നിത്യജീവിതത്തില്‍ നിങ്ങള്‍ നേരിടുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പിന്നിലും കൃത്യമായ കാരണങ്ങളുണ്ടാകാം. അത്തരത്തിലുള്ള ഒരു സുപ്രധാന വിഷയത്തെക്കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ട ചില ഘടകങ്ങളുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ അങ്ങനെ പല ഘടകങ്ങള്‍. ഇവയിലൊന്നിന്റെ കുറവെങ്കിലും ശരീരം നേരിടുന്നുവെങ്കില്‍ അതിനനുസരിച്ചുള്ള അസുഖങ്ങളും ഉണ്ടാകാം.

പലപ്പോഴും ഇത്രയും സൂക്ഷ്മമായ വിഷയങ്ങളെക്കുറിച്ച് നമുക്ക് അവബോധമുണ്ടാകാറില്ല എന്നതാണ് സത്യം. ഉദാഹരണമായി, അയേണ്‍ എന്ന ധാതുവിന്റെ അളവ് കുറഞ്ഞാലാണ് രക്തവുമായി ബന്ധപ്പെട്ട വിളര്‍ച്ച പോലുള്ള അസുഖങ്ങളുണ്ടാകുന്നത്. ഇത് പിന്നീട് മറ്റ് പല അസുഖങ്ങളിലേക്കും വഴിയൊരുക്കുന്നു. എന്നാല്‍ ഇത്രയും ചെറിയൊരു കാര്യം അതിന്റെ പ്രാധാന്യത്തോടെ നമ്മള്‍ തിരിച്ചറിയില്ലെന്ന് മാത്രം.

അതുപോലെ വളരെ പ്രാധാന്യമുള്ള ഒരു ഘടകമാണ് വിറ്റാമിന്‍-സി. ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ശക്തമായ ആന്റി ഓകിസ്ഡന്റുകളാണ് വിറ്റാമിന്‍-സിയില്‍ ഉള്ളത്.

 

 

രക്തസമ്മര്‍ദ്ദത്തെ 'ബാലന്‍സ്' ചെയ്യുന്നതിലൂടെ ഹൃദ്രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ നമ്മെ രക്ഷിക്കാനൊക്കെ സഹായിക്കുന്നത് വിറ്റാമിന്‍-സി ആണ്. ചര്‍മ്മത്തിന്റെ ആരോഗ്യം, മികച്ച പ്രതിരോധശേഷി, ഓര്‍മ്മ- ഇങ്ങനെ പല കാര്യങ്ങളിലും ചെറുതല്ലാത്ത വേഷം വിറ്റാമിന്‍-സി കൈകാര്യം ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ വിറ്റാമിന്‍-സിയുടെ അപര്യാപ്തത പല പ്രശ്‌നങ്ങളിലേക്കും ശരീരത്തെയെത്തിക്കും.

അത്തരത്തിലുള്ള പത്ത് പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

1. വിളര്‍ച്ച (ഭക്ഷണത്തില്‍ നിന്ന് അയേണ്‍ വലിച്ചെടുക്കാന്‍ കഴിയാത്തത് മൂലം ഉണ്ടാകുന്നത്)
2. എല്ലുകള്‍ക്ക് വേദന. ജോയിന്റുകളില്‍ വീക്കം വരുന്നത്.
3. കണ്ണ് വരണ്ടിരിക്കുന്നതായ അവസ്ഥ.
4. എന്തെങ്കിലും മുറിവോ പരിക്കോ സംഭവിച്ചാല്‍ പെട്ടെന്ന് ഉണങ്ങാത്ത അവസ്ഥ.
5. പ്രതിരോധശേഷി കുറയുക.
6. തവേദന.
7. പല്ലുകള്‍ക്ക് ക്ഷയം സംഭവിക്കുന്നത്.
8. വിഷാദരോഗം.
9. നെഞ്ചുവേദന.
10. മോണരോഗം.

നേരത്തേ സൂചിപ്പിച്ചത് പോലെ ചര്‍മ്മത്തിന്റെ ആരോഗ്യകാര്യത്തിലും വളരെ അവശ്യം വേണ്ട ഘടകമായതിനാല്‍ത്തന്നെ ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിറ്റാമിന്‍-സിയുടെ അഭാവത്തില്‍ കണ്ടേക്കാം. തൊലി വരണ്ടുണങ്ങുകയും, തിളക്കം മങ്ങിയതാവുകയും ചെയ്‌തേക്കാം. അതുപോലെ തന്നെ ചര്‍മ്മം വളരെയധികം പരുക്കനായി മാറുകയും ചെയ്‌തേക്കാം.

 


മേല്‍പ്പറഞ്ഞ പത്ത് ആരോഗ്യപ്രശ്‌നങ്ങളും വിറ്റാമിന്‍-സി കുറയുന്നത് മൂലം മാത്രം സംഭവിക്കുന്ന പ്രശ്‌നങ്ങളല്ല. പല അസുഖങ്ങളുടെ ലക്ഷണമായും, അവയുടെ ഭാഗമായുമെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ ഏത് തരത്തിലുള്ള ശാരീരിക വിഷമതകളായാലും അത് ഒരു ഡോക്ടറുടെ സഹായത്തോടെ കൃത്യമായി പരിശോധിച്ച്, മനസിലാക്കി ആവശ്യമായ ചികിത്സ തേടുക. സ്വയം ചികിത്സയും അസുഖങ്ങളെക്കുറിച്ചുള്ള അനുമാനങ്ങളും അത്ര ആരോഗ്യകരമല്ലെന്നും മനസിലാക്കുക.