Latest Videos

കൊവിഡിന് ശേഷമുള്ള 'ഹാര്‍ട്ട് അറ്റാക്ക്'; അറിയേണ്ട പ്രധാന കാര്യങ്ങള്‍...

By Web TeamFirst Published Sep 3, 2021, 2:16 PM IST
Highlights

കൊവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ അത് എത്തരത്തിലെല്ലാമാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്നതില്‍ പല വിഷയങ്ങളും അറിയേണ്ടതായുണ്ട്. അത്തരത്തില്‍ കൊവിഡിനെ തുടര്‍ന്നുള്ള ഹൃദയാഘാതവുമായി ബന്ധപ്പെട്ട് അറിയേണ്ട പ്രധാനപ്പെട്ട വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്

കൊവിഡ് 19 മഹാമാരി അടിസ്ഥാനപരമായി ശ്വാസകോശരോഗമാണെങ്കില്‍ കൂടിയും ഇത് മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ഹൃദയത്തെയും ഇത്തരത്തില്‍ കൊവിഡ് ബാധിക്കുന്നുണ്ട്. തല്‍ഫലമായി കൊവിഡിനെ തുടര്‍ന്ന് ഹൃദയാഘാതം നേരിട്ടവരും നിരവധിയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. 

കൊവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് തന്നെയാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ അത് എത്തരത്തിലെല്ലാമാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്നതില്‍ പല വിഷയങ്ങളും അറിയേണ്ടതായുണ്ട്. അത്തരത്തില്‍ കൊവിഡിനെ തുടര്‍ന്നുള്ള ഹൃദയാഘാതവുമായി ബന്ധപ്പെട്ട് അറിയേണ്ട പ്രധാനപ്പെട്ട വിവരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

കൊവിഡിനെ തുടര്‍ന്ന് ഹൃദയാഘാതം; സാധ്യതയെത്ര? 

കൊവിഡ് ബാധിതരായ എല്ലാവരിലും ഹൃദയാഘാത സാധ്യതയുണ്ടാകില്ലെന്ന് നമുക്കറിയാം. ഒരു വിഭാഗം പേരിലാണ് ഇതിനുള്ള സാധ്യതയുള്ളത്. അടുത്തിടെ 'ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത് ഗുരുതരമായ രീതിയില്‍ കൊവിഡ് ബാധിക്കപ്പെട്ട അഞ്ചിലൊരാള്‍ക്ക് ഹൃദയാഘാത സാധ്യത ഉണ്ടായിരിക്കുമെന്നാണ്. 

 


കൊവിഡ് പിടിപെട്ട് ആഴ്ചകള്‍ക്കോ മാസങ്ങള്‍ക്കോ ശേഷമാകാം ഇത് സംഭവിക്കുകയെന്നും പഠനം പറയുന്നു. മിക്കവര്‍ക്കും ഈ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചേക്കാം. എന്നാല്‍ ഒരു ചെറിയ വിഭാഗത്തിന് ഇതോടെ ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നു. 

കൊവിഡ് പിടിപെടും മുമ്പ് ഹൃദയവുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലാതിരുന്നവരില്‍ കൊവിഡിന് ശേഷം ഇത്തരം പ്രശ്‌നങ്ങള്‍ പുതുതായി രൂപപ്പെടുന്നതായും പഠനം കണ്ടെത്തിയിരുന്നു. 

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? 

'മറ്റ് പല വൈറല്‍ ഇന്‍ഫെക്ഷനുകളെയും അപേക്ഷിച്ച് ശരീരത്തെ വലിയ രീതിയില്‍ ബാധിക്കുന്ന വൈറല്‍ ഇന്‍ഫെക്ഷനാണ് കൊവിഡ് 19. ഇത് രക്തധമനികളെയെല്ലാം സാരമായ രീതിയില്‍ ബാധിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ടാകുന്നു, ഇത് ഹൃദയാഘാതത്തിലേക്കും നയിക്കുന്നു..'- കൊച്ചി ആസ്തര്‍ മെഡിസിറ്റിയില്‍ നിന്നുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. അനില്‍ കുമാര്‍ ആര്‍ പറയുന്നു. 

രോഗം തീവ്രമാകുന്ന അവസ്ഥയില്‍ ഹൃദയം കടുത്ത സമ്മര്‍ദ്ദത്തിലാകുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കാറുണ്ടെന്നും മാനസികമായും ശാരീരികമായുമുള്ള സമ്മര്‍ദ്ദങ്ങളെല്ലാം തന്നെ ഹൃദയത്തെയും പ്രതികൂലമായി ബാധിക്കാമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

 

 

'കൊവിഡ് ആദ്യതരംഗത്തെ സംബന്ധിച്ച് രണ്ടാം തരംഗത്തില്‍ കൊവിഡിനെ തുടര്‍ന്നുള്ള ഹൃദയാഘാതം കൂടിവന്നിരുന്നു. രോഗം വ്യാപകമാകുന്നതും ആകെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതും രോഗതീവ്രത വര്‍ധിക്കുന്നതുമെല്ലാം കൊവിഡ് രോഗികളില്‍ ഹൃദയാഘാത സാധ്യത കൂട്ടുന്നുണ്ട്....'- ഗുരുഗ്രാമിലെ 'മെഡാന്റ'യില്‍ ക്ലിനിക്കല്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ ഡയറക്ടറായ ഡോ. സഞ്ജയ് മിത്തല്‍ പറയുന്നു. 

കൊവിഡ് പിടിപെടുന്നതിന് മുമ്പ് തന്നെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍, ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരിലാണ് അധികവും ഗുരുതരമായ കൊവിഡ് ബാധിക്കപ്പെടുമ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കൊവിഡ് മാത്രമായി ഹൃദയാഘാതത്തിലേക്ക് നയിക്കുകയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...

ഹൃദയാഘാതം സമയബന്ധിതമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്താല്‍ ജീവന്‍ രക്ഷിക്കുക സാധ്യമാണ്. ഇതിനായി ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞുവയ്ക്കാം. 

-പെട്ടെന്നുള്ള നെഞ്ചുവേദന
-അസാധാരണമായ വിധത്തില്‍ ശരീരം വിയര്‍ക്കുക
-തോളിനു ചുറ്റും സ്ന്ധികളിലുമെല്ലാം വേദന
-നെഞ്ചിടിപ്പില്‍ വ്യത്യാസം വരിക (കൂടുകയോ കുറയുകയോ ആവാം)
-അസ്വസ്ഥത

 


ഈ ലക്ഷണങ്ങളെല്ലാം ഹൃദയാഘാതത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. എന്നാല്‍ പല ആരോഗ്യപ്രശ്‌നങ്ങളുടെയും ഭാഗമായും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഇത് ഡോക്ടറുടെ സഹായപ്രകാരം മാത്രം ഉറപ്പിക്കുക. ഏത് അവസ്ഥയിലും എളുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാകാതിരിക്കുക. സമ്മര്‍ദ്ദത്തിലാകുന്നത് വീണ്ടും ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കാം. സംയമനത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക.

Also Read:- സിദ്ധാര്‍ഥ് ശുക്ലയുടെ മരണം; യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്...?

click me!