ചോറ് കഴിച്ചാല്‍ വണ്ണം കൂടുമോ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?
ചോറ് കഴിക്കുമ്പോള്‍ അതില്‍ അളവിനെ പറ്റി വേവലാതിപ്പെടുന്നതിലും വലിയ കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. ആകെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം എത്ര എന്ന അളവോ, ധാരണയോ നമുക്ക് വേണം. അതനുസരിച്ച് വേണം ചോറിന്‍റെ അളവും നിശ്ചയിക്കാൻ

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് മിക്കവരും ചോറൊഴിവാക്കാറുണ്ട്. ചോറ് വണ്ണം കൂട്ടുമെന്ന പേടിയിലാണ് അധികപേരും ഇങ്ങനെ ചെയ്യുന്നത്. ചിലരാണെങ്കില്‍ പേടിച്ചിട്ട് ചോറ് പൂര്‍ണമായി തന്നെ ഒഴിവാക്കാറുണ്ട്.
എന്നാല്‍ വണ്ണം കുറയ്ക്കണമെന്നുണ്ടെങ്കില്‍ ഇങ്ങനെ ചോറ് പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ടോ? ചോറ് അത്രമാത്രം അപകടകരമാണോ?
അല്ലെന്നാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പറയുന്നത്. വണ്ണം കുറയ്ക്കണമെന്നുള്ളവര്‍ക്ക് ചോറ് പൂര്‍ണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'നിങ്ങള്‍ക്ക് നിങ്ങളുടെ നാട്ടില്‍ കിട്ടുന്ന അരി ഏതാണോ, അതുതന്നെ കഴിക്കാവുന്നതാണ്. അതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും യോജിച്ച അരിയും. ഇപ്പോള്‍ ബീഹാറുകാരെ സംബന്ധിച്ച് മാര്‍ച്ച അരിയാണ് നല്ലത്. മഹാരാഷ്ട്രക്കാര്‍ക്കാണെങ്കില്‍ വാദാ കോലം. മലയാളികള്‍ക്ക് നവര. അങ്ങനെ ഓരോ വിഭാഗത്തിനും അവരവരുടെ നാട്ടിലെ തന്നെ ധാന്യങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇതാണ് ഏറ്റവും നല്ലതും സുരക്ഷിതവും...'- രുജുത ദിവേക്കര്‍ പറയുന്നു.
ചോറ് കഴിക്കുമ്പോള്‍ അതില്‍ അളവിനെ പറ്റി വേവലാതിപ്പെടുന്നതിലും വലിയ കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. ആകെ നമ്മള്‍ കഴിക്കുന്ന ഭക്ഷണം എത്ര എന്ന അളവോ, ധാരണയോ നമുക്ക് വേണം. അതനുസരിച്ച് വേണം ചോറിന്‍റെ അളവും നിശ്ചയിക്കാനെന്നും രുജുത പറയുന്നു.
എന്നുവച്ചാല്‍ എത്ര കലോറി ദിവസവും കഴിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അതിന് അനുസരിച്ച് വേണം ചോറടക്കം എല്ലാ വിഭവങ്ങളും കഴിക്കാനായി തെരഞ്ഞെടുക്കേണ്ടത്. ചോറിനൊപ്പം പരമ്പരാഗതമായി ഓരോ നാട്ടിലും കഴിക്കുന്ന പച്ചക്കറികളോ മറ്റ് വിഭവങ്ങളോ എല്ലാം ചോറിനൊപ്പം കഴിക്കാൻ ശ്രദ്ധിക്കണമെന്നും എന്നാലേ ഭക്ഷണം സമഗ്രമാകൂ എന്നുകൂടി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. വണ്ണം കുറയ്ക്കുന്നതിനായി ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ചിലപ്പോള്‍ ആരോഗ്യത്തിന് ദോഷകരമായും വരാമെന്നാണ് പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ഇത്തരത്തിലുള്ള ഡയറ്റിലേക്ക് മാറും മുമ്പ് ഡോക്ടറുമായി സംസാരിക്കുന്നതും നിര്‍ദേശങ്ങള്‍ തേടുന്നതുമാണ് നല്ലത്.
Also Read:- മുടി കൊഴിച്ചില്‍ പരിഹരിക്കാൻ വീട്ടില്‍ ഉലുവ വച്ച് ചെയ്യാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-