ജീവിതശൈലി മാറ്റങ്ങളും മെറ്റബോളിക് രോഗങ്ങളും കരളിന്‍റെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് തിരിച്ചറിയാൻ വൈകുന്നു ; വിദഗ്ധർ

Published : Apr 29, 2026, 03:44 PM IST
fatty liver

Synopsis

പ്രകടമായ ലക്ഷണങ്ങളില്ലാത്തതിനാൽ കരൾരോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ മനസ്സിലാക്കാനാകുന്നില്ല. പലരും ഇത് തിരിച്ചറിയുന്നത് ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നു. 

കൊച്ചി : ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് മുതൽ ജീർണ്ണപ്രക്രിയയും മെറ്റബോളിസവും നിയന്ത്രിക്കുന്നതുവരെ നൂറുകണക്കിന് നിർണായക പ്രവർത്തനങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നിരുന്നാലും, ഈ സുപ്രധാന അവയവത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്ന പല രോഗങ്ങളും നിശ്ശബ്ദമായാണ് വ്യാപിക്കുന്നതെന്നത് ആരോഗ്യവിദഗ്ധർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

കണക്കുകൾ സൂചിപ്പിക്കുന്നത് പ്രതിവർഷം രണ്ട് ദശലക്ഷം മരണങ്ങൾക്ക് വരെ കരൾരോഗങ്ങൾ കാരണമാകുന്നുവെന്നാണ്. മരണങ്ങളിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പുരുഷന്മാരിലാണ് സംഭവിക്കുന്നത്. സിറോസിസ്, ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്നിവയുടെ സങ്കീർണതകളാണ് മരണങ്ങൾക്ക് പ്രധാനമായും കാരണം. വൈറൽ ഹെപ്പറ്റൈറ്റിസ്, മദ്യം, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എന്നിവയാണ് സിറോസിസിൻറെ പ്രധാന കാരണങ്ങൾ.

പ്രകടമായ ലക്ഷണങ്ങളില്ലാത്തതിനാൽ കരൾരോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ മനസ്സിലാക്കാനാകുന്നില്ല. പലരും ഇത് തിരിച്ചറിയുന്നത് ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നു. ജീവിതശൈലി മാറ്റങ്ങളും മെറ്റബോളിക് രോഗങ്ങളും കരളിൻറെ പ്രവർത്തനങ്ങളെ ബാധിക്കുന്നത് വൈകിയാണ് പലപ്പോഴും രോഗികൾ മനസിലാക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

“കരൾ രോഗങ്ങളുെട ആരംഭ ഘട്ടത്തിൽ പലപ്പോഴും ലക്ഷണങ്ങളുണ്ടാകാറില്ല. അതിനാൽ തന്നെ ആളുകൾ പരിശോധിക്കാൻ വൈകുന്നു. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് പലർക്കും ഇത് തിരിച്ചറിയാനാകുന്നത്’’, എറണാകുളം വി.പി.എസ് ലേക്‌ഷോർ(VPS Lakeshore) ആശുപത്രിയിലെ കോംപ്രഹെൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടൻറ് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി പറഞ്ഞു.

ഇന്നത്തെ ജീവിതശൈലി തന്നെ കരൾ രോഗങ്ങൾക്ക് കാരണമായി മാറുന്ന പ്രധാന ഘടകമാണ്. മദ്യപാനവുമായി മാത്രം ബന്ധപ്പെട്ടിരുന്ന കരൾ രോഗങ്ങൾക്ക് ഇപ്പോൾ പ്രധാനമായും വഴിവെക്കുന്നത് പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്റ്റ്രോൾ, വ്യായാമമില്ലായ്മ എന്നിവയും കൂടിയാണ്. അതിനാൽ തന്നെ, മദ്യപാനം ഇല്ലാത്തവർക്കും കരൾ രോഗങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി കൂട്ടിച്ചേർത്തു.

“ലക്ഷണങ്ങളില്ല എന്ന കാരണത്താൽ സുരക്ഷിതമാണെന്ന് ധരിക്കരുതെന്നും പ്രമേഹം, അമിതവണ്ണം പോലുള്ളവ രോഗ സാധ്യത വർധിപ്പിക്കുന്നുവെന്നും’ വി.പി.എസ് ലേക്‌ഷോർ (VPS Lakeshore) ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം ഇൻചാർജും കൺസൾട്ടൻറുമായ ഡോ. വിഷ്ണു ഗിരീഷ് വ്യക്തമാക്കി. ഇത്തരം അപകടഘടകങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് കൃത്യമായ കരൾരോഗ പരിശോധനകൾ ആവശ്യമാെണന്നും ഡോ. വിഷ്ണു ഗിരീഷ് കൂട്ടിച്ചേർത്തു.

കരൾ രോഗങ്ങൾക്ക് പ്രാഥമിക ഘട്ടങ്ങളിൽ ലക്ഷണങ്ങൾ വ്യക്തമാകണമെന്നില്ല. ഗുരുതരാവസ്ഥയിലേക്ക് കടക്കുമ്പോൾ വയറിൽ വെള്ളം കെട്ടുക, കണ്ണുകൾക്കും ചർമത്തിനും മഞ്ഞനിറം പോലുള്ള പോലുള്ള ലക്ഷണങ്ങൾ പ്രകടമായേക്കാം. എന്നാൽ, ഈ ഘട്ടത്തിൽ ചികിത്സ കൂടുതൽ സങ്കീർണ്ണമാകാനുള്ള സാധ്യതയുണ്ടെന്നും ഡോ. വിഷ്ണു വ്യക്തമാക്കി.

കരളിൻറെ ആരോഗ്യനില വിലയിരുത്തുന്നതിന് ചില പരിശോധനകൾ അനിവാര്യമാണ്. സാധാരണയായി ലിവർ ഫങ്ഷൻ ടെസ്റ്റുകൾ (എൽ.എഫ്.ടി), പ്ലേറ്റ്‌ലെറ്റ്‌ കൗണ്ട്, അൾട്രാസൗണ്ട് സ്കാൻ, ആവശ്യമായാൽ ഫൈബ്രോസ്കാൻ പോലുള്ള പരിശോധനകൾ വഴി കരളിൻറെ പ്രവർത്തനവും ഘടനയും വിലയിരുത്താൻ കഴിയും. ഈ പരിശോധനകളിലൂടെ രോഗം ആരംഭഘട്ടത്തിൽ തന്നെ മനസ്സിലാക്കാനാകും. ഏത് പരിശോധനയാണ് ആവശ്യമെന്ന് വ്യക്തിയുടെ ആരോഗ്യനിലയും അപകടസാധ്യതയും ആശ്രയിച്ചാണ് തീരുമാനിക്കേണ്ടത്. അതിനാൽ, വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം പരിശോധനകൾ നടത്തേണ്ടത്.

കരളിൻറെ ആരോഗ്യം സംരക്ഷിക്കാൻ ദിനചര്യയിൽ ചില ലളിതമായ മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രിക്കുകയും വേണം. സ്ഥിരമായ വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം കരളിൻറെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.

 മദ്യപാനം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയെന്നത് അത്യാവശ്യമാണ്. അനാവശ്യമായ മരുന്നുകൾ സ്വമേധയാ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം മരുന്നുകൾ സ്വീകരിക്കുന്നത്. ആവശ്യമായ വാക്സിനേഷനുകൾ സ്വീകരിക്കുന്നതും കരളിനെ സംരക്ഷിക്കാൻ സഹായിക്കും.

പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്റ്റ്രോൾ എന്നിവ ഉള്ളവർ നിശ്ചിത ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തണം. ചെറിയ മുൻകരുതലുകൾ ഭാവിയിൽ സുരക്ഷിത ആരോഗ്യത്തിന് സഹായകമാകും. കാര്യങ്ങൾ ഗുരുതരാവസ്ഥയിലെത്തുന്നതിന് കാത്തിരിക്കാതെ മുൻകൂട്ടി പരിശോധന നടത്തുന്നതാണ് ഉചിതമെന്നും തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ എളുപ്പമാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

ലേഖനം തയ്യാറാക്കിയവർ :

എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ കോംപ്രഹെൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടൻറ് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി

വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം ഇൻചാർജും കൺസൾട്ടൻറുമായ ഡോ. വിഷ്ണു ഗിരീഷ്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൂക്ഷിക്കുക, കീടനാശിനികളുമായുള്ള സമ്പർക്കം ഈ രോ​ഗത്തിനുള്ള സാധ്യത കൂട്ടുന്നു ; പഠനം
അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ പതിവായി ഈ ജ്യൂസ് കുടിച്ചോളൂ