കൊവിഡ് കാലത്തെ 'വിവാദതാരം'; അത്ര മോശക്കാരനൊന്നുമല്ല!

By Web TeamFirst Published May 5, 2020, 8:03 PM IST
Highlights

രോഗപ്രതിരോധശേഷി ഇല്ലാത്തവരില്‍ എളുപ്പത്തില്‍ കൊറോണ വൈറസ് കയറിക്കൂടുമെന്നും വിറ്റാമിന്‍-സിയുണ്ടെങ്കില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം, അതുവഴി വൈറസിന്റെ പ്രവേശനവും തടയാം എന്നായിരുന്നു പ്രചാരണം. സത്യത്തില്‍ വിറ്റാമിന്‍-സി പ്രത്യക്ഷമായി കൊറോണയെ എന്നല്ല ഒരു രോഗത്തെയും തടയുന്നില്ല, മറിച്ച് നമ്മളിലേക്ക് വരുന്ന രോഗങ്ങളോട് പോരാടാന്‍ നമ്മളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്
 

കൊറോണ വൈറസ് എന്ന മാരക രോഗകാരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്ന ആദ്യദിനങ്ങളില്‍ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രചാരണമുണ്ടായിരുന്നു. നിങ്ങളോര്‍ക്കുന്നുണ്ടോ? വിറ്റാമിന്‍-സി അധികമായി കഴിച്ചാല്‍ കൊവിഡ് 19 രോഗം വരില്ലെന്ന ആ പ്രചാരണം. 

പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് ഈ പ്രചാരണം വഴിവച്ചത്. ഇതിനെതിരെ ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയത്. രോഗപ്രതിരോധശേഷി ഇല്ലാത്തവരില്‍ എളുപ്പത്തില്‍ കൊറോണ വൈറസ് കയറിക്കൂടുമെന്നും വിറ്റാമിന്‍-സിയുണ്ടെങ്കില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം, അതുവഴി വൈറസിന്റെ പ്രവേശനവും തടയാം എന്നായിരുന്നു പ്രചാരണം. 

സത്യത്തില്‍ വിറ്റാമിന്‍-സി പ്രത്യക്ഷമായി കൊറോണയെ എന്നല്ല ഒരു രോഗത്തെയും തടയുന്നില്ല, മറിച്ച് നമ്മളിലേക്ക് വരുന്ന രോഗങ്ങളോട് പോരാടാന്‍ നമ്മളെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. അതായത്, നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയില്‍ വരുന്ന പ്രശ്‌നങ്ങളെ ഇത് പരിഹരിക്കുന്നു. അങ്ങനെ രോഗങ്ങളെ ചെറുക്കാനുള്ള നമ്മുടെ കഴിവിനെ ബലപ്പെടുത്തുന്നു. 

 

 

പ്രതിരോധശേഷിയുടെ കാര്യത്തില്‍ മാത്രമല്ല, വിറ്റാമിന്‍-സി പ്രധാന പങ്ക് വഹിക്കുന്നത്. വേറെയും നിരവധി ഗുണങ്ങള്‍ ഇത് കൊണ്ട് നമുക്കുണ്ടാകുന്നുണ്ട്. അത്തരത്തിലുള്ള ചില പ്രയോജനങ്ങളെക്കുറിച്ച് അറിഞ്ഞാലോ...

ഒന്ന്...

സീസണലായോ അല്ലാതെയോ ഉണ്ടാകുന്ന ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയോട് പോരാടിനില്‍ക്കാന്‍ നമ്മെ സജ്ജരാക്കുന്നതില്‍ വിറ്റാമിന്‍-സിക്ക് കൃത്യമായ പങ്കുണ്ട്. ഒരിക്കലും ജലദോഷം പോലുള്ള അണുബാധകളെ ഇത് തടയുന്നില്ല. മറിച്ച് അവയെ പ്രതിരോധിക്കാന്‍ നമ്മളെ സഹായിക്കുന്നു എന്ന് മാത്രം. കൂടുതല്‍ സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് ഈ അണുബാധകളെത്താതിരിക്കാനും ഇത് സഹായിക്കുന്നു. 

രണ്ട്...

ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന അവസ്ഥ ആരും ഇഷ്ടപ്പെടുന്നില്ല, അല്ലേ? ഇത് ഒരു പരിധി വരെ നിയന്ത്രണത്തിലാക്കാന്‍ വിറ്റാമിന്‍-സി നമ്മളെ സഹായിക്കും. 'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനം പറയുന്നത്, വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നതും ചര്‍മ്മം വരണ്ടുപോകുന്നതും തടയാന്‍ സഹായിക്കുമെന്നാണ്. 

 

 

അതുവഴി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്താനും കഴിയുന്നു. 

മൂന്ന്...

ശരീരത്തിലെ കോശകലകളുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍-സി അഥവാ 'അസ്‌കോര്‍ബിക് ആസിഡ്' അവശ്യം വേണ്ട ഘടകമാണ്. കോശകലകളുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഇത് ആവശ്യമാണ്. 

Also Read:- കൊവിഡ് 19; പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

വിറ്റാമിന്‍-സി സപ്ലിമെന്റ്‌സ് ആകാമോ?

വിറ്റാമിന്‍-സിയുടെ കുറവ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മളെ നയിക്കും. പ്രത്യക്ഷമായും പരോക്ഷമായും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വിറ്റാമിന്‍-സി ആവശ്യമാണ്. ഇത് എത്താത്ത പക്ഷം ഭവിഷ്യത്തുകള്‍ വരിക തന്നെ ചെയ്യും. അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് വിറ്റാമിന്‍-സി നമ്മള്‍ നേടുന്നത്. ഇതിന് പുറമെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം സപ്ലിമെന്റ്‌സ് കഴിക്കാവുന്നതാണ്. അതില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉള്‍പ്പെടുന്നുമില്ല.

Also Read:- നിത്യജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന 10 ആരോഗ്യപ്രശ്‌നങ്ങള്‍...

click me!