ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് കാറ്റി പെറി. മുപ്പത്തിയഞ്ചുകാരിയായ പെറി, തന്റെ സംഗീതത്തിലൂടെ മാത്രമല്ല വശ്യസുന്ദരമായ രൂപത്തിലൂടെയും ആരാധകഹൃദയങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. 

ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുന്നതിനാലും കൊറോണയുടെ ഭീഷണി നിലനില്‍ക്കുന്നതിനാലും പങ്കാളി ഒര്‍ലാന്‍ഡോ ബ്ലൂമിനൊപ്പം ക്വാറന്റൈന്‍ ജീവിതത്തിലാണ് പെറി. സംഗീതലോകത്ത് നിന്നുള്ള താല്‍ക്കാലികമായ ഈ ഇടവേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട് താരം.

 

 

ഇതിനിടെ താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയാണെന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് പെറി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയില്‍ നിന്നാണ് പെറിക്ക് വിഷാദമുണ്ടായിരിക്കുന്നത് എന്നാണ് സൂചന. 

ശക്തമായ ആരാധകപിന്തുണയുള്ള താരമായതിനാല്‍ തന്നെ പെറിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് പെറിയുടെ ട്വീറ്റിന് താഴെ ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്. 

മുമ്പും മാനസികവിഷമതകള്‍ നേരിട്ടതായി പെറി 'വോഗ് ഇന്ത്യ'ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിചിത്രമായ ഒരു യാത്രയിലൂടെയാണ് താന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും ഇടയ്ക്ക് കുത്തനെയുള്ള പടിക്കെട്ടുകളുടെ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുന്നതായി തോന്നിപ്പോകുന്നുവെന്നുമായിരുന്നു അന്ന് പെറി വിഷാദത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍. 

 

 

അതേസമയം പങ്കാളിയായ ഒര്‍ലാന്‍ഡോയില്‍ പെറി പൂര്‍ണ്ണമായ വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രശ്‌നങ്ങളെ സമചിത്തതയോടെ സമീപിക്കാനുള്ള ക്ഷമയും ജ്ഞാനവുമുള്ള വ്യക്തിയാണ് ഒര്‍ലാന്‍ഡോയെന്നും ഇങ്ങനെയൊരു പങ്കാളിയെ മുമ്പെങ്ങും ജീവിതത്തില്‍ കിട്ടിയിട്ടില്ലെന്നുമായിരുന്നു പെറി പറഞ്ഞത്. 

ഗര്‍ഭാവസ്ഥയിലുള്ള ഓരോ വിശേഷങ്ങളും ക്വാറന്റൈന്‍ വിശേഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയും താരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സ്‌കാനിംഗില്‍ കുഞ്ഞിന്റെ വിരലനങ്ങുന്നതിന്റെ വീഡിയോയും പെറി പങ്കുവച്ചിരുന്നു. 

 


എന്തായാലും വിഷാദകാലത്ത് 'വെര്ച്വല്‍' ആയിട്ടെങ്കിലും താരത്തിന് കൂട്ടിരിക്കാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനമെന്ന് തോന്നുന്നു. അത്രയും പിന്തുണയാണ് പെറിക്ക് സോഷ്യല്‍ മീഡിയയിലൂടെ കിട്ടിക്കൊണ്ടിരിക്കുന്നത്.

Also Read:- നെഗറ്റീവ് ചിന്തകൾ എങ്ങനെ മാറ്റിയെടുക്കാം; സൈക്കോളജിസ്റ്റ് എഴുതുന്നു...