എപ്പോഴും തിരക്കിലാണോ? എങ്കില്‍ ആരോഗ്യം സുരക്ഷിതമാക്കാൻ ഇക്കാര്യമൊന്ന് ശ്രദ്ധിക്കണേ...

Published : Aug 31, 2023, 07:33 PM IST
എപ്പോഴും തിരക്കിലാണോ? എങ്കില്‍ ആരോഗ്യം സുരക്ഷിതമാക്കാൻ ഇക്കാര്യമൊന്ന് ശ്രദ്ധിക്കണേ...

Synopsis

പ്രധാനമായും ഇങ്ങനെ ഏറെ തിരക്കോടെ പോകുന്നവരിലെല്ലാം കാണുന്നൊരു പ്രശ്നം ഇവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതാണ്. മൂത്രാശയ പ്രശ്നങ്ങള്‍, മൂത്രത്തില്‍ കല്ല്, അണുബാധ, വൃക്കസംബന്ധമായ പ്രയാസങ്ങള്‍, ഒപ്പം തന്നെ അമിതമായ സ്ട്രെസ്, മാനസികാരോഗ്യപ്രശ്നങ്ങള്‍, ഉന്മേഷമില്ലായ്മ, കുറഞ്ഞ ഉത്പാദനക്ഷമത എന്നിങ്ങനെ ധാരാളം അനുബന്ധ പ്രശ്നങ്ങളാണ് വെള്ളംകുടി കുറയുന്നതോടെ ഉണ്ടാവുക. 

തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളിലൂടെ പോകുന്നവരെ സംബന്ധിച്ച് ആരോഗ്യസംരക്ഷണത്തിന് സമയം കണ്ടെത്തുകയെന്നത് പ്രയാസമാണ്. ഇത്തരക്കാരില്‍ സ്വാഭാവികമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളോ പ്രശ്നങ്ങളോ പതിവായിരിക്കുകയും ചെയ്യും.

പ്രധാനമായും ഇങ്ങനെ ഏറെ തിരക്കോടെ പോകുന്നവരിലെല്ലാം കാണുന്നൊരു പ്രശ്നം ഇവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതാണ്. മൂത്രാശയ പ്രശ്നങ്ങള്‍, മൂത്രത്തില്‍ കല്ല്, അണുബാധ, വൃക്കസംബന്ധമായ പ്രയാസങ്ങള്‍, ഒപ്പം തന്നെ അമിതമായ സ്ട്രെസ്, മാനസികാരോഗ്യപ്രശ്നങ്ങള്‍, ഉന്മേഷമില്ലായ്മ, കുറഞ്ഞ ഉത്പാദനക്ഷമത എന്നിങ്ങനെ ധാരാളം അനുബന്ധ പ്രശ്നങ്ങളാണ് വെള്ളംകുടി കുറയുന്നതോടെ ഉണ്ടാവുക. 

അതിനാല്‍ ഏത് തിരക്കിനിടയിലും വെള്ളം കുടിക്കുന്നുണ്ടെന്നത് ഉറപ്പുവരുത്തണം. ഇതിന് സഹായിക്കുന്ന ചില ശീലങ്ങള്‍ കൂടി കൂട്ടത്തില്‍ വളര്‍ത്തെയടുത്താല്‍ മതി. അത്തരത്തില്‍ വെള്ളംകുടി ഉറപ്പിക്കാൻ നിങ്ങളെ സഹായിച്ചേക്കുന്ന, നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില ശീലങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ദിവസവും രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇത് വളരെ നല്ലൊരു ശീലമാണ്. ആരോഗ്യത്തിന് പലരീതിയില്‍ ഇത് ഗുണകരമാണ്. ഒന്നാമത് ദീര്‍ഘമായ മണിക്കൂറുകള്‍ വെള്ളമില്ലാതെ തുടരുകയാണ് നമ്മള്‍. അതിനാല്‍ തന്നെ രാവിലെ വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധം.

ഇതിന് പുറമെ ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍ അത് ലഘൂകരിക്കാനും, ശരീരത്തിന് ഉണര്‍വേകാനുമെല്ലാം ഈ ശീലം സഹായിക്കും. വെറുതെ വെള്ളം കുടിക്കാൻ ഇഷ്ടമില്ലാത്തവരാണെങ്കില്‍ ഇളംചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നതും ഏറെ നല്ലതാണ്. 

രണ്ട്...

എത്ര തിരക്കാണെങ്കിലും എവിടെ പോകേണ്ടതുണ്ടെങ്കിലും കൂടെ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുക. ഇതൊരു ശീലമാക്കി വളര്‍ത്തിയെടുത്താല്‍ തന്നെ വെള്ളം കുടിക്കാതിരിക്കുന്ന പ്രശ്നമൊഴിവാക്കാവുന്നതേയുള്ളൂ. 

മൂന്ന്...

നിങ്ങള്‍ ജോലിക്കോ, അതുമായി ബന്ധപ്പെട്ട ഗോളുകള്‍ക്കോ പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ ദിവസത്തില്‍ എത്ര വെള്ളം കുടിക്കുന്നുണ്ട് എന്നൊരു ഗോള്‍ കൂടി സെറ്റ് ചെയ്യുക. അത്രയും പ്രാധാന്യം വെള്ളം കുടിക്കുന്നതിന് നല്‍കി ശീലിച്ചാല്‍ പിന്നെ അങ്ങനെ തന്നെ മുന്നോട്ട് പോകല്‍ എളുപ്പമായിരിക്കും. 

നാല്...

ചിലരുണ്ട്, ദാഹിക്കുമ്പോള്‍ പെട്ടെന്നുതന്നെ കടകളില്‍ നിന്ന് എന്തെങ്കിലും മധുരപാനീയങ്ങളോ ശീതളപാനീയങ്ങളോ വാങ്ങി കഴിക്കും. എന്നാലിത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാല്‍ തന്നെ ദാഹിച്ചുവരണ്ടാലും വെള്ളത്തിന് തന്നെ പ്രഥമപ്രാധാന്യം നല്‍കുക. കഴിയുന്നതും മറ്റ് പാനീയങ്ങളൊഴിവാക്കുക. പരമാവധി കരിക്കൊക്കെയാണ് വെള്ളത്തിന് പകരം കഴിക്കാവുന്ന ആരോഗ്യകരമായ പാനീയം. 

അഞ്ച്...

വെള്ളം കുടിക്കുന്ന സമയത്തിനും ചില ശീലങ്ങളുണ്ടാക്കാം. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും ഭക്ഷണം കഴിച്ച് അര മണിക്കൂറിന് ശേഷവും വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇത് വെള്ളംകുടിയും ഉറപ്പിക്കും- കൂട്ടത്തില്‍ ഭക്ഷണത്തിനൊപ്പം തന്നെ വെള്ളം കുടിച്ച് പോഷകങ്ങള്‍ ഭാഗികമായെങ്കിലും നഷ്ടപ്പെടുത്തുന്നതും ദഹനപ്രശ്നങ്ങളുണ്ടാക്കുന്നതും ഒഴിവാക്കുകയും ചെയ്യും. അതുപോലെ ഓരോ മണിക്കൂറിലും വെള്ളം കുടിക്കുന്നത് നിര്‍ബന്ധമാക്കുകയും വേണം. ഒരുമിച്ച് കുറെയധികം വെള്ളം കുടിക്കുന്നതിന് പകരം അല്‍പാല്‍പമായി കുടിക്കുന്നതാണ് നല്ലത്. 

ആറ്...

ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം പോലുള്ള അവസ്ഥകളുണ്ടാകാതിരിക്കാൻ വെള്ളം അധികമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളുമെല്ലാം ഇടയ്ക്ക് കഴിക്കാവുന്നതാണ്. തണ്ണിമത്തൻ, തക്കാളി, കക്കിരി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്ന വിഭവങ്ങളാണ്. 

ഏഴ്...

ദാഹിക്കുമ്പോള്‍ ചിലര്‍ പെട്ടെന്ന് പുറത്തിറങ്ങി ചായയിലേക്കോ കാപ്പിയിലേക്കോ ആണ് പോകുക. ഈ ശീലവും നല്ലതല്ല. ദിവസത്തില്‍ രണ്ട് കപ്പ് ചായയോ കാപ്പിയോ ഒക്കെ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ മൂന്ന് കപ്പിലധികമാകുന്നത്- പ്രത്യേകിച്ച് മധുരം ചേര്‍ത്തത്- തീരെ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നുമാത്രമല്ല കാപ്പിയിലും ചായയിലുമെല്ലാം അടങ്ങിയിരിക്കുന്ന 'കഫീൻ' നിര്‍ജലീകരണത്തിന് കാരണമാകുന്ന ഘടകമാണ്. അതിനാല്‍ അത് പരമാവധി നിയന്ത്രിക്കുന്നതാണ് നല്ലത്. ചായയിലേക്കും കാപ്പിയിലേക്കും ശ്രദ്ധ തിരിക്കാതെ നേരെ വെള്ളത്തിലേക്ക് തന്നെ ശ്രദ്ധ തിരിക്കാനായാല്‍ നിങ്ങള്‍ വിജയിച്ചു. കാപ്പിക്കും ചായയ്ക്കും അതാത് സമയങ്ങളും നിശ്ചയിക്കാമല്ലോ. 

Also Read:- ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

World Suicide Prevention Day 2026 : വ്യക്തികളില്‍ ആത്മഹത്യാപ്രവണതയുണ്ടാകുമ്പോള്‍ കണ്ടേക്കാവുന്ന മാറ്റങ്ങള്‍
സ്‌ക്രബ് ടൈഫസ് അപകടകാരിയോ? ലക്ഷണങ്ങൾ എന്തെല്ലാം?