ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ 'ഒരു പാരസെറ്റമോള്‍ കഴിക്കൂ' എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്

ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം ( Mild Fever ) മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയാണ് പാരസെറ്റമോള്‍( Paracetamol). അത്ര ഗൗരവമുള്ള വിഷമതകള്‍ക്ക് പാരസെറ്റമോള്‍ ഒരു പരിഹാരമല്ലെങ്കില്‍ കൂടിയും മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും പാരസെറ്റമോള്‍ ഉണ്ടായിരിക്കും. 

ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ 'ഒരു പാരസെറ്റമോള്‍ കഴിക്കൂ' എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. 

എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. 

ലിക്വിഡ് പാരസെറ്റമോള്‍, ചവച്ചുകഴിക്കാനുള്ളത് എന്നിങ്ങനെയുള്ളവ ആണെങ്കിലും അളവ് പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് കൊടുക്കാനാണെങ്കില്‍ അതിന് വേണ്ടി പ്രത്യേകമായി ഉള്ളത് തന്നെ കൊടുക്കുക. 

ഇനി ഏറ്റവും പ്രധാനമായി ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം, മദ്യവും പാരസെറ്റമോളും ഒരുമിച്ച് കഴിക്കരുത് എന്നതാണ്. ചിലരില്‍ ഇത് പ്രത്യക്ഷമായ പ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ കാണിക്കണമെന്നില്ല. ചിലരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാം. എങ്കിലും ഇവ രണ്ടും ഒരുമിച്ച് വേണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 

മദ്യത്തിലടങ്ങിയിരിക്കുന്ന 'എഥനോള്‍'ഉം പാരസെറ്റമോളും കൂടിച്ചേരുന്നത് പലവിധ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഛര്‍ദ്ദി, തലകറക്കം, തലവേദന, ബോധം മറഞ്ഞുവീഴുന്ന സാഹചര്യം, 'ബാലന്‍സ്' നഷ്ടപ്പെടുന്ന അവസ്ഥ മുതല്‍ സാരമായ കരള്‍ പ്രശ്‌നത്തിലേക്ക് വരെ ഇത് നയിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യത്തിന്റെ 'ഹാങ്ങോവര്‍' തീര്‍ക്കാന്‍ പാരസെറ്റമോള്‍ കഴിക്കുന്നതും നല്ല ആശയമല്ല. 

പാരസെറ്റമോള്‍ മാത്രമല്ല, ഏത് തരം മരുന്ന് കഴിക്കുന്നവരും മദ്യം ഒഴിവാക്കുന്നതാണ് ഉചിതം. മാത്രമല്ല, മദ്യം ഈ മരുന്നുകളുടെ ഫലം ഇല്ലാതാക്കുകയോ, ഫലം കുറയ്ക്കുകയോ, ഫലം മറ്റൊന്നാക്കുകയോ ചെയ്‌തേക്കാം. അക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. എന്തുതന്നെ ആണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകളോ മറ്റ് മരുന്നുകളോ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്. ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്ന് ഓര്‍ക്കുക.

Also Read:- ന്യൂ ഇയർ ആഘോഷത്തിന് അകത്താക്കിയ മദ്യം, എത്രനാൾ ശരീരത്തിൽ തുടരും?