
തുടര്‍ച്ചയായ പ്രതിസന്ധികളിലൂടെയാണ് തൃശൂര്‍ സ്വദേശി ജിഷയുടെ ജീവിതം മുന്നോട്ടുപോകുന്നത്. ആദ്യം ഒരു ബസ്സപകടത്തിന്റെ രൂപത്തിലായിരുന്നു പരീക്ഷണമെങ്കില്‍ പിന്നീട് വിവാഹം കഴിഞ്ഞ് നാലാം വര്‍ഷം ഭര്‍ത്താവിന്റെ വിയോഗമായിരുന്നു ജിഷയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം മകനൊപ്പം, അവന് കൂടി വേണ്ടി ജീവിക്കാമെന്ന ധൈര്യത്തിലെത്തിയപ്പോഴിതാ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് അടുത്ത പ്രതിസന്ധി എത്തിയിരിക്കുകയാണ്.
കോളേജ് കാലത്ത് നടന്ന ബസ്സപകടത്തില്‍ ജിഷയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. അന്ന് ജീവന്‍ തിരിച്ചുകിട്ടില്ലെന്ന് പോലും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെയെത്തുമ്പോള്‍ ജിഷയ്ക്ക് കേള്‍വിശക്തി പൂര്‍ണ്ണമായും സംസാരശേഷി ഭാഗികമായും നഷ്ടപ്പെട്ടിരുന്നു.
എങ്കിലും പഠനം തുടര്‍ന്നു. ഫിസിക്‌സില്‍ ബിരുദം നേടി. ശേഷം എം എസ് സിക്ക് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ചേര്‍ന്നുവെങ്കിലും കോഴ്‌സ് തീരും മുമ്പ് തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ അവസരം കിട്ടി.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷം മാത്രമേ ജിഷയ്ക്ക് സുശാന്തുമൊത്ത് ജീവിക്കാനായുള്ളൂ. അര്‍ബുദരോഗം സുശാന്തിനെ ജിഷയില്‍ നിന്ന് വേര്‍പെടുത്തിയെടുത്തു. വിവാഹത്തോടെ വീട്ടുകാര്‍ അകന്നുപോയിരുന്നതിനാല്‍ സുശാന്തിന്റെ മരണത്തോടെ ജിഷ ചെറിയ മകനുമൊത്ത് ഒറ്റപ്പെട്ടു.
ഇപ്പോള്‍ തൃശൂരില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറാണ് ജിഷ. പത്തുവയസുകാരനമായ മകനുമൊത്ത് വീണ്ടും ജീവിതം വാരിപ്പിടിച്ചെടുക്കുന്ന സന്തോഷത്തിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് വൃക്കരോഗത്തിന്റെ രൂപത്തില്‍ വീണ്ടും ദുര്യോഗമെത്തിയിരിക്കുന്നത്. വൃക്കകള്‍ ചുരുങ്ങിപ്പോകുന്ന രോഗമാണ് ജിഷയെ ബാധിച്ചത്. മൂന്നാമത്തെ സ്‌റ്റേജ് എത്തിയപ്പോള്‍ മാത്രമാണ് രോഗത്തെ കുറിച്ച് അറിയാനായത്. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ ഇനി വൃക്ക മാറ്റിവയ്ക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
കേള്‍വിശക്തി വീണ്ടെടുക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ച പണവും, കുറിപിടിച്ച് സ്വരൂപിച്ച പണവും ഉപയോഗിച്ചാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. വൈകാതെ തന്നെ ഡയാലിസിസ് തുടങ്ങണം. യോജിക്കുന്ന വൃക്ക ലഭിച്ചാല്‍ ഉടന്‍ തന്നെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തണം. ഇതിനെല്ലാമായി എന്തുചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ് ജിഷ.
കൂട്ടുകാരാണ് താങ്ങായി കൂടെ നില്‍ക്കുന്നത്. അവരാണ് ഏക പ്രതീക്ഷയും. ഒപ്പം തന്നെ സുമനസുകളുടെ സഹായവും ജിഷ തേടുന്നുണ്ട്.
ജിഷയുടെ അക്കൗണ്ട് വിവരങ്ങള്‍...
Jisha C
Account No: 20124277156
IFSC: SBIN0016658
SBI, Olari, Thrissur
Also Read:- 'സഹായങ്ങൾക്ക് നന്ദി'; സുമനസുകളുടെ സഹായത്തിൽ വിനോദ് നാട്ടിലേക്ക് മടങ്ങി...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam