Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ അഞ്ച് പാനീയങ്ങള്‍...

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. 

healthy drinks for weight loss
Author
Thiruvananthapuram, First Published Jan 26, 2021, 10:30 PM IST

അമിതവണ്ണമാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. മാറിയ ജീവിതശൈലിയാണ് ഈ അമിതവണ്ണത്തിന് കാരണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും തമ്മിൽ ബന്ധമുണ്ട്. വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.  ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

രണ്ട്...

ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.

മൂന്ന്...

ഇഞ്ചി ചായയും ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.

നാല്...

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നാരങ്ങാ വെള്ളം നല്ലൊരു മരുന്നാണെന്ന് വേണമെങ്കിൽ പറയാം.  ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയോടൊപ്പം തേനും ഇഞ്ചിയും കൂടി ചേര്‍ക്കുന്നതും നല്ലതാണ്. 

അഞ്ച്...

ആന്റിഓക്സിഡന്‍റ് ധാരളമുള്ളതാണ് ഇഞ്ചിയും അപ്പിള്‍ സിഡര്‍ വിനഗറും. ഇവ രണ്ടും സമം ചേര്‍ത്തു കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

Also Read: വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ...

Follow Us:
Download App:
  • android
  • ios