
എല്ലാ വർഷവും നവംബർ 17-ന് ദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു. അപസ്മാരത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും, ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ഈ ദിനം ആചരിക്കുന്നു.
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. ലോകത്ത് ഏതാണ്ട് അമ്പത് ലക്ഷത്തിലധികം പേര്‍ അപസ്മാര രോഗികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും വികസ്വര രാജ്യങ്ങളിലാണ്. അസുഖം പ്രാഥമികമായി ബാധിക്കുന്നത് മസ്തിഷ്‌കകോശങ്ങളെയാണ്. മസ്തിഷ്‌കത്തിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതോടെ നാഡികളിലേക്കുള്ള സന്ദേശ സംവിധാനവും താളം തെറ്റുന്നു. തലച്ചോറിന്റെ ഏതു ഭാഗത്തെയാണോ ബാധിക്കുന്നത് അതിനനുസരിച്ച് കാണിക്കുന്ന ലക്ഷണങ്ങളിലും വ്യത്യാസം വരുന്നു.
കുറച്ചു നേരത്തേക്ക് ബോധം നഷ്ടപ്പെടുക, അസാധാരണമായ സംസാരം, കണ്ണുകള്‍ ഇമവെട്ടിക്കൊണ്ടേയിരിക്കുക, കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുക, തല തിരിച്ചുകൊണ്ടിരിക്കുക, കൈകാലുകള്‍ പെട്ടെന്ന് അപകടകരമായ വിധത്തില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുക, ബോധമില്ലാതാകുക, പെട്ടെന്നുള്ള വിറയൽ, പേശികൾ ചലിക്കാത്ത അവസ്ഥ തുടങ്ങിയവയൊക്കെ അപസ്മാരത്തിന്റെ ഭാഗമായി കാണാറുണ്ട്.
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും അപസ്മാരം ബാധിച്ചേക്കാം. നാഡീ സംബന്ധമായ രോഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭ്യമായ ഒന്നാണ് അപസ്മാരം.