ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന 4 ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പുകവലിക്കുന്നവർക്ക് മാത്രമേ ശ്വാസകോശ അർബുദം വരൂ എന്നത് ഒരു വലിയ തെറ്റിദ്ധാരണ മാത്രമാണ്. പുകവലിക്കാത്തവരിലും വായുമലിനീകരണം, സെക്കൻഡ് ഹാൻഡ് സ്മോക്കിംഗ് (മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നത്), വീടുകളിലെ വിഷവാതകങ്ങൾ, ജനിതക കാരണങ്ങൾ എന്നിവ മൂലം ശ്വാസകോശ അർബുദം വരാൻ സാധ്യതയുണ്ട്. ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന 4 ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1. വീടിനുള്ളിൽ ശുദ്ധമായ വായു ലഭിക്കണം
നമ്മൾ ദിവസവും കൂടുതൽ നേരം ചെലവഴിക്കുന്നത് വീടിനുള്ളിലാണ്. അതിനാൽ വീടിനുള്ളിലെ വായു മലിനമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
പാചകം ചെയ്യുമ്പോൾ അടുക്കളയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
കൊതുക് തിരികൾ, അമിതമായ സാമ്പ്രാണി/ധൂപവർഗ്ഗങ്ങൾ, വിറക് പുക എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നതാണ്.
2. ശ്വാസകോശത്തെ സജീവമാക്കുക
ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ കഠിനമായ വ്യായാമങ്ങൾ വേണമെന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മിനിറ്റ് വീതം വേഗത്തിൽ നടക്കുന്നത് നല്ലതാണ്.
ലളിതമായ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശ്വാസകോശ ശേഷിയും ഓക്സിജൻ പ്രവാഹവും വർദ്ധിപ്പിക്കും.
3. ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണക്രമം
പാരിസ്ഥിതിക മലിനീകരണം മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശത്തെ ചെറുക്കാൻ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക.
ഓറഞ്ച്, പപ്പായ തുടങ്ങിയ പഴവർഗ്ഗങ്ങൾ.
ചീര ഉൾപ്പെടെയുള്ള പച്ചക്കറികൾ.
ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളും വിത്തുകളും.
ഓട്സ്, തവിടുള്ള അരി തുടങ്ങിയ ധാന്യങ്ങൾ.
4. ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
ചില പ്രധാന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ
വ്യക്തമായ കാരണങ്ങളില്ലാത്ത ശ്വാസംമുട്ടൽ
ചുമയ്ക്കുമ്പോൾ രക്തം വരിക
പെട്ടെന്ന് ഉണ്ടാകുന്ന അമിത ഭാരക്കുറവ്
5. ശ്രദ്ധിക്കേണ്ടത്
ഇത്തരം ചുമകൾ എല്ലാം അർബുദമാകണമെന്നില്ലെങ്കിലും, രോഗനിർണ്ണയം നേരത്തെ നടത്തുന്നത് രോഗമുക്തി നേടാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക.


