നത്തെ സാഹചര്യത്തില്‍ വലിയ കുറ്റം തന്നെയാണ്. ഏതൊരു ഉത്പന്നത്തിനും കൃത്യമായ അളവിലും ഘടനയിലുമുള്ള ചേരുവകളാണ് ചേര്‍ക്കുന്നത്. എന്നാല്‍ അതിന്റെ അനുപാതങ്ങള്‍ ശരിയായില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന് മാത്രമല്ല, നേര്‍ വിപരീത ഫലങ്ങളും ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ ഗുരുതരമായ പിഴയായി ഇതിനെ സര്‍ക്കാര്‍ കണക്കാക്കുമെന്നാണ് കരുതപ്പെടുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക