ദില്ലി: ദില്ലി ആർഎംഎൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. കൊവിഡ് ലക്ഷണങ്ങളുമായി ഈ മാസം 15ന്  ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സക്ക് എത്തിയ രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിട്ടത് അഞ്ച് ദിവസം കഴിഞ്ഞെന്നാണ് ആരോപണം. രോഗലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യ പരിശോധനയ്ക്ക് അധികൃതർ തയ്യാറായില്ലെന്നാണ് ആശുപത്രിയിലെ നഴ്സുമാരുടെ പരാതി. രോഗം സ്ഥിരീകരിച്ചിട്ടും രോഗിയെ കൊവിഡ് വാർഡിലേക്ക് മാറ്റിയത് ഒരു ദിവസം കഴിഞ്ഞതെന്നും നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ദില്ലിയിൽ നിലവിലുള്ളത്.  ലോക്ക് ഡൗണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ  മുൻ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകൾക്കും,പാർപ്പിട മേഖലകളിലെ കടകൾക്കും തുറക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയിട്ടുണ്ട്. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്. അതേസമയം ദില്ലിയിൽ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ദില്ലിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു.