ജീവിതത്തോടുള്ള നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തേണ്ടതായുണ്ടോ? സ്വയം ചോദിച്ചു നോക്കൂ?. കൊറോണക്കാലം ലോകം മുഴുവനും ആളുകളില്‍ മാനസിക സമ്മര്‍ദ്ദം സ്വഭാവികമായും ഉണ്ടാകുന്ന ഒരു സമയമാണ്. സാമ്പത്തിക പ്രശ്നങ്ങള്‍, ജോലി നഷ്ടപ്പെടുന്ന അവസ്ഥ, കുടുംബ പ്രശ്നങ്ങള്‍ ഇങ്ങനെ നിരവധി കാരണങ്ങളാല്‍ മനസ്സിന്‍റെ സമാധാനം നഷ്ടപ്പെടുന്ന അവസ്ഥ നിരവധി ആളുകളില്‍ അനുഭവപ്പെട്ടേക്കാം. കൊവിഡ് 19 വരുത്തിയ പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രയത്നം കൂടുതല്‍ ഊര്‍ജിതമാക്കേണ്ട സമയമാണ് ഇത്. അതിജീവനം സാധ്യമല്ല എന്ന നെഗറ്റീവ് ചിന്ത മനസ്സിനെ ഭരിക്കുന്ന അവസ്ഥ തടയുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. 

ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് നോക്കൂ....

1. എപ്പോഴും നെഗറ്റീവായി മാത്രം ചിന്തിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?
2. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലാത്തതിന്‍റെ കാരണമെന്താണ്?
3. ഒരിക്കലും മെച്ചപ്പെടുത്തിയെടുക്കാന്‍ കഴിയാത്തതാണ് നിങ്ങളുടെ ജീവിതം എന്ന ചിന്തയാണോ നിങ്ങള്‍ക്ക്?
4. മറ്റുള്ളവര്‍ നിങ്ങളെപ്പറ്റി പറയുന്ന നല്ല അഭിപ്രായങ്ങള്‍ വളരെ നിസ്സാരമായി തള്ളിക്കളയുകയാണോ നിങ്ങള്‍ ചെയ്യുന്നത്?.
5. ഒരിക്കല്‍ പരാജയം സംഭവിച്ചത് നിങ്ങള്‍ എന്ന വ്യക്തി ഒരു പൂര്‍ണ്ണ പരാജയമാണ് എന്നും, ഒരിക്കലും വിജയം നിങ്ങള്‍ക്കു സാധ്യമല്ല എന്നെല്ലാമുള്ള വിഷാദാത്മകമായ ചിന്തകള്‍ നിങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ടോ?.
6. നൂറു ശതമാനം വിജയം ഉറപ്പില്ലെങ്കില്‍ എന്തു കാര്യവും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നാണോ തോന്നാറ്? .പരാജയ ഭീതി നിങ്ങളെ വല്ലാതെ ബാധിച്ചിരിക്കുകയാണോ?.
7. ഏതു കാര്യത്തിന്‍റെയും കുഴപ്പങ്ങളില്‍ മാത്രം അമിത ശ്രദ്ധവച്ച് നന്മകള്‍ എല്ലാം പൂര്‍ണ്ണമായും കാണാതെപോകുന്ന ആളാണോ നിങ്ങള്‍?.
8. ചെറിയ പോരായ്മകള്‍ പോലും അംഗീകരിക്കാന്‍ കഴിയുന്നില്ലേ?.
9. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരം നെഗറ്റീവ് ചിന്തകളുമായി മുന്നോട്ടു പോകുന്നത് ഒരുതരത്തില്‍ ഗുണം ചെയ്യില്ല. 

ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ടു പോകാന്‍ തയ്യാറാവേണ്ട പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മുകളില്‍ പറഞ്ഞ ചിന്തകള്‍ എല്ലാം തന്നെ കാലങ്ങളോളം അവ ചിന്തിച്ച് മനസ്സു വിഷാദ അവസ്ഥയിലാണ് എന്നതിന്‍റെ ലക്ഷണമാണ്.

എപ്പോഴും 'നെഗറ്റീവ്' മാത്രം ചിന്തിക്കുന്നയാളാണോ? കാരണം ഇതാണ്...

 ഇത്തരം ചിന്തകളും അവ രൂപപ്പെടുത്തിയ ആത്മവിശ്വാസം തകര്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളും ഒന്നും കാലാകാലം മാറ്റം വരുത്താതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ല. ഒരു പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിവില്ലാത്ത ഒരു വ്യക്തിയാണ് എന്ന തെറ്റായ വിശ്വാസം മാറ്റിയെടുക്കാന്‍ ഇനിയും വൈകിക്കേണ്ടതില്ല. സ്വയം സന്തോഷവും സമാധാനവും കണ്ടെത്താനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തികള്‍ക്കും ഉണ്ട്. 

ഏതു പ്രതിസന്ധി ഘട്ടത്തിലും മനസ്സിന്‍റെ ദു:ഖങ്ങളെ മാറ്റിയെടുക്കാന്‍ എന്തെങ്കിലും ഒരു കാരണം/നന്മ ഉണ്ടോ എന്നു കണ്ടെത്താന്‍ ശ്രമിക്കാം. സ്വയം അംഗീകരിക്കാന്‍ ആരംഭിക്കാം. മുന്‍പു സ്വയമെടുത്ത തീരുമാനങ്ങളില്‍ വന്നുപോയ പിഴവുകളെ ഓര്‍ത്ത് സ്വയം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് മനസ്സിനെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാം. 

നമ്മുടെ സാഹചര്യങ്ങളെയെല്ലാം പൂര്‍ണ്ണമായും മാറ്റാന്‍ നമുക്ക് സാധ്യമല്ല എന്ന് വരുമ്പോള്‍ സ്വയം മാറ്റങ്ങള്‍ക്കു തയ്യാറായി, നെഗറ്റീവ് ചിന്തകളെ അതിജീവിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാം.

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്