'ഏറ്റവും മോശമായ രീതിയില്‍ കൊവിഡിനെ നേരിട്ട രാജ്യം യുഎസ്'

By Web TeamFirst Published Aug 31, 2020, 10:56 AM IST
Highlights

യുഎസില്‍ 5,913,564 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 1,81,767 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊവിഡ് വ്യാപകമായ ആദ്യഘട്ടം മുതല്‍ക്ക് തന്നെ യുഎസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. രോഗ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാരമായ വീഴ്ചയാണ് യുഎസിന് പറ്റിയിട്ടുള്ളതെന്നായിരുന്നു വിമര്‍ശനം
 

തികച്ചും അപ്രതീക്ഷിതമായാണ്, ചൈനയില്‍ നിന്നുത്ഭവിച്ച കൊറോണ വൈറസ് എന്ന മാരക രോഗകാരി വന്‍കരകളും രാജ്യങ്ങളും കീഴടക്കി മനുഷ്യരാശിക്ക് മുമ്പാകെയും ചരിത്രം കണ്ട വെല്ലുവിളിയായി രൂപാന്തരപ്പെട്ടത്. പല രാജ്യങ്ങളും മഹാമാരിയെ എതിരേറ്റത് ശൂന്യമായ കരങ്ങളുമായാണ്. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ, നിയന്ത്രണങ്ങളില്ലാതെ എല്ലാം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ പലയിടങ്ങളിലും നാം കണ്ടു. 

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരിടമാണ് യുഎസ്. മഹാമാരി ഉദയം കൊണ്ട ചൈനയില്‍ പോലും ഇത്രമാത്രം പരിതാപകരമായ സാഹചര്യങ്ങള്‍ നമ്മള്‍ കണ്ടിരുന്നില്ല. അത്രയും ദയനീയമായ ചിത്രങ്ങളായിരുന്നു യുഎസില്‍ നിന്നും വന്നുകൊണ്ടിരുന്നത്. ലോകത്തിലേക്ക് വച്ചേറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും യുഎസില്‍ തന്നെയായിരുന്നു. 

മറ്റ് പല രാജ്യങ്ങളെയും താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഭേദപ്പെട്ട സാഹചര്യങ്ങളുള്ള, വികസിതമായ രാജ്യമായിട്ട് പോലും കൊവിഡിനെ നേരിടുന്നതില്‍ അമേരിക്ക പലപ്പോഴും പ്രകടമായ പരാജയം തന്നെയായി മാറി. ഇപ്പോഴിതാ അമേരിക്കക്കാര്‍ തന്നെ ഇക്കാര്യം തുറന്നുസമ്മതിക്കുകയാണ്. 

വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'പ്യൂ റിസര്‍ച്ച് സെന്റര്‍' നടത്തിയ ഒരു സര്‍വേയിലൂടെയാണ് അമേരിക്കക്കാര്‍ തങ്ങളുടെ സര്‍ക്കാരിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മോശമായ രീതിയില്‍ കൊവിഡിനെ നേരിട്ട രാജ്യം യുഎസാണെന്നാണ് സര്‍വേയിലൂടെ അമേരിക്കക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകരാജ്യങ്ങള്‍ ആകെയും ഉള്‍പ്പെട്ട സര്‍വേ പട്ടികയില്‍ ഏറ്റവും താഴെയാണ് ഇതോടെ യുഎസ് എത്തിയിരിക്കുന്നത്. 

യുഎസ് കഴിഞ്ഞാല്‍ കൊവിഡിനെ മോശമായി എതിരിട്ട രാജ്യങ്ങള്‍ യഥാക്രമം ജര്‍മ്മനിയും ഫ്രാന്‍സുമാണെന്നാണ് ജനാഭിപ്രായം. യുകെയ്‌ക്കെതിരെയും സര്‍വേയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

യുഎസില്‍ 5,913,564 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 1,81,767 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൊവിഡ് വ്യാപകമായ ആദ്യഘട്ടം മുതല്‍ക്ക് തന്നെ യുഎസിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. രോഗ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാരമായ വീഴ്ചയാണ് യുഎസിന് പറ്റിയിട്ടുള്ളതെന്നായിരുന്നു വിമര്‍ശനം.

Also Read:- കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ...

click me!