
രാത്രിയിൽ ഉറക്കം ശരിയാകുന്നില്ലെങ്കില്‍ ( Night Sleep ) അത് തീര്‍ച്ചയായും ക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പല അസുഖങ്ങളും ഇതുമൂലമുണ്ടാകാം. അതുപോലെ ഉറക്കമില്ലായ്മ ( Sleep Deprivation ) ദൈനംദിന ജീവിതത്തിലെ ജോലിയടക്കമുള്ള കാര്യങ്ങളെയും മോശമായി ബാധിക്കും.
ചിലര്‍ക്ക് രാത്രിയില്‍ എത്ര നേരത്തെ കിടന്നാലും ഏറെ നേരം കഴിഞ്ഞ ശേഷം മാത്രമേ ഉറക്കം ( Night Sleep ) കിട്ടൂ. ചിലര്‍ക്കാണെങ്കില്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നില്ലെന്നതായിരിക്കും ( Sleep Deprivation ) പരാതി. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം പ്രത്യേകമായ ഒരു കിടക്കയും തലയിണയും ഡിസൈൻ ചെയ്തിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍.
ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ നിന്നുള്ള ഗവേഷകരാണ് രാത്രിയില്‍ സുഖകരമായ ഉറക്കം ഉറപ്പിക്കാൻ സഹായകമായ കിടക്കയും തലയിണയും വികസിപ്പിച്ചിരിക്കുന്നത്. ഏറെ നാളത്തെ പഠനത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഇവര്‍ ഈ കണ്ടെത്തലില്‍ വന്നെത്തിയിരിക്കുന്നത്.
രാത്രിയില്‍ ശരീരത്തിന്‍റെ താപനില താഴുന്നതോടെയാണ് നമുക്ക് നല്ലരീതിയിലുള്ള ഉറക്കം ലഭിക്കുന്നതെന്നും ഈ പ്രക്രിയ ഉണ്ടാക്കുക, അല്ലെങ്കില്‍ ത്വരിതപ്പെടുത്തുക എന്നതാണ് തങ്ങളുടെ കിടക്കയും തലയിണയും ചെയ്യുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതായത്, രാത്രിയില്‍ ശരീരത്തിന്‍റെ താപനില നിയന്ത്രിച്ച് സുഖകരമായ ഉറക്കത്തിന് അനുയോജ്യമായ രീതിയിലേക്ക് ഇവ നമ്മെ എത്തിക്കുന്നു.
ശരീരത്തിന്‍റെ നടുഭാഗങ്ങളെ തണുപ്പിക്കുകയും കഴുത്ത്, കൈകള്‍, കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ചൂട് കയറ്റുകയും ചെയ്യുന്നതാണത്രേ ഇതിന്‍റെ രീതി. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും രക്തയോട്ടം നല്ലരീതിയിലുണ്ടാകാനും ഇവ സഹായിക്കുന്നു. ബിപി അഥവാ രക്തസമ്മര്‍ദ്ദം നേരിയ രീതിയില്‍ താഴ്ത്താനും ഇവ സഹായകമാണത്രേ. ഇതുവഴി സ്ട്രെസ് കുറയുകയും ഉറക്കം ഒന്നുകൂടി ഉറപ്പാവുകയും ചെയ്യുന്നു.
പരീക്ഷണഘട്ടങ്ങളെല്ലാം വിജയിച്ചതോടെ സവിശേഷമായ ഈ കിടക്കയും തലയിണയും വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിനായി അനുയോജ്യരായ കമ്പനികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഇപ്പോഴിവര്‍.
Also Read:- എങ്ങനെയാണ് 'സ്ട്രെസ്' കൈകാര്യം ചെയ്യേണ്ടത്? അറിയാം മാര്‍ഗങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam