
മഴക്കാലത്ത് മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമാണ്. തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ, സ്ട്രെസ് എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം. മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനാണെങ്കിൽ പല മാർഗങ്ങളും തേടുന്നവരുണ്ട്. ചിലർ മുടിയിൽ തേക്കുന്ന എണ്ണ മാറ്റിനോക്കും, മറ്റ് ചിലരാകട്ടെ ഹെയർ കെയർ ഉത്പന്നങ്ങൾ മാറ്റിനോക്കും. പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
'ആരോഗ്യമുള്ള മുടിവളർച്ചയ്ക്ക് ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ എ, സി, ഡി, ഇ, സിങ്ക്, ബി വിറ്റാമിനുകൾ, ഇരുമ്പ്, ബയോട്ടിൻ, പ്രോട്ടീൻ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ ശരിയായ പോഷകങ്ങളുടെ അഭാവം മുടിയുടെ വേഗത കുറയ്ക്കും...' - ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു.
മുടിയുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ...
പാലക്ക് ചീര...
ഇരുമ്പ്, വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമായ ചീര മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇവ ആരോഗ്യമുള്ള തലയോട്ടിയും തിളക്കമുള്ള മുടിയും നിലനിർത്താൻ സഹായിക്കുന്നു.
പയർവർഗങ്ങൾ...
മുടിയെ ശക്തിപ്പെടുത്താനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും പയർവർഗങ്ങൾ സഹായിക്കും. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പയർ. അവയിൽ വിറ്റാമിൻ ബിയും സിയും അടങ്ങിയിട്ടുണ്ട്.
വാൾനട്ട്...
വാൾനട്ടിൽ ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി 1, ബി 6, ബി 9), വിറ്റാമിൻ ഇ, ധാരാളം പ്രോട്ടീനുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ പുറംതൊലി ശക്തിപ്പെടുത്തുകയും തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.
തെെര്...
തൈരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ മുടിവളർച്ചയ്ക്ക് സഹായകമാണ്. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഓട്സ്...
ആരോഗ്യകരവും നാരുകളുള്ളതുമായ ഓട്സ് ഭക്ഷണത്തിൽ ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന നാരുകൾ, സിങ്ക്, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (PUFAs) എന്നിവ ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി...
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. മുടിയുടെ കരുത്തിനും മുടി വളർച്ചയ്ക്കും സുപ്രധാനമായ ഒരു ധാതുവാണ് സിലിക്ക.
ബ്രൊക്കോളി ഇരിപ്പുണ്ടോ? കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam