
പണ്ടൊക്കെ പ്രായമായവരിൽ മാത്രമാണ് മുടി നരച്ചിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. ചെറുപ്പത്തിലെ തന്നെ മുടി നരയ്ക്കുന്നത് കാണാവുന്നതാണ്. ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും പാരമ്പര്യവുമൊക്കെ മുടി നേരത്തെ നരയ്ക്കുന്നതിന്റെ ചില കാരണങ്ങളാണ്.
അകാല നരയുടെ ലക്ഷണങ്ങൾ നിങ്ങളിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞെങ്കിൽ മാത്രമേ അതിനുവേണ്ട പരിഹാര വിധികൾ നൽകാൻ കഴിയുകയുള്ളു.
നരച്ച മുടി സാധാരണയായി വാർദ്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. മുടിയുടെ നിറവ്യത്യാസത്തിന് കാരണം പിഗ്മെന്റേഷനിലെ ക്രമാനുഗതമായ കുറവ് മൂലമാണ്. മുടിയുടെ വേരിൽ മെലാനിൻ ഉത്പാദനം കുറയുകയും പിഗ്മെന്റ് ഇല്ലാതെ പുതിയ രോമങ്ങൾ വളരുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് പോഷകാഹാര വിദഗ്ധ അഞ്ജലി മുഖർജി പറയുന്നു.
അകാല നരയ്ക്ക് പിന്നിലെ അഞ്ച് കാരണങ്ങൾ
1. പാരമ്പര്യം
2. മുടി പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, കുറഞ്ഞ പ്രോട്ടീൻ ഉപഭോഗം മുടിയുടെ നിറവ്യത്യാസത്തിന് കാരണമാകും.
3. ദീർഘനാൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് മുടി നേരത്തെ നരയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
4. ചായ, കാപ്പി, മദ്യം, പഞ്ചസാര, ചുവന്ന മാംസം, വറുത്തതും, എരിവുള്ളതും, അസിഡിറ്റി ഉള്ളതുമായ ഭക്ഷണങ്ങൾ എന്നിവയുടെ അമിതമായ ഉപയോഗം മുടിയുടെ ഫോളിക്കിളുകളിൽ എത്തുന്ന ഈർപ്പവും പോഷകങ്ങളും കുറയ്ക്കും.
5. ചെമ്പ്, സെലിനിയം, ഇരുമ്പ്, കാൽസ്യം തുടങ്ങിയ സുപ്രധാന ധാതുക്കളുടെയും ബി 12, ഫോളിക് ആസിഡ് പോലുള്ള വിറ്റാമിനുകളുടെയും അഭാവം മൂലവും മെലാനിൻ ഉൽപാദനം കുറയാം. ഇതും അകാലനരയ്ക്ക് കാരണമാകുന്നു.