
ദില്ലി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്താൻ ഹരിയാണ സർക്കാർ. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനിൽ വിജ് പറഞ്ഞു.
കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനേപഥിലുള്ള മെയ‍്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
66 കുഞ്ഞുങ്ങളെ കൊന്ന മരുന്ന്! ഗുണനിലവാരമില്ലെന്ന് കേരളം കേന്ദ്രത്തോട് അന്നേ പറഞ്ഞു, എന്നിട്ടോ?
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളം നേരത്തെ തന്നെ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ ഒരു തുടർ നടപടിയും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സർക്കാരിന്‍റെ ചില പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കമ്പനിയുടെ പല മരുന്നുകളും രോഗികളിലേക്ക് എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam