
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും വലിയ വിഷമതകളാണ് ആളുകളില്‍ ഉണ്ടാക്കാറ്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും കാരണം രാത്രി മുഴുവന്‍ ഉറങ്ങാന്‍ പോലുമാകാതെ ചിലപ്പോഴൊക്കെ കഴിയേണ്ടിവരാറില്ലേ?
ഇത്തരത്തില്‍ പ്രശ്‌നമാകുമ്പോള്‍ പലപ്പോഴും, ഉടനടി ഡോക്ടറെ കണ്ട് പരിഹാരം കാണാനൊന്നും നമുക്ക് കഴിഞ്ഞേക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചെറിയ പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അങ്ങനെയുള്ള രണ്ട് മാര്‍ഗങ്ങളെക്കുറിച്ചാണ് പറയുന്നത്.
ഒന്ന്...
അധികവും സ്‌പൈസിയായ ഭക്ഷണം കഴിക്കുന്നതോടെയാണ് ചിലര്‍ക്ക് അസിഡിറ്റിയുണ്ടാകുന്നത്. എന്നാല്‍ ഇത് പരിഹരിക്കാനും ചില സ്‌പൈസുകള്‍ തന്നെ സഹായകമാകും. ജീരകം, പട്ട, ഏലയ്ക്ക, ഇഞ്ചി എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് ഒരു പരിധി വരെ അസിഡിറ്റിയെ ചെറുക്കും. ഇതില്‍ ജീരകമാണ് അസിഡിറ്റിയെ തോല്‍പിക്കാന്‍ ഏറ്റവും ഉത്തമം.
രണ്ട്...
വീട്ടില്‍ കറ്റാര്‍വാഴയുണ്ടെങ്കില്‍, അതിന്റെ കാമ്പ് വെള്ളത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്, ഇത് ഇടയ്ക്കിടെ കുടിക്കുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിക്കും. വയറ്റിനകത്തെ വിഷാംശങ്ങളെ അകറ്റാനും വയറ് വൃത്തിയാക്കാനും കൂടി സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. അസിഡിറ്റി അകറ്റുമെന്ന് മാത്രമല്ല, ശരീരത്തിന് കുളിര്‍മ്മയേകാനും ഇതിന് കഴിവുണ്ട്.
ഇത് രണ്ടുമല്ലെങ്കില്‍ പൈനാപ്പിളുണ്ടെങ്കില്‍ അത് ജ്യൂസാക്കി കഴിക്കുന്നതും അസിഡിറ്റിയെ അകറ്റാന്‍ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam