പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്കരോഗത്തിന്‍റെ  പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും.

മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകള്‍ പണിമുടക്കാം. വൃക്ക രോഗത്തിന്‍റെ പ്രാരംഭത്തിൽ സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമായെന്ന് വരില്ല. എന്നാല്‍ തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്ക രോഗത്തെ നിയന്ത്രിക്കാനാകും. 

വൃക്ക രോഗികളില്‍ കണ്ടു വരുന്ന ചില രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

വൃക്ക രോഗത്തിന്‍റെ അടിസ്ഥാന ലക്ഷണങ്ങളാണ് മൂത്രാശയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍. മൂത്രത്തിന്‍റെ അളവ് കുറയുക, ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. മൂത്രത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത്, മൂത്രത്തിന് കടുത്ത നിറം, മൂത്രം ഒഴിക്കണമെന്ന് തോന്നുകയും എന്നാല്‍ മൂത്രം പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ദീര്‍ഘനേരം മൂത്രം ഒഴിക്കാതിരിക്കുന്നതും വൃക്ക രോഗത്തിന്‍റെ തുടക്കത്തിലുള്ള ലക്ഷണമാണ്. 

രണ്ട്...

വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ചിലപ്പോൾ കാലിൽ നീര്, അല്ലെങ്കില്‍ കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാന്‍ സാധ്യത ഉണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണ്ട പരിശോധനകള്‍ എടുക്കാവുന്നതാണ്. 

മൂന്ന്...

ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. 

നാല്...

വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.

അഞ്ച്...

വിശപ്പില്ലായ്മ, ഛര്‍ദി തുടങ്ങിയവയും ചിലപ്പോള്‍ വൃക്കയുമായി ബന്ധപ്പെട്ട് ഉണ്ടാകാം. 

ആറ്...

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് വൃക്ക രോഗം ഉണ്ടെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം ഈ ഏഴ് തെറ്റുകള്‍...