
സ്കിൻ കെയര്‍ അഥവാ ചര്‍മ്മ പരിപാലനത്തിന്‍റെ കാര്യത്തില്‍ നാം എപ്പോഴും കേള്‍ക്കാറുള്ളതാണ് സണ്‍സ്ക്രീനിന്‍റെ പ്രാധാന്യം. രാവിലെയും വൈകീട്ടും മുഖം വൃത്തിയാക്കി, മോയിസ്ചറൈസര്‍ അപ്ലൈ ചെയ്ത ശേഷം സണ്‍സ്ക്രീൻ തേക്കുകയാണ് വേണ്ടത്.
പ്രധാനമായും വെയിലില്‍ നിന്നേല്‍ക്കുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുവാനാണ് സൺസ്ക്രീൻ തേക്കുന്നത്. ഇപ്പോഴും ധാരാളം പേര്‍ സൺസ്ക്രീനിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് കുറെക്കൂടി വ്യക്തത കൈവരാൻ സഹായകമാകുന്നൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വര്‍ഷങ്ങളോളം മുഖത്ത് മാത്രം സണ്‍സ്ക്രീൻ തേക്കുകയും കഴുത്തില്‍ തേക്കാതിരിക്കുകയും ചെയ്തൊരു വൃദ്ധയുടെ മുഖചര്‍മ്മവും കഴുത്തിലെ ചര്‍മ്മവും തമ്മിലുള്ള ഞെട്ടിക്കുന്ന അന്തരം വ്യക്തമാക്കുന്നൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെര്‍മറ്റോളജിസ്റ്റായ ഡോ. എവി ബിറ്റര്‍മാൻ ട്വിറ്ററില്‍ പങ്കുവച്ച വാര്‍ത്തയാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്.
92 വയസുള്ള സ്ത്രീയുടെതാണ് ചിത്രം. നാല്‍പത് വര്‍ഷമായി ഇവര്‍ മുഖത്ത് മാത്രം സൺസ്ക്രീൻ ഉപയോഗിക്കുന്നുവത്രേ. എന്നാല്‍ കഴുത്തില്‍ ഇതുപയോഗിച്ചിരുന്നില്ല. ഇതോടെ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് വെയിലേറ്റ് ചര്‍മ്മത്തിന് സംഭവിച്ച കേടുപാട് എത്രമാത്രമാണെന്നാണ് ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്. മുഖത്തെ ചര്‍മ്മത്തിന്‍റെ നിറമല്ല കഴുത്തിന് കാണുന്നത്. മാത്രമല്ല, ചുളിവുകളും പാടുകളുമെല്ലാം വച്ചുനോക്കുമ്പോള്‍ അജഗജാന്തരം എന്ന് തന്നെ ഈ വ്യത്യാസത്തെ വിശേഷിപ്പിക്കാം.
നിരവധി പേരാണ് ഈ ചിത്രത്തോട് പ്രതികരണമറിയിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സണ്‍സ്ക്രീൻ ഒട്ടുമേ ഉപയോഗിക്കാത്തൊരാളുടെ ചര്‍മ്മം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെയിരിക്കുമെന്നാണ് ഏവരുടെയും ചോദ്യം. പലപ്പോഴും ഇത്തരത്തില്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ നമ്മുടെ ചര്‍മ്മത്തിലേല്‍പിക്കുന്ന കേടുപാടുകള്‍ നാം 'നോര്‍മല്‍' ആയി കണക്കാക്കുകയാണ്. ഇതുകൊണ്ടാണ് ഇത്തരമൊരു പ്രശ്നത്തെ വേണ്ടുംവിധം നാം ചര്‍ച്ചയിലെടുക്കാത്തത് പോലും.
സ്കിൻ ക്യാൻസറിലേക്ക് നമ്മെ ഏറ്റവുമധികം നയിക്കുന്നത് പോലും അള്‍ട്രാവയലറ്റ് കിരണങ്ങളാണ്. അത്രയും അപകടകാരിയാണ് യുവി കിരണങ്ങളെന്ന് സാരം. കുട്ടികളൊഴികെ ഏവരും സണ്‍സ്ക്രീൻ പതിവായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ഇപ്പോള്‍ വ്യക്തമായല്ലോ.
Also Read:- യുവതിയുടെ മുഖത്തിന്‍റെ നിറം മാറി, സ്കിൻ പ്ലാസ്റ്റിക് പോലെയായി; കാരണം എന്തെന്നറിയുമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam