സംസ്ഥാനത്ത് രാത്രി പ്രത്യേക ഷവര്‍മ റെയ്ഡ്, 1557 കടകളിൽ പരിശോധന നടത്തി, അടച്ചുപൂട്ടിയത് 45 കടകൾ, 519 കടകൾക്ക് നോട്ടീസ് നൽകി

Published : Aug 08, 2025, 09:35 PM ISTUpdated : Aug 09, 2025, 03:32 PM IST
Shawarma

Synopsis

ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 519 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുമാണ് നല്‍കിയത്. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. മാത്രമല്ല പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസറിനുള്ള സാധ്യത കൂട്ടുന്ന ചില ഭക്ഷണങ്ങൾ
ഈ ജ്യൂസ് ചർമ്മത്തെ തിളക്കമുള്ളതാക്കും