
നിത്യജീവിതത്തില്‍ നാം നേരിടുന്ന ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയിലൊന്നാണ് ശരീരവേദന. ശരീരവേദന പല തരത്തില്‍ അനുഭവപ്പെടാം. പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. ഇതില്‍ ചിലതെങ്കിലും നമ്മള്‍ സശ്രദ്ധം നിരീക്ഷിച്ച് ചികിത്സ തേടേണ്ടതാകാം. കാരണം കാര്യമായ അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ സൂചനയാകാം ഈ വേദനകള്‍.
അത്തരത്തില്‍ ശ്രദ്ധിക്കേണ്ട തരത്തിലുള്ള കാല് വേദന, തുട വേദന, പിൻഭാഗത്തുള്ള വേദന എന്നിവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ജീവിതശൈലീ പ്രശ്നങ്ങളുടെ കൂട്ടത്തിലാണ് നാം കൊളസ്ട്രോളിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊളസ്ട്രോളോ പ്രമേഹമോ ബിപിയോ എല്ലാം എത്രമാത്രം അപകടം പിടിച്ച പ്രശ്നങ്ങളാണെന്ന് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഭൂരിഭാഗം പേരും മനസിലാക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കാൻ ഇവയെല്ലാം ധാരാളമാണ്.
'സൈലന്‍റ് കില്ലേഴ്സ്' അഥവാ നിശബ്ദ ഘാതകര്‍ എന്നാണ് ഇത്തരം പ്രശ്നങ്ങള്‍ ഇന്ന് വിശേഷിക്കപ്പെടുന്നത് തന്നെ. കൊളസ്ട്രോള്‍ ആണെങ്കില്‍ ഇത് വര്‍ധിക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങളൊന്നും ശരീരം കാണിച്ചേക്കില്ല. എന്നാല്‍ പിന്നീട് പല ലക്ഷണങ്ങളും പ്രകടമാകാം. ഇത് നാം സമയത്തിന് ശ്രദ്ധിക്കണമെന്ന് മാത്രം.
അങ്ങനെ കൊളസ്ട്രോള്‍ കൂടുന്നുവെന്നതിന് ശരീരം നല്‍കുന്ന സൂചനകളാണ് കാല്‍ വേദന, തുടയിലെ വേദന, പിൻഭാഗത്തെ വേദന എല്ലാം. ഇതെന്തുകൊണ്ടാണെന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ഇത് രക്തക്കുഴലില്‍ ചെറിയ ബ്ലോക്കുകള്‍ ഉണ്ടാക്കും. കൊഴുപ്പ് അടിയുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഇതോടെ രക്തയോട്ടം സുഗമമായി നടക്കാതാകുന്നു. ഇങ്ങനെയാണ് ശരീരത്തില്‍ വിവിധയിടങ്ങളില്‍ വേദന അനുഭവപ്പെടുന്നത്.
അതും പ്രധാനമായും കാലില്‍, മസിലിന്‍റെ ഭാഗങ്ങളില്‍, തുട, മുകളിലായി പിൻഭാഗം എന്നിവിടങ്ങളിലാണ് ഈ വേദന വരിക. എല്ലായ്പോഴും ഇത് കൊളസ്ട്രോള്‍ സൂചനകളാകണമെന്നില്ല. ഇത് പ്രത്യേകം ഓര്‍മ്മിക്കുക.എന്നാല്‍ കൊളസ്ട്രോള്‍ വര്‍ധിക്കുമ്പോള്‍ ഈ വേദനകള്‍ കാണാനുള്ള സാധ്യതകളേറെയാണെന്ന് മാത്രം.
കായികമായ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വേദന കൂടുക, വിശ്രമിക്കുമ്പോള്‍ കുറയുക, വീണ്ടും ശരീരമനങ്ങുമ്പോള്‍ വേദന വരിക എന്നതാണിതിന്‍റെ രീതി. വേദനയ്ക്കൊപ്പം തന്നെ മരവിപ്പ്, കുത്തിത്തുളയ്ക്കുന്നത് പോലുള്ള അനുഭവം എന്നിവയുമുണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം കൊളസ്ട്രോള്‍ ഒന്ന് പരിശോധിക്കുന്നതാണ് ഉചിതം.
ഇവയ്ക്കൊപ്പം തന്നെ പാദങ്ങളില്‍ പൊള്ളുന്നത് പോലുള്ള അനുഭവം, കാലിലും പാദത്തിലുമെല്ലാം ചര്‍മ്മത്തില്‍ നിറവ്യത്യാസം, ചെരുപ്പ് ഇടുമ്പോള്‍ വരുന്നത് പോലുള്ള മുറിവുകള്‍- പ്രത്യേകിച്ച് വിരലുകലില്‍, ഇടവിട്ട് കാലുകളില്‍ അണുബാധ എന്നീ ലക്ഷണങ്ങള്‍ കൂടി കാണുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും കൊളസ്ട്രോള്‍ പരിശോധിക്കേണ്ടതാണ്.
Also Read:- പ്രമേഹരോഗികള്‍ക്ക് ആരോഗ്യകരമായി ദീര്‍ഘകാലം ജീവിക്കാൻ സാധിക്കുമോ?