
പല തരം ചായകളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്, അല്ലേ? ലെമണ്‍ ടീ, ജിഞ്ചര്‍ ടീ, മസാല ടീ, തുളസി ടീ അങ്ങനെ പല ഫ്‌ളേവറുകളില്‍ പല ഗുണങ്ങളില്‍ നമുക്ക് ചായ തയ്യാറാക്കാവുന്നതാണ്. ഇക്കൂട്ടത്തിലേക്കിതാ അധികമാരും കേള്‍ക്കാന്‍ സാധ്യതയില്ലാത്തതും പരീക്ഷിച്ചിട്ടില്ലാത്തുമായ ഒരു ചായയെ കൂടി പരിചയപ്പെടുത്തുകയാണ്.
'ഒനിയന്‍ ടീ' അഥവാ വലിയ ഉള്ളി കൊണ്ട് തയ്യാറാക്കുന്ന ചായയാണിത്. സാധാരണഗതിയില്‍ നമ്മള്‍ ഉള്ളി ഉപയോഗിക്കുന്നത് കറികളോ സലാഡോ എല്ലാം തയ്യാറാക്കാനാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി ഉള്ളിനീര് മുടിയില്‍ തേക്കുന്നവരുമുണ്ട്. എന്നാല്‍ ഉള്ളിച്ചായയെ കുറിച്ച് മിക്കവരും കേട്ടിരിക്കില്ല.
തൊണ്ടവേദനയുള്ളപ്പോള്‍ അതിന്റെ വിഷമതകളകറ്റാനും കഫക്കെട്ടിന് ആശ്വാസം പകരാനുമാണ് പ്രധാനമായും ഉള്ളിച്ചായ ഉപകാരപ്പെടുന്നതെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറയുന്നു.
വൈറ്റമിന്‍-ബി, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളുടേയും സ്രോതസാണ് ഉള്ളി.
'വളരെ ശക്തിയേറിയ പ്രകൃതിദത്തമായ ആന്റിബയോട്ടിക് ആയിട്ടാണ് ഉള്ളിയെ കണക്കാക്കുന്നത്. വൈറല്‍- ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ ഉള്ളിക്കുള്ള കഴിവ് അപാരമാണ്. അതിനാല്‍ ചുമയ്ക്കും തൊണ്ടവേദനയ്ക്കും യോജിച്ച മരുന്നാണ് ഒനിയന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കഫക്കെട്ടിനെതിരെ പൊരുതാനും കഫത്തെ പുറത്തെത്തിക്കാനുമെല്ലാം സഹായകമാണ്...'- ലവ്‌നീത് ബത്ര പറയുന്നു.
ഒനിയന്‍ ടീ തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. അരമുറി ഉള്ളി തൊലി കളഞ്ഞ ശേഷം ഒരു കപ്പ് വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചുകഴിഞ്ഞ ശേഷം ഇത് അരിച്ചെടുത്ത് അല്‍പം തേനും ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഉള്ളിച്ചായ റെഡി. തേനും ചെറുനാരങ്ങാനീരും ചേര്‍ക്കാതെയും ഇത് തയ്യാറാക്കാവുന്നതാണ്.
Also Read:- വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam