പ്രായമേറും തോറുമാണ് പ്രമേഹസാധ്യത കൂടിവരുന്നത്. അടുത്തിടെ 'മഡ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷൻ' നടത്തിയ പഠനപ്രകാരം ചെന്നൈ നഗരത്തില്‍ 55 വയസോ അതിലധികമോ ഉള്ളവരില്‍ 50 ശതമാനവും പ്രമേഹരോഗികളാണ്.

പ്രമേഹം അഥവാ ഷുഗര്‍ ഒരു ജീവിതശൈലീരോഗമായാണ് നാം കണക്കാക്കുന്നത്. മുൻകാലങ്ങളില്‍ പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം ആരും നല്‍കിയിരുന്നില്ല. എന്നാലിന്ന് വര്‍ധിച്ച അവബോധങ്ങളുടെ ഭാഗമായി ഇവയ്ക്കെല്ലാമുള്ള പ്രാധാന്യം ഏവരും മനസിലാക്കുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ അപഹരിക്കാവുന്ന പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാക്കുക.

പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ ആജീവനാന്തം അത് നിയന്ത്രിച്ചുകൊണ്ടുപോകാൻ മാത്രമേ സാധിക്കൂ. വിരളം കേസുകളിലാണ് പ്രമേഹത്തില്‍ നിന്ന് പൂര്‍ണമായും രോഗി രക്ഷപ്പെടാറുള്ളൂ. 

പ്രായമേറും തോറുമാണ് പ്രമേഹസാധ്യത കൂടിവരുന്നത്. അടുത്തിടെ 'മഡ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷൻ' നടത്തിയ പഠനപ്രകാരം ചെന്നൈ നഗരത്തില്‍ 55 വയസോ അതിലധികമോ ഉള്ളവരില്‍ 50 ശതമാനവും പ്രമേഹരോഗികളാണ്. മറ്റുളളവരിലാണെങ്കില്‍ 25- 30 ശതമാനം വരെ പ്രമേഹസാധ്യതയുമുണ്ട്. ചെന്നൈയില്‍ മാത്രമല്ല, ഇങ്ങനെയുള്ള വലിയ നഗരങ്ങളിലെയെല്ലാം അവസ്ഥ സമാനമാണെന്നാണ് വിദഗ്ധര്‍ ഈ പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ പറയുന്നത്. 

പ്രമേഹം വന്നുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ആരോഗ്യപൂര്‍വമുള്ളൊരു ജീവിതമില്ല എന്ന് നിരാശപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ നിത്യേനയുള്ള കാര്യങ്ങളില്‍ അല്‍പമൊന്ന് ശ്രദ്ധ വച്ചാല്‍ യാതൊരു ആശങ്കകളുമില്ലാതെ പ്രമേഹരോഗികള്‍ക്ക് മുന്നോട്ട് പോകാവുന്നതേയുള്ളൂ. 

നേരത്തെ സൂചിപ്പിച്ചത് പോലെ അധികവും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. ചെറുപ്പക്കാരിലും ഇന്ന് പ്രമേഹം കൂടിവരുന്നുണ്ട്. എങ്കിലും പ്രായമായവരുടെ അത്രയും തോത് വരില്ല. ചെറുപ്പക്കാരും പ്രായമായവരും രണ്ട് രീതിയിലാണ് പ്രമേഹത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രായമായവരില്‍ അതിന്‍റെ ഭാഗമായി വരുന്ന പ്രമേഹം അത്ര ഗുരുതരമായിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും അണുബാധകളിലേക്കുമെല്ലാം പെട്ടെന്ന് എത്തിച്ചേരുക പ്രായമായവരില്‍ തന്നെയാണ്. 

ഡയറ്റ്, വ്യായാമം എന്നിവയെല്ലാം പ്രായമായവരില്‍ പ്രത്യേകമായി തന്നെ നോക്കണം. ഒപ്പം തന്നെ ബിപി, കൊളസ്ട്രോള്‍ എന്നിവ കൃത്യമായി നിയന്ത്രിച്ചുപോവുകയും വേണം. അല്ലാത്ത പക്ഷം ആകെ ആരോഗ്യത്തിന് നേരെ ഭീഷണി ഉയരാം. 

ചെറുപ്പക്കാരില്‍ പിടിപെടുന്ന പ്രമേഹം കുറെക്കൂടി കരുതല്‍ വേണ്ടതാണ്. അതിനാല്‍ തന്നെ ഭക്ഷണം, വ്യായാമം എന്നിവയെല്ലാം അതിന് അനുസരിച്ച് വേണം ചെയ്യാൻ. പെട്ടെന്നുള്ള ആരോഗ്യം സംബന്ധിച്ച വ്യതിയാനങ്ങള്‍ ചെറുപ്പക്കാരില്‍ പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ സംഭവിക്കാം. ഇത് ആയുര്‍ദൈര്‍ഘ്യത്തെയും ബാധിക്കാം. അമ്പതുകളില്‍ പ്രമേഹം പിടിപെടുന്നയാള്‍ക്ക് തുടര്‍ന്ന് കിട്ടുന്ന സമയം പോലെ അല്ലല്ലോ ഇരുപതുകളിലോ മുപ്പതുകളിലോ പ്രമേഹം പിടിപെടുന്നവരുടെ അവസ്ഥ. പാരമ്പര്യഘടകമോ മറ്റ് ജീവശാസ്ത്രപരമായ ചുറ്റുപാടുകളോ പ്രമേഹമുണ്ടാക്കുന്നത് തടയാൻ നമുക്ക് സാധിക്കില്ല. എന്നാല്‍ അനാരോഗ്യകരമായ ജീവിതരീതി കൊണ്ട് പ്രമേഹം പിടിപെടാതിരിക്കാൻ ചെറുപ്പക്കാര്‍ ശ്രദ്ധിക്കുക. 

കൃത്യമായ ഇടവേളകളില്‍ പ്രമേഹം, ബിപി, കൊളസ്ട്രോള്‍, ഹൃദയാരോഗ്യം എന്നിവയെല്ലാം പരിശോധിക്കുന്നത് ഒരു ശീലമാക്കുക. പ്രമേഹം സ്ഥിരീകരിക്കപ്പെട്ടാല്‍ അതില്‍ നിരാശകരാകേണ്ട കാര്യമേയില്ല. മറിച്ച് ആത്മവിശ്വാസത്തോടെ നല്ല ജീവിതരീതികള്‍ പിന്തുടര്‍ന്ന് പ്രമേഹവുമായി തന്നെ വര്‍ഷങ്ങളോളം മറ്റൊരു പ്രശ്നവും അനുബന്ധമായി വരാൻ അനുവദിക്കാതെ മുന്നോട്ട് പോകാം. 

Also Read:- ഷുഗര്‍ കുറയ്ക്കാൻ ഉള്ളി സഹായിക്കുമോ? നിങ്ങളറിയേണ്ടത്...