
നിത്യജീവിതത്തില്‍ നാം നേരിടുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും നിസാരമായി പരിഹരിക്കാൻ സാധിക്കുന്നവയായിരിക്കും. അതിനാല്‍ തന്നെ മിക്ക പേരും മെഡിക്കല്‍ സ്റ്റോറുകളില്‍ നേരിട്ട് പോയി മരുന്ന് വാങ്ങി കഴിക്കുന്നതാണ് രീതി. എന്നാല്‍ ഈ പ്രവണത അത്ര ആരോഗ്യകരമല്ലെന്നതാണ് സത്യം.
ഇപ്പോഴിതാ 'ദ ലാൻസെറ്റ്' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനം ശ്രദ്ധിക്കൂ. രാജ്യത്ത് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം വ്യാപകമായ രീതിയില്‍ വര്‍ധിക്കുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
അസിത്രോമൈസിൻ എന്ന ആന്‍റിബയോട്ടിക് ആണ് കൂട്ടത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതത്രേ. ബാക്ടീരിയല്‍ അണുബാധകള്‍ക്കായാണ് അസിത്രോമൈസിൻ കാര്യമായി ഉപയോഗിക്കുന്നത്. ചെവിയിലെ അണുബാധ, തൊണ്ടവേദന, ന്യുമോണിയ, ചിലയിനം വയറിളക്കം, വയറ്റിലെ ചില അണുബാധകള്‍ എന്നിവയ്ക്കെല്ലാം അസിത്രോമൈസിൻ കഴിക്കാറുണ്ട്.
ഇതിന് പുറമെ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് തന്നെയുള്ള ആന്‍റിബയോട്ടിക് സെഫിക്സൈം ആണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു ആന്‍റിബയോട്ടിക്.
ഇത്തരത്തില്‍ പ്രസ്ക്രിപ്ഷൻ കൂടാതെ ഇഷ്ടാനുസരണം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വലിയ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ലഭ്യമായ കണക്കുകളിലും കൂടുതലാണ് ആന്‍റിബയോട്ടിക്കുകളുടെ വില്‍പനയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സെഫലോസ്പോറിൻസ്, മാക്രോലൈഡ്സ്, പെൻസിലിൻസ് എന്നിവയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റ് ആന്‍റിബയോട്ടിക്കുകള്‍. അനധികൃതമായ രീതിയില്‍ മരുന്നുകളുടെ ഉത്പാദനം നടക്കുന്നതായും സൂചനയുണ്ട്. ഇവയെല്ലാം തന്നെ സ്വകാര്യമേഖലയിലാണ് കണക്കില്ലാതെ പോകുന്നതെന്നും, വിപണയിലെത്തുമ്പോള്‍ നിയമവിരുദ്ധമായി ഉപഭോക്താക്കളിലേക്കുമെത്തുന്നു എന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പൊതുമേഖയില്‍ വില്‍ക്കപ്പെടുന്ന ആന്‍റിബയോട്ടിക്കുകളുടെ കണക്ക് ഉള്‍പ്പെടുത്താതെയാണ് നിലവിലെ റിപ്പോര്‍ട്ട്. അതുപോലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും നല്‍കുന്ന മരുന്നുകളുടെ കണക്കും ഇതിലുള്‍പ്പെടുന്നില്ല. സ്റ്റോക്ക് ലെവലില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
Also Read:- പാരസെറ്റമോള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam