
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എച്ച്1എൻ1 കേസുകൾ കൂടി വരുന്നു. ഈ സാഹചര്യത്തിൽ, രോഗലക്ഷണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സാധാരണയായി 'സ്വൈൻ ഫ്ലൂ' എന്ന് അറിയപ്പെടുന്ന ഈ രോഗം തുടക്കത്തിൽ ഒരു സാധാരണ വൈറൽ അസുഖം പോലെ തോന്നിച്ചേക്കാം.
എച്ച്1എൻ1 എന്നത് ഇൻഫ്ളുവൻസ എ (Influenza A) വിഭാഗത്തിൽപ്പെടുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചപ്പനിയാണ്. ഇത് പന്നിപ്പനി (Swine flu) എന്നും അറിയപ്പെടുന്നു. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അസാധാരണമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ചെറിയ കുട്ടികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് രോഗം സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ, രോഗം നേരത്തേ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
എച്ച്1എൻ1 ബാധയുടെ തുടക്കത്തിൽ രോഗലക്ഷണങ്ങൾ പലപ്പോഴും തീവ്രമായി അനുഭവപ്പെടാറില്ലാത്തതിനാൽ ആദ്യ ദിവസങ്ങളിലെ അവസ്ഥ തെറ്റിദ്ധാരണയുണ്ടാക്കിയേക്കാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇൻഫ്ലുവൻസ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നതിനുള്ള ഒരു കാരണം, അതിന്റെ പ്രാരംഭ ലക്ഷണങ്ങൾ മറ്റ് പല വൈറൽ അണുബാധകളുടേതിന് സമാനമാണ് എന്നതാണ്.
പനി, തലവേദന, ശരീരവേദന, വിറയൽ, തൊണ്ടവേദന അല്ലെങ്കിൽ ചുമ എന്നിവ അനുഭവപ്പെട്ടാൻ അവഗണിക്കരുതെന്ന് ദില്ലിയിലെ ഹൗസ് ഖാസിലുള്ള 'ക്യാപിറ്റൽ ഹെൽത്ത് ക്ലിനിക്കി'ലെ ഡയറക്ടറും ചീഫ് റേഡിയോളജിസ്റ്റ് ഡോ. ബിമൽപ്രീത് മോഹൻ പറയുന്നു. ശുചിത്വം കാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ പാലിച്ചാൽ രോഗസാധ്യത കുറയ്ക്കും.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികൾ പരിപൂർണ്ണ വിശ്രമം എടുക്കുക. പനിയുള്ളവർ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുകയും വീട്ടിൽതന്നെ വിശ്രമിക്കുകയും വേണം. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. എല്ലാ പനിക്കും H1N1 പരിശോധനയോ ആശുപത്രി സന്ദർശനമോ ആവശ്യമില്ല. എന്നാൽ, കടുത്ത ക്ഷീണം, ചുമ, ശ്വാസതടസ്സം എന്നിവയോടൊപ്പമുള്ളതും വിട്ടുമാറാത്തതോ ആയ ഉയർന്ന പനിയെ അവഗണിക്കരുത്.
ആരോഗ്യമുള്ളവരിലും ഇൻഫ്ലുവൻസ ബാധയുണ്ടാകാം. എന്നാൽ ചില വിഭാഗങ്ങളിൽ രോഗം സങ്കീർണ്ണമാകാനുള്ള സാധ്യത കൂടുതലാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, മുതിർന്ന പൗരന്മാർ, അതുപോലെ ആസ്ത്മ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും - ചില ക്യാൻസർ രോഗികൾ ഉൾപ്പെടെ - കൂടുതൽ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമായി വന്നേക്കാം.
കൂടാതെ, ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ ശ്വാസകോശ സംബന്ധമായ അണുബാധകളെ നേരിടുന്നത് കൂടുതൽ പ്രയാസകരമാക്കിയേക്കാവുന്നതിനാൽ, ഈ കാലയളവിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഹൃദയ-രക്തക്കുഴലുകൾ, ശ്വസനവ്യവസ്ഥ, പ്രതിരോധ സംവിധാനം എന്നിവയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഒരു കാലഘട്ടമാണ് ഗർഭകാലം. H1N1 ബാധിക്കുന്ന എല്ലാ ഗർഭിണികളും ഗുരുതരമായി രോഗബാധിതരാകുമെന്ന് ഇതിനർത്ഥമില്ലെന്നും വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam