
ആരോഗ്യമുള്ള മനസ്സിന് ഉടമയായിരിക്കാൻ 30 ദിവസത്തെ മെന്റൽ ഹെൽത്ത് പ്ലാനുമായി (കലണ്ടർ) സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സൈക്കോളജിസ്റ്റുമായ കെജി ജയേഷ് . ചെറിയതും ലളിതവുമായ ചുവടുവയ്പ്പിൽ 30 ദിവസത്തിനുള്ളിൽ ഈ പ്ലാനിലൂടെ എല്ലാവർക്കും മാനസിക ആരോഗ്യം ഉറപ്പാക്കാനാകും. കൗമാരപ്രായക്കാർ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പ്ലാൻ ഫോളോ ചെയ്യാവുന്നതും മാനസികാരോഗ്യം ബലപ്പെടുത്താനുമാകും.
നമ്മുടെ ഇടയിൽ 7 ൽ ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാനസിക പ്രശ്നങ്ങൾ ഉണ്ടായാലും തിരിച്ചറിഞ്ഞാലും പലരും നാണക്കേടും മടിയും കാരണം സൈക്കോളജിസ്റ്റിൻ്റെ സേവനം തേടാറില്ല.
ഉത്കണ്ഠ, ഡിപ്രഷൻ, ആത്മഹത്യാ പ്രവണത, ലഹരി ആസക്തി തുടങ്ങിയ മാനസിക പ്രശ്നങ്ങളാണ് കൂടുതലായി പലരിലും പൊതുവെ കണ്ടുവരുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ഈ പ്ലാൻ കൊണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മനശാസ്ത്രജ്ഞനുമായ കെ ജി പറയുന്നത്. 21 വർഷത്തെ മനശാസ്ത്ര ജീവിതത്തിലെ അനുഭവങ്ങളും പ്രാക്ടീസുമാണ് ഇത്തരം ഒരു പ്ലാൻ തയ്യാറാക്കാൻ ജയേഷിന് പ്രേരണയായിട്ടുള്ളത്.
ആരോഗ്യ വകുപ്പിൽ മനശാസ്ത്ര വിദഗ്ധനായി സേവനമനുഷ്ഠിച്ച ജയേഷ് നിലവിൽ സംസ്ഥാന എക്സൈസ് അക്കാദമിയിലെ പരിശീലകനും തൃശൂർ വിമല കോളേജ് മനശാസ്ത്ര വിഭാഗം ബോർഡ് മെമ്പറും കൂടിയാണ്.
നിത്യജീവിതത്തിൽ നമ്മൾ അടുക്കും ചിട്ടയും ഇല്ലാതെ ചെയ്യുന്ന പല കാര്യങ്ങൾ ക്രമപ്പെടുത്തി എങ്ങനെ ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുകയാണ് കലണ്ടറിലൂടെ. ഇതിനായി പ്രത്യേക കായിക അധ്വാനങ്ങളൊന്നും തന്നെ നമ്മൾ ചെയ്യേണ്ടതില്ല .ഒരു ദിവസത്തിലെ രാവിലെ മുതൽ രാത്രി വരെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഏത് ആദ്യം ചെയ്യണം ഏത് അവസാനം ചെയ്യണം എന്ന ഓർഡർ ക്രമപ്പെടുത്തുകയാണ് കലണ്ടർ വഴി നിങ്ങൾ ചെയ്യേണ്ടത്.
ലളിതമായ രീതിയിലാണ് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത് ഒന്നാം ദിവസം ഒരു കാര്യം ചെയ്യുക രണ്ടാം ദിവസം ഒന്നാം ദിവസം ചെയ്ത കാര്യവും പുതിയൊരു കാര്യം കൂടി ചെയ്യുക മൂന്നാം ദിവസം ഒന്നും രണ്ടും ദിവസത്തെ കാര്യങ്ങൾക്കൊപ്പം മറ്റൊന്നു കൂടി ചെയ്യുക അതായത് ഒന്നാം ദിവസം നിശ്ചിത സമയം തിരഞ്ഞെടുത്ത് ദിവസവും ഒരേ സമയത്ത് ഉണരുക രണ്ടാം ദിവസത്തെ പുതിയ കാര്യം
ഉണർന്നതിനു ശേഷം കിടക്കയിൽ കിടന്ന് സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക മൂന്നാം ദിവസം ഒന്നും രണ്ടു ദിവസത്തെ കാര്യങ്ങൾ ചെയ്തശേഷം 1/2 കപ്പ് വെള്ളം കുടിക്കുക.ഇതുപോലെ 29 ദിവസവും പുതിയ പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക.
അങ്ങനെ മുപ്പതാം ദിവസം അതുവരെ ചെയ്ത കാര്യങ്ങൾ എന്തൊക്കെയെന്ന് വിലയിരുത്തുക കാര്യങ്ങൾ ക്രമപ്രകാരമാണോ ചെയ്തിട്ടുള്ളത് ഏതെങ്കിലും വിട്ടു പോയിട്ടുണ്ടോ തുടർച്ചയായ പരിശീലനം മൂലം ജീവിതത്തിൽ മാനസിക പുരോഗതി കൈവരിക്കാൻ സാധിച്ചുവോ ഈ പ്ലാൻ ഫോളോ ചെയ്തതിൽ എന്നിൽ ഉണ്ടായ മാറ്റം എന്താണ് എന്ന് മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുക.
സൈക്കോളജിസ്റ്റ് തയ്യാറാക്കിയിട്ടുള്ള മെന്റൽ ഹെൽത്ത് പ്ലാൻ കലണ്ടർ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ജയേഷിന്റെ പേരിലുള്ള യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഓരോ വ്യക്തിയും ഒരു മാസം തുടർച്ചയായി കലണ്ടറിലെ കാര്യങ്ങൾ മുടങ്ങാതെ ചെയ്യുവാൻ സാധിച്ചാൽ ആദ്യഘട്ടം പൂർത്തിയാവുകയും മാനസികാരോഗ്യം ഉറപ്പിക്കാനാവുകയും ചെയ്യും തുടർന്നുള്ള ദിവസങ്ങളിലും മാസങ്ങളിലും ഇക്കാര്യങ്ങൾ ദിനചര്യയായി മാറ്റിയാൽ ഏവർക്കും മാനസികാരോഗ്യം സംരക്ഷിച്ചു സന്തോഷകരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam