
സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ എട്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. അഞ്ച് മുതൽ ഒൻപത് വയസിനിടയിലുള്ള കുട്ടികളിലും കൗമാരക്കാരിലും രോഗം വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രോഗ വ്യാപാനം തടയാൻ കർശന നടപടികൾ സർക്കാരുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളും കൃത്യമായി രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളും മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.
എന്താണ് മുണ്ടിനീര്? ലക്ഷണങ്ങൾ എന്തെല്ലാം?
ചെവിക്ക് താഴെയുള്ള ഉമിനീർ ഗ്രന്ഥികളുടെ (പരോട്ടിഡ് ഗ്രന്ഥികൾ) വേദനാജനകമായ വീക്കത്തിന് കാരണമാകുന്ന ഒരു പകർച്ചവ്യാധിയാണ് മംപ്സ്. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ, വായുവിലേക്ക് തുള്ളികൾ പുറത്തുവിടുമ്പോഴോ, പ്രതലങ്ങളിൽ ഉമിനീർ പടരുമ്പോഴോ ആണ് മുണ്ടിനീര് വൈറസ് പടരുന്നത്. എംഎംആർ വാക്സിൻ വഴി എളുപ്പത്തിൽ തടയാം. രോഗകാരിയുമായുള്ള സമ്പർക്കത്തിന് ശേഷം സാധാരണയായി 12 മുതൽ 25 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
പാരമിക്‌സോ വൈറസാണ് മുണ്ടിനീരിന് കാരണമായ രോഗാണു. താടയിലെ നീരാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഉമിനീർ ഗ്രന്ഥി നീര് വച്ച് വീർക്കുന്നതാണിത്. വൈറസ് ശരീരത്തിൽ കയറി ഏകദേശം 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ രോഗം ലക്ഷണങ്ങൾ പുറത്ത് വരാൻ തുടങ്ങും. ഗ്രന്ഥി വീർക്കുന്നതിനൊപ്പം പനി, തലദേവ, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക തുടങ്ങിയവയൊക്കെ മറ്റ് ലക്ഷണങ്ങളാണ്. മുഖത്തുണ്ടാകുന്ന വേദനയും ഇതിൻ്റെ ലക്ഷണമാണ്.
രോഗ ലക്ഷണമുള്ളവർ സ്വയം ചികിത്സ ചെയ്യാതിരിക്കുക. കൃത്യസമയത്ത് രോഗം ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. വാക്സിന് എടുക്കുന്നതാണ് രോഗപ്രതിരോധത്തിനുള്ള വഴി. ശുചിത്വം പാലിക്കുന്നതിലൂടെ രോഗം ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
പല്ലുവേദന, നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുതെന്നും ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും ഡോക്ടറെ കണ്ട് ചികിത്സ തേടുകയും വേണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam