എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?; നാല്‍പത് കടന്നവര്‍ അറിയാന്‍...

Web Desk   | others
Published : Feb 01, 2021, 10:09 PM IST
എന്താണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'?; നാല്‍പത് കടന്നവര്‍ അറിയാന്‍...

Synopsis

തോള്‍ഭാഗത്തെ വേദനയും അനക്കാനുള്ള ബുദ്ധിമുട്ടും മൂലം ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികളെല്ലാം തന്നെ വിഷമതകള്‍ നിറഞ്ഞതായി വന്നേക്കാം. രാത്രിസമയത്ത് വേദന കൂടുന്നതും 'ഫ്രോസണ്‍ ഷോള്‍ഡറി'ന്റെ പ്രത്യേകതയാണ്. അതിനാല്‍ തന്നെ രോഗിയുടെ ഉറക്ക ക്രമത്തേയും ഇത് മോശമായി ബാധിക്കുന്നു

പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. ഇക്കൂട്ടത്തിലുള്‍പ്പെടുന്ന പല ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും മിക്കവര്‍ക്കും കാര്യമായ അറിവില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ ഇത്തരം പ്രശ്‌നങ്ങളെ അവഗണിക്കുന്നത് പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്കും നമ്മെയെത്തിച്ചേക്കാം. 

അത്തരമൊരു പ്രശ്‌നമാണ് 'ഫ്രോസണ്‍ ഷോള്‍ഡര്‍'. പേരിലുള്ള സൂചന പോലെ തന്നെ തോള്‍ഭാഗത്തെയാണ് ഇത് ബാധിക്കുന്നത്. പരിക്ക്, ദീര്‍ഘസമയത്തേക്ക് അനങ്ങാതിരിക്കുന്നത്, പ്രമേഹം, രോഗപ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നത്- ഇങ്ങനെ പല കാരണങ്ങളാണ് 'ഫ്രോസണ്‍ ഷോള്‍ഡറി'ലേക്ക് നയിക്കുന്നത്. 

അധികവും നാല്‍പത് മുതല്‍ അറുപത് വയസ് വരെ പ്രായം വരുന്നവരിലാണ് ഇത് കാണപ്പെടുന്നത്. പ്രത്യേകിച്ച് സ്ത്രീകളിലാണ് സാധ്യതകളേറെയും. തോള്‍ഭാഗത്ത് വേദന, മരവിച്ചത് പോലുള്ള അനുഭവം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

പലപ്പോഴും ഈ വേദന വാതമാണെന്ന തരത്തില്‍ ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ വാതമുള്ളവരില്‍ സന്ധികളിലെല്ലാം വേദന കാണും. തോള്‍ഭാഗത്ത് മാത്രമായ വേദന വാതത്തില്‍ വരികയില്ല. 

തോള്‍ഭാഗത്തെ വേദനയും അനക്കാനുള്ള ബുദ്ധിമുട്ടും മൂലം ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തികളെല്ലാം തന്നെ വിഷമതകള്‍ നിറഞ്ഞതായി വന്നേക്കാം. രാത്രിസമയത്ത് വേദന കൂടുന്നതും 'ഫ്രോസണ്‍ ഷോള്‍ഡറി'ന്റെ പ്രത്യേകതയാണ്. അതിനാല്‍ തന്നെ രോഗിയുടെ ഉറക്ക ക്രമത്തേയും ഇത് മോശമായി ബാധിക്കുന്നു. 

ലക്ഷണങ്ങള്‍ കണ്ട് അധികം വൈകാതെ തന്നെ ഇതിന് ചികിത്സ തേടേണ്ടതാണ്. എക്‌സ്‌റോ- എംആര്‍ഐ പരിശോധനയിലൂടെ ഡോക്ടര്‍ക്ക് 'ഫ്രോസണ്‍ ഷോള്‍ഡര്‍' സ്ഥിരീകരിക്കാനാകും. ഫിസിക്കല്‍ തെറാപ്പിയും മരുന്നുകളുമാണ് ഇതിന്റെ ചികിത്സയിലുള്‍പ്പെടുന്നത്. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ അവസ്ഥ കൂടുതല്‍ മോശമായി വരികയും പിന്നീട് ഇതില്‍ നിന്ന് രക്ഷ നേടാന്‍ വര്‍ഷങ്ങള്‍ വരെ എടുക്കേണ്ടി വരികയും ചെയതേക്കാം.

Also Read:- ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ എപ്പോഴാണ് അപകടം? ഇതെങ്ങനെ മനസിലാക്കാം...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ