
മഴക്കാലം എത്തിയതോടെ വിവിധ രോഗങ്ങളാണ് നമ്മേ പിടിപെടുക. പ്രധാനമായും പനി, ജലദോഷം, ചുമ, വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഇങ്ങനെ നിരവധി രോഗങ്ങളാണ് പിടിപെടുക. മഴക്കാല രോഗങ്ങൾ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ചില ശീലങ്ങളും അധിക മുൻകരുതലുകളും ഉണ്ടെങ്കിൽ, മഴക്കാലത്ത് ശരീരത്തിന് കൂടുതൽ കരുത്തുറ്റതും മികച്ചതുമായ സംരക്ഷണം നൽകാൻ കഴിയും. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
സമീകൃതാഹാരം അത്യാവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങളും, ചീര, കാരറ്റ്, ചുരക്ക തുടങ്ങിയ പച്ചക്കറികളും സീസണിൽ കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. വിവിധ സൂപ്പുകൾ, കരിക്കിൻ വെള്ളം എന്നിവ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ജലാംശവും നിലനിർത്തുന്നു. മഞ്ഞൾ, ഇഞ്ചി, തുളസി എന്നിവ ചേർത്ത ഹെർബൽ ടീകളും പ്രതിരോധശേഷി കൂട്ടുന്നു.
രണ്ട്
വസ്ത്രങ്ങൾ കഴുകാൻ നേരിയ ഡിറ്റർജന്റ് ഉപയോഗിക്കുകയും നേരിട്ട് സൂര്യപ്രകാശത്തിൽ വസ്ത്രങ്ങൾ ഉണക്കുകയും ചെയ്യുക. വൃത്തിയുള്ള തൂവാലകൾ ഉപയോഗിക്കുന്നത് അണുബാധ തടയാൻ സഹായിക്കും. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക, കാരണം അത് കൊതുകുകളെ ആകർഷിക്കും. പ്രകൃതിദത്ത കൊതുകു നിവാരണ മരുന്നുകൾ, കൊതുകുവലകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം ഡെങ്കിപ്പനി, മലേറിയ എന്നിവ തടയാൻ സഹായിക്കും. ശരിയായ ഉറക്കം ശരീരത്തിന് സുഖം പ്രാപിക്കാൻ സഹായിക്കുന്നു. രോഗങ്ങൾക്കെതിരായ മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിക്കുന്നു.
മൂന്ന്
പുസ്തകങ്ങൾ വായിക്കുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുക എന്നിവ ആരോഗ്യം നിലനിർത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ലഘുവായ വ്യായാമം, യോഗ എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും, സമ്മർദ്ദം ഒഴിവാക്കുകയും, രോഗപ്രതിരോധ ശേഷി വികസിപ്പിക്കുകയും ചെയ്യുന്നു.
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പുതിയ ഭക്ഷണം കഴിക്കുക, ശുചിത്വം പാലിക്കുക, നന്നായി വിശ്രമിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങിയ ശീലങ്ങൾ മഴക്കാലത്ത് അണുബാധകൾ തടയാൻ സഹായിക്കും. നല്ല പോഷകാഹാരമുള്ള ശരീരത്തിന് മഴക്കാലത്തെ സാധാരണ രോഗങ്ങളെ നന്നായി ചെറുക്കാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam