
“മാനസികാരോഗ്യ പ്രശ്നങ്ങൾക്കിടയിലെ ജലദോഷം” എന്നാണ് ലോകാരോഗ്യ സംഘടന വിഷാദത്തെ വിശേഷിപ്പിക്കുന്നത്. കാരണം അത്രമാത്രം സാധാരണവും എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുന്നതുമായ അവസ്ഥയാണ് ഇത്. ഒരിക്കൽ മുതിർന്നവരിൽ മാത്രമായി കരുതപ്പെട്ടിരുന്ന വിഷാദം, ഇന്ന് കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതത്തെയും കഠിനമായി ബാധിക്കുന്നു. കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും കാരണങ്ങളെ കുറിച്ചും കൊച്ചി പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ സ്ഥാപകനായ ഡോ. സണ്ണി ജോസഫ് കുന്നശ്ശേരി സംസാരിക്കുന്നു. തയ്യാറാക്കിയത് റിന്റു ജോൺ.
വിഷാദം കുട്ടികളിൽ എങ്ങനെ?
കുട്ടികൾ മുതിർന്നവരെ പോലെ അവരുടെ വികാരങ്ങൾ തുറന്നു പറയാറില്ല. അതുകൊണ്ട് തന്നെ കുട്ടികളിലെ വിഷാദം തിരിച്ചറിയുക പലപ്പോഴും പ്രയാസമാണ്. എന്നാൽ അവരെ അടുത്തറിയുന്നവർക്ക് അവരുടെ സ്വഭാവത്തിലും പെരുമാറ്റങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ വേഗത്തിൽ തിരിച്ചറിയാൻ കഴിയും നിരീക്ഷിക്കാവുന്ന ചില ലക്ഷണങ്ങൾ:
നിരാശയും തളർച്ചയും നിറഞ്ഞ മനോഭാവം
ഒരിക്കൽ ഇഷ്ടമായിരുന്ന കളികൾ, കൂട്ടുകാർ, പ്രവർത്തനങ്ങൾ എന്നിവയോട് താൽപര്യം നഷ്ടപ്പെടുക
ഉറക്കത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ
പഠനത്തിനുള്ള താൽപര്യം കുറയുക, ശ്രദ്ധ നഷ്ടപ്പെടുക
“ഞാൻ നല്ലവനല്ല”, “എനിക്കൊന്നിനും പറ്റുന്നില്ല” പോലുള്ള വാക്കുകൾ ഉപയോഗിക്കുക
സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകലം പാലിക്കുക
അനാവശ്യമായ കോപം, കരച്ചിൽ, ഭയം തുടങ്ങിയ അപ്രതീക്ഷിത വികാരങ്ങൾ
ഇവയിൽ പലതും “സാധാരണ കുട്ടിക്കാല സ്വഭാവം” എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടാം. എന്നാൽ ഈ ലക്ഷണങ്ങൾ ദീർഘകാലം തുടരുകയാണെങ്കിൽ അത് ശ്രദ്ധിക്കേണ്ട സൂചനയാണ്.
കണക്കുകൾ പറയുന്നത്
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം 10 മുതൽ 19 വയസ്സ് വരെയുള്ള കൗമാരക്കാരിൽ ഏകദേശം ഏഴിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. അവയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നത്, വിഷാദവും ഉത്കണ്ഠയുമാണ്. ഇന്ത്യയിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് കുട്ടികളിൽ 6% മുതൽ 20% വരെ ഏതെങ്കിലും ഘട്ടത്തിൽ വിഷാദ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നാണ്. കൊവിഡ് മഹാമാരിയുടെ കാലഘട്ടം ഈ പ്രശ്‌നത്തെ കൂടുതൽ ഗുരുതരമാക്കി. ഓൺലൈൻ പഠനം, ഒറ്റപ്പെടൽ, സ്കൂൾ ജീവിതത്തിലെ ഇടവേള, ഡിജിറ്റൽ ആശ്രയം എന്നിവ കുട്ടികളിൽ മാനസിക സമ്മർദ്ദം വർധിപ്പിച്ചു.
കാരണമാകുന്ന ഘടകങ്ങൾ
കുട്ടികളിലെ വിഷാദത്തിന് പലതരം കാരണങ്ങളുണ്ട്:
കുടുംബ തർക്കങ്ങൾ, മാതാപിതാക്കളുടെ വേർപിരിയൽ, ലഹരിപദാർത്ഥ ഉപയോഗം തുടങ്ങിയ പ്രതിസന്ധികൾ
ബുള്ളിങ്ങ്, ഓൺലൈൻ പരിഹാസം പോലുള്ള സൈബർ സമ്മർദ്ദങ്ങൾ
വിദ്യാഭ്യാസ സമ്മർദ്ദം, അദ്ധ്യാപകരോ കൂട്ടുകാരോ വീട്ടുകാരോ ഒക്കെ നടത്തുന്ന താരതമ്യങ്ങൾ.
ജന്മസഹജമായ മാനസിക സ്വഭാവങ്ങൾ, തലച്ചോറിലെ രാസതത്വ വ്യതിയാനങ്ങൾ
സ്നേഹവും ആശ്വാസവും കുറവുള്ള കുടുംബാന്തരീക്ഷം
മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടത്
കുട്ടികളിലെ വിഷാദം തിരിച്ചറിയാനുള്ള ആദ്യ ഉത്തരവാദിത്തം വീട്ടിലും സ്കൂളിലുമാണ്.
കുട്ടി അവന്റെ വികാരങ്ങൾ പങ്കുവയ്ക്കാൻ സ്വതന്ത്രമായ അന്തരീക്ഷം ഒരുക്കുക.
വിമർശനത്തേക്കാൾ ശ്രദ്ധയും കരുതലും നൽകുക.
കുട്ടി പറഞ്ഞുകൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ പോലും അവഗണിക്കരുത്.
ഉറക്കക്രമം, ഭക്ഷണക്രമം, സ്കൂൾ പ്രകടനം, സൗഹൃദങ്ങൾ എന്നിവയിൽ മാറ്റങ്ങൾ ശ്രദ്ധിക്കുക.
ആവശ്യമെങ്കിൽ മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടുക.
ചികിത്സയും പിന്തുണയും
കുട്ടികളിലെ വിഷാദരോഗം ചികിത്സിക്കാവുന്നതാണ്. കൃത്യമായ കൗൺസലിംഗ്, കുടുംബസഹായം, ആവശ്യമെങ്കിൽ മരുന്ന് ചികിത്സ എന്നിവയിലൂടെ കുട്ടിയെ പഴയ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും.
പ്രാരംഭ ഇടപെടൽ (early intervention) ഏറ്റവും ഫലപ്രദമാണ്. വൈകിപ്പിക്കുന്നതുകൊണ്ട് അവസ്ഥ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്.
സമൂഹത്തിന്റെ പങ്ക്
വിഷാദം ഒരു കുട്ടിയുടെ പ്രശ്‌നം മാത്രമല്ല, അത് നമ്മുടെ സമൂഹത്തിന്റെ മുഴുവൻ പ്രശ്നമാണ്. ഇത്തരം മാനസികാവസ്ഥകളിൽ നിന്ന് കുട്ടികളെ കരകയറ്റേണ്ടത് അവർക്കു ചുറ്റുമുള്ള മുതിർന്നവരായ വ്യക്തികളുടെ കൂട്ടുത്തരവാദിത്വമാണ്. അതിനായി കാര്യമായ ഇടപെടലുകൾ നടത്തിയേ മതിയാകു. കുട്ടികളിലെ വിഷാദ അവസ്ഥയെയും ഉത്കണ്ഠകളെയും അവഗണിച്ചു കളയാതെ സ്കൂളുകളിലും മറ്റും മാനസികാരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തുന്നത് നല്ലതാണ്.
മറ്റുള്ളവരെ പരിഹസിക്കുന്നതിനു പകരം അവരോട് സഹാനുഭൂതിയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കണം. തന്റെ കുട്ടി മൂലം മറ്റൊരു കുട്ടിക്കും മാനസിക വിഷമം ഉണ്ടാകാൻ പാടില്ല എന്ന് ഓരോ മാതാപിതാക്കളും ഉറപ്പാക്കണം. മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുട്ടികളുടെ വികാരങ്ങൾ മാനിക്കുന്ന തരത്തിൽ പ്രവർത്തിക്കണം.
കുട്ടികളിലെ വിഷാദരോഗം നിസ്സാരമല്ല, പക്ഷേ അതിജീവിക്കാവുന്നതാണ്. അവർക്കായി നാം ചെലവഴിക്കുന്ന ഒരു ചെറിയ ശ്രദ്ധ, ഒരു കരുതൽ, ഒരു തലോടൽ അതുമതി അവരുടെ ഭാവി പുനർനിർമ്മിക്കാൻ. മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിവോടെ 'നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് ചേർത്തുനിർത്താം.