കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലും മദ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതിനിടെ മദ്യത്തിന് പകരം അമിതമായി ഹോമിയോ മരുന്ന് കഴിച്ച ഏഴ് പേരുടെ മരണവാര്‍ത്തയാണ് ഛത്തീസ്ഗഢില്‍ നിന്ന് പുറത്തുവരുന്നത്. 

ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തുള്ള ഹോമിയോ ക്ലിനിക്കില്‍ നിന്ന് ആല്‍ക്കഹോള്‍ അടങ്ങിയ സിറപ്പ് സംഘടിപ്പിച്ച് പന്ത്രണ്ടംഗ സംഘം കുടിക്കുകയായിരുന്നു. ഏതാണ്ട് 91 ശതമാനം ആല്‍ക്കോഹള്‍ അടങ്ങിയ സിറപ്പായിരുന്നു ഒറ്റയടിക്ക് ഇവര്‍ കഴിച്ചതെന്ന് പൊലീസ് പറയുന്നു. 

സിറപ്പ് അളവിലധികം അകത്തുചെന്നതോടെ രാത്രി വൈകി ശാരീരികാസ്വസ്ഥതകള്‍ തുടങ്ങി. ഇതില്‍ നാല് പേര്‍ വീട്ടില്‍ വച്ച് തന്നെ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബാക്കി അഞ്ച് പേര്‍ ചികിത്സയിലാണ്. 

വളരെയധികം അപകടകരമായ പ്രവണതയാണ് ഇതെന്ന് പൊലീസ് അറിയിക്കുന്നു. മദ്യം ലഭിച്ചില്ലെങ്കില്‍ മറ്റ് മരുന്നുകള്‍, സാനിറ്റൈസര്‍ പോലുള്ള ദ്രാവകങ്ങളെല്ലാം ഉപയോഗിക്കപ്പെടുന്നതായി പല റിപ്പോര്‍ട്ടുകളും പലപ്പോഴായി പുറത്തുവരാറുണ്ട്. എന്നാല്‍ എത്രമാത്രം അപകടകരമാണ് ഇതെന്ന് ആളുകള്‍ ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. 

Also Read:- മദ്യം ലഭിച്ചില്ല; സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു...

ജീവന്‍ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് തന്നെയാണ് ഇവയെല്ലാം എത്തിക്കുകയെന്ന് ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഛത്തീസ്ഗഢില്‍ നിന്ന് തന്നെ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് രണ്ട് പേര്‍ മരിച്ച വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമിതമായി ഹോമിയോ മരുന്ന് കുടിച്ച ഏഴ് പേരുടെ മരണവാര്‍ത്തയെത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona