
ലോകരാജ്യങ്ങളെ ഒട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 വ്യാപകമാകുമ്പോള്‍ ചികിത്സാരംഗത്ത് നിന്ന് നേരിടുന്ന നേരിയ പിഴവുകള്‍ പോലും വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. എളുപ്പത്തില്‍ പകരുന്നതാണ് എന്നത് കൊണ്ടുതന്നെ രോഗം കണ്ടെത്താന്‍ വൈകുന്നതോ ചികിത്സ നിഷേധിക്കപ്പെടുന്നതോ എല്ലാം ഒന്നിലധികം പേരുടെ ജീവനാണ് ഭീഷണിയാവുക.
ഇത്തരമൊരു സംഭവമാണ് കൊല്‍ക്കത്തയില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അറുപത്തിയെട്ടുകാരനായ രോഗിയുടെ പരിശോധനാഫലത്തെ ചൊല്ലി ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടായ ആശയക്കുഴപ്പം ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമാകുന്നതിന് വരെ ഇടയാക്കി. എന്ന് മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ രോഗഭീതിയിലേക്ക് എത്തിക്കുകയും ചെയ്തു.
പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അറുപത്തിയെട്ടുകാരനായ ഓം പ്രകാശിനെ മകന്‍ ആശുപത്രിയിലെത്തിച്ചത്. കൊവിഡ് 19 ലക്ഷണങ്ങളായതിനാല്‍ത്തന്നെ ആശുപത്രിക്കാര്‍ വൈകാതെ പരിശോധന നടത്തി. തുടര്‍ന്ന് രോഗമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ആശുപത്രി അധികൃതര്‍ വാക്ക് മാറ്റുകയായിരുന്നു.
ഓം പ്രകാശിന് കൊവിഡില്ലെന്നും അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റാം എന്നുമായിരുന്നു അവര്‍ അറിയിച്ചിരുന്നത്. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിലും കൊവിഡ് 19 നെഗറ്റീവ് എന്നെഴുതിയിരുന്നതായി മകന്‍ പറയുന്നു. തുടര്‍ന്ന് ഒരു ബന്ധുവിന്റെ വാഹനത്തില്‍ ഓം പ്രകാശിനെ വീട്ടിലെത്തിച്ചു. 24 മണിക്കൂറിനകം വീണ്ടും ആശുപത്രിയില്‍ നിന്ന് വിളിയെത്തി.
Also Read:- ദില്ലിയില്‍ രോഗിയുടെ സാമ്പിള്‍ പരിശോധനയ്‍ക്ക് അയച്ചത് 5 ദിവസം കഴിഞ്ഞ്; ആശുപത്രിക്കെതിരെ ആരോപണം...
എത്രയും പെട്ടെന്ന് ഓം പ്രകാശിനെ ആശുപത്രിയില്‍ എത്തിക്കണമെന്നും അദ്ദേഹത്തിന് കൊവിഡ് തന്നെയാണെന്നുമായിരുന്നു സന്ദേശം. അങ്ങനെ വീണ്ടും ഇവര്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഇത്തവണ പക്ഷേ, ഓം പ്രകാശിന് വീട്ടിലേക്ക് മടങ്ങാനായില്ല. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
അച്ഛന്റെ പരിശോധനാഫലം സംബന്ധിച്ച് ആശയക്കുഴപ്പം നടന്നിട്ടുണ്ടെന്നും ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് അച്ഛന്‍ മരിച്ചതെന്നും ഓം പ്രകാശിന്റെ മകന്‍ ആരോപിക്കുന്നു. എന്നാല്‍ ലബോറട്ടറിയിലോ മറ്റേതെങ്കിലും വിഭാഗത്തിലോ ഒരു തരത്തിലുള്ള പാളിച്ചകളും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
സാധാരണഗതിയില്‍ ടെസ്റ്റ് ഫലം എന്തെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട് എങ്കില്‍ തന്നെ കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം നിരീക്ഷണത്തിലുള്ളയാളെ കൈകാര്യം ചെയ്യാന്‍. എന്നാല്‍ ഓം പ്രകാശിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു തയ്യാറെടുപ്പുകളും ആശുപത്രി ജീവനക്കാര്‍ കൈക്കൊണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ അനാരോഗ്യകരമായ അവസ്ഥയിലുള്ള ഭാര്യയടക്കം ഓം പ്രകാശിന്റെ കുടുംബത്തിലെ എല്ലാം അംഗങ്ങളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ട എല്ലാവരുടേയും പരിശോധന നടത്താനാണ് തീരുമാനം.
Also Read:- രാജ്യത്തെ റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു; നിർബന്ധിത കൊവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam