
അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശരീരഭാരം കൂട്ടാൻ എളുപ്പമാണ്. ഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരും പറയുന്നത്. ഭക്ഷണക്രമം മാത്രമല്ല ജീവിതശെെലിയിലെ മറ്റ് ചില മാറ്റങ്ങൾ ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നുണ്ട്. മൂന്ന് വർഷം കൊണ്ട് 52 കിലോ ഭാരം കുറച്ച തൊടുപുഴ സ്വദേശി ഡോ. അക്ഷയ് രാജ് ബാബു തന്റെ വെയ്റ്റ് ലോസ് യാത്ര ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.
അന്ന് 130 കിലോ, ഇന്ന് 78 കിലോ
മൂന്ന് വർഷം കൊണ്ടാണ് 52 കിലോ ഭാരം കുറച്ചത്. ആദ്യം 130 കിലോയായിരുന്നു. ക്യത്യമായ ഡയറ്റും വർക്കൗട്ടും ചെയ്താണ് ഭാരം കുറച്ചത്. ഒരു വർഷം കൊണ്ട് 100 കിലോയ്ക്ക് താഴേ എത്താൻ സാധിച്ചു. ഇപ്പോൾ 78 കിലോയാണുള്ളത്. ഭാരം കൂട്ടാതെ കൊണ്ട് പോകാൻ പറ്റുന്നുണ്ടെന്ന് ഡോ. അക്ഷയ് രാജ് പറയുന്നു.
ഹെൽത്തി ഡയറ്റ് പ്ലാനിലൂടെയാണ് ഭാരം കുറയ്ക്കാൻ സാധിച്ചത്. ഡയറ്റ് നോക്കി തുടങ്ങിയപ്പോൾ ആദ്യം തന്നെ ജങ്ക് ഫുഡ് പൂർണമായി ഒഴിവാക്കി. രാത്രിയിൽ കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയിരുന്നു. രാത്രിയിൽ 110 കിലോ ആകുന്നത് വരെ തണ്ണിമത്തനും മൂന്നോ നാലോ മുട്ടയുടെ വെള്ളയുമാണ് കഴിച്ചിരുന്നതെന്ന് ഡോ. അക്ഷയ് രാജ് പറഞ്ഞു.
‘വെറും വയറ്റിൽ ഗ്രീൻ ടീയോ ലെെം ടീയോ കുടിക്കും’
‘ബഹ്റൈനിലാണ് ജനിച്ചതും വളർന്നതുമൊക്കെ. അത് കൊണ്ട് തന്നെ അവിടെത്തെ ഭക്ഷണങ്ങൾ പെട്ടെന്നാണ് ഭാരം കൂട്ടാൻ ഇടയാക്കിയത്. അന്ന് നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്…’ - ഡോ. അക്ഷയ് രാജ് പറഞ്ഞു.
രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഗ്രീൻ ടീയോ ലെെം ടീയോ കുടിക്കാറുണ്ടായിരുന്നു. ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡ്ലി, ദോശ, ചപ്പാത്തി ഏതാണെങ്കിലും രണ്ടെണ്ണം വച്ചാണ് കഴിക്കാറുള്ളത്.
ഇപ്പോൾ പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കാറുണ്ട്. അത്താഴം നേരത്തെ കഴിക്കാറാണ് പതിവ്. വണ്ണം ഉണ്ടായിരുന്ന സമയത്ത് പടികൾ കയറാനുള്ള പ്രയാസം മാത്രമേ ഉണ്ടായിരുന്നു. ഭാരം കുറച്ച ശേഷം ആത്മവിശ്വാസവും എനർജി ലെവലും കൂടി. ദിവസവും ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യാറുണ്ട്. മാക്സിമം ഒന്നര മണിക്കൂർ വരെ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ട്.
‘ മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് വണ്ണം കുറയ്ക്കാനായി ഒരിക്കലും ഇറങ്ങരുത്. കാരണം, ഇത് നമ്മുടെ ശരീരമാണ്. ഒരിക്കലും പെട്ടെന്ന് ഭാരം കുറയ്ക്കാൻ ശ്രമിക്കരുത്. വളരെ പതുക്കെയാണ് വണ്ണം കുറയ്ക്കേണ്ടത് ...’ - ഡോ. അക്ഷയ് രാജ് പറഞ്ഞു.
ഫെെബർ , പ്രോട്ടീൻ പോലുള്ള പോഷകങ്ങൾ ചേർത്തുള്ള ഭക്ഷണങ്ങൾ തന്നെ ബ്രേക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുകയും അധിക മധുരമില്ലാത്ത പഴങ്ങൾ ഉൾപ്പെടുത്തി ഡയറ്റ് പിന്തുടരുകയാണ് വേണ്ടതെന്നും ഡോ. അക്ഷയ് രാജ് പറയുന്നു.
മംഗളൂരുവിലുള്ള Ground sport fitness ജിമ്മിലെ ട്രെയിനറാണ് വർക്കൗട്ടും ഡയറ്റ് പ്ലാനും പറഞ്ഞ് തന്നിരുന്നത്. ട്രെയിനർമാരായ സൂരജ് ഷെട്ടി , ഡെൻസ്റ്റൺ , ഭരത് ഷെട്ടി എന്നിവരുടെ സഹായത്തോടെ ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചു.
സൂരജ് ഷെട്ടി , ഡെൻസ്റ്റൺ , ഭരത് ഷെട്ടി എന്നിവരുടെ സഹായത്തോടെ ഡയറ്റ് പിന്തുടർന്നു. ഡോ. അക്ഷയ് രാജ് തൊടുപുഴ സ്മിത മെമോറിയൽ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റിൽ ഐസിയു വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. തൊടുപുഴയിലെ piestys fitness club എന്ന ജിമ്മിലാണ് ഇപ്പോൾ പോകുന്നത്.