വളഞ്ഞു പോയ നട്ടെല്ല് നിവര്‍ത്തി; അപൂര്‍വ ശസ്ത്രക്രിയാ നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

Published : Aug 29, 2022, 09:20 AM ISTUpdated : Aug 29, 2022, 09:33 AM IST
വളഞ്ഞു പോയ നട്ടെല്ല് നിവര്‍ത്തി; അപൂര്‍വ ശസ്ത്രക്രിയാ നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

Synopsis

സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളേജിൽ രണ്ടു ലക്ഷം രൂപ ചെലവ് വരുന്നതിനാൽ ആശുപത്രി അധികൃതർ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ശസ്ത്രക്രീയ നടത്തിയത്. 

കോട്ടയം: പതിമൂന്ന് വയസുകാരന്‍റെ വളഞ്ഞു പോയ നടു നിവര്‍ത്തി അപൂര്‍വ ശസ്ത്രക്രിയ വിജയകരമാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. പാലക്കാട് പട്ടാമ്പി ഉമ്പിടിയിൽ കല്ലട പള്ളിയാലിൽ പ്രസന്നകുമാറിന്‍റെ മകൻ പ്രണവ് (13) നാണ് സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തിയത്. 

മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് എന്ന രോഗമാണ് നടുവിന് വളവുണ്ടാക്കുന്നത്.  കൗമാരക്കാരിൽ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്‍റ് ഇഡിയോ പത്തിക്ക് സ്കോളിയോസിസ് എന്നു പറയും. എന്നാൽ മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീർണ്ണവുമായ ശസ്ത്രക്രീയ ആവശ്യമാണ്. പ്രണവിന് നെഞ്ചിലും ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിന് ഒരു മാസം മുൻപ് ഹൃദ്രോഗ ശസ്ത്രക്രീയാവിഭാഗം (കാർഡിയോ തൊറാസിക്) മേധാവി ഡോ. റ്റി കെ ജയകുമാറിനെ കാണുവാൻ ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തി. അപ്പോഴാണ് ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായി വളവ് (കൂന്) ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ ജയകുമാർ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.റ്റി ജി തോമസ് ജേക്കബിനെ വിവരം അറിയിച്ചു. തുടർന്ന് ഡോ റ്റി ജി പ്രൊഫ. ഡോ.സജേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധനകൾ നടത്തി. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

സുഷുമ്നാ നാഡിക്ക് തകരാർ സംഭവിക്കുന്നുണ്ടോയെന്ന് അറിയുവാൻ ശസ്‌ത്രക്രീയയുടെ മുഴുവൻ സമയവും സുഷുമ്നാ നാഡിയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ന്യൂറോ മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന ഈ മിഷ്യൻ 25000 രൂപ കൊടുത്ത് വാടകയ്ക്ക് എടുത്താണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രീയ നടത്തിയത്.  

വളരെ അത്യപൂർവ്വമായ ഈ ശസ്ത്രക്രിയക്ക് ഡോ. ഷാജി മോൻ, ഡോ രാഹുൽ, ഡോ അഖിൽ , ഡോഗോവിന്ദ് എന്നിവരെക്കൂടാതെ അനസ്തീഷ്യ മേധാവി പ്രൊഫ.ഡോ. ഷീലാവർഗ്ഗീസ്, ഡോക്ടർമാരായ റെജിമോൾ, ബിൻസി, സോന എന്നിവർ സഹായികളായി.നഴ്സുമാരായ ബ്രദർ ഷൈജു, രാഖി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. പ്രൊഫ.ഡോ.ജബ്ബാർ എൻഡോ ക്രനോളജിക്കൽ പരിശോധനടത്തി രോഗിയെ ശസ്ത്രക്രിയയ്ക്കു സജ്ജമാക്കി.

സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളേജിൽ രണ്ടു ലക്ഷം രൂപ ചെലവ് വരുന്നതിനാൽ ആശുപത്രി അധികൃതർ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ശസ്ത്രക്രീയ നടത്തിയത്. പെയിന്റ് തൊഴിലാളിയായ പ്രസന്നൻ കുടുംബ സമേതം വാടകയ്ക്കാണ് കഴിയുന്നത്. മുന്നു മാസത്തിനു ശേഷം ഹൃദയ ശസ്ത്രക്രിയക്ക് കൂടി വിധേയമാകേണ്ടിവരും പ്രണവിന്.

Also Read: അറിയാം അവഗണിക്കാൻ പാടില്ലാത്ത വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍...


 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്