Bone Health : നാല്‍പത് വയസ് കടന്നുവോ? എങ്കില്‍ ആരോഗ്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

Web Desk   | others
Published : Mar 19, 2022, 08:16 PM IST
Bone Health : നാല്‍പത് വയസ് കടന്നുവോ? എങ്കില്‍ ആരോഗ്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...

Synopsis

എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ഒരു പരിധി വരെ ശരീരം സ്വയം തന്നെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ നാല്‍പതിന് ശേഷം ശരീരത്തിന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിമിതി വന്നേക്കാം. ഹോര്‍മോണ്‍ വ്യതിയാനം, ആകെ ആരോഗ്യത്തിന്റെ അവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു

പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മളില്‍ ആരോഗ്യപ്രശ്‌നങ്ങളും ( Old age Health ) കൂടിവരാം. നേരത്തെ തന്നെ ഇതിന് അനുസൃതമായി ജീവിതരീതികള്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ ( better Lifestyle ) വലിയൊരു പരിധി വരെ ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ സാധിക്കും. നാല്‍പത് കടക്കുമ്പോഴാണ് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ പ്രത്യക്ഷമായി കടന്നുവരുന്നത്. 

ഇതില്‍ തന്നെ എടുത്തുപറയേണ്ടുന്ന ഒരു പ്രശ്‌നമാണ് എല്ലുകളിലെ തേയ്മാനം. എല്ലുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ഒരു പരിധി വരെ ശരീരം സ്വയം തന്നെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ നാല്‍പതിന് ശേഷം ശരീരത്തിന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിമിതി വന്നേക്കാം. ഹോര്‍മോണ്‍ വ്യതിയാനം, ആകെ ആരോഗ്യത്തിന്റെ അവസ്ഥ എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നു. 

എല്ലുകളെ സംരക്ഷിച്ചുനിര്‍ത്താനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും ആദ്യമേ സൂചിപ്പിച്ചുവല്ലോ, ജീവിതരീതികള്‍ മെച്ചപ്പെടുത്തിയാല്‍ സാധ്യമാണെന്ന്. അത്തരത്തില്‍ ശ്രദ്ധിച്ചുപോകേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന രണ്ട് ഘടകങ്ങളാണ് വൈറ്റമിന്‍-ഡിയും, കാത്സ്യവും. ഇവ രണ്ടും അളവിന് ശരീരത്തിലെത്തേണ്ടതുണ്ട്. പ്രധാനമായും ഭക്ഷണം തന്നെയാണ് ഇതിനുള്ള സ്രോതസ്. 

രണ്ട്...

വൈറ്റമിന്‍-ഡി, കാത്സ്യം എന്നിവയെല്ലാം കുറയുമ്പോള്‍ അത് സപ്ലിമെന്റുകളുടെ രൂപത്തില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ കഴിയുന്നതും പ്രകൃത്യാ തന്നെ ഇവ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. ദിവസവും അല്‍പനേരമെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് പ്രകൃതിദത്തമായി വൈറ്റമിന്‍-ഡി ലഭിക്കാന്‍ സഹായിക്കും. അതുപോലെ യോഗര്‍ട്ട്, സോയ, കൊഴുപ്പുള്ള മത്സ്യം, പാല്‍ പോലുള്ള പദാര്‍ത്ഥങ്ങളിലൂടെ കാത്സ്യവും കണ്ടെത്താം. 

മൂന്ന്...

വ്യായാമവും എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളും വരാം. ഇതിനെല്ലാം വ്യായാമം പരിഹാരമാണ്. വീട്ടില്‍ വച്ച് ചെയ്യാവുന്ന വ്യായാമം തന്നെ ധാരാളമാണ്. അതല്ലെങ്കില്‍ ജിമ്മിലോ മറ്റോ ചേര്‍ന്ന് ചെറിയ വര്‍ക്കൗട്ട് ചെയ്യാം. കായികമായ ജോലി ചെയ്യുന്നവര്‍ക്കാണെങ്കില്‍ ഇതിന് പുറമെ വ്യായാമം ആവശ്യമില്ല. 

നാല്...

അമിതമായ അളവില്‍ 'കഫീന്‍' കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ 'കഫീന്‍' പരിമിതപ്പെടുത്തുക. കാപ്പി, 'കഫീന്‍' അടങ്ങിയ സോഡ, മറ്റ് പാനീയങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിച്ച് മാത്രം കഴിക്കാം. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' എല്ലുകള്‍ക്ക് അത്ര വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തായാലും കാപ്പിയും ചായയുമെല്ലാം മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മധുരം ചേര്‍ത്തതാണെങ്കില്‍.

അഞ്ച്...

ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. കാത്സ്യത്തെ എല്ലുകളുടെ ആവശ്യത്തിന് ഉപകരിക്കാത്ത വിധം പ്രവര്‍ത്തിക്കാന്‍ ഉപ്പിന് കഴിയും. അതുകൊണ്ടാണ് ഉപ്പ് പരിമിതപ്പെടുത്തണമെന്ന് പറയുന്നത്.

ആറ്...

മദ്യപാനവും പുകവലിയും കുറയ്ക്കുകയോ, പൂര്‍ണമായും നിര്‍ത്തുകയോ ചെയ്യുക. ഇവ രണ്ടും തന്നെ എല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഘടകങ്ങളാണ്. എല്ലുരുക്കം ( Osteporosis ) പോലുള്ള അസുഖങ്ങളിലേക്ക് ആളുകളെ നയിക്കുന്നതില്‍ ഇവയ്ക്കും പങ്കുണ്ട്.

Also Read:- കൊളസ്‌ട്രോളും ഈന്തപ്പഴവും; അറിയേണ്ട ഒരുപിടി കാര്യങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ