സ്ട്രെസ് കൈകാര്യം ചെയ്യാനുള്ള ഒരുപിടി മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഇതിലൂടെ സ്ട്രെസ് മുഖാന്തരമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. 

'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ( Mental Stress ) പതിവായി അനുഭവിക്കുന്നതിലൂടെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ടാകാം. അതുകൊണ്ട് തന്നെ സ്ട്രെസിനെ കൈകാര്യം ( Stress Management ) ചെയ്യേണ്ടത് പ്രധാനമാണ്. എന്നാല്‍ മിക്കവര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ധാരണയില്ലെന്നതാണ് സത്യം. 

സ്ട്രെസ് കൈകാര്യം ചെയ്യാനുള്ള ( Stress Management ) ഒരുപിടി മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഇതിലൂടെ സ്ട്രെസ് മുഖാന്തരമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. 

ഒന്ന്...

ആദ്യം എന്താണ് സ്ട്രെസിന് കാരണമാകുന്നത് എന്നത് കണ്ടെത്തണം. ഉദാഹരണത്തിന്, ജോലിസംബന്ധമായ സ്ട്രെസ് ആണെങ്കില്‍ തന്നെ എന്താണ് അതിനുള്ള കാരണമായി വരുന്ന സംഭവമെന്ന് മനസിലാക്കണം. ഇതാണ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിലെ ആദ്യഘട്ടം.

രണ്ട്...

സ്ട്രെസ് ( Mental Stress ) ഉണ്ടാക്കുന്ന കാര്യവുമായി മാനസികമായി അകലം പാലിക്കുക. ഒഴിവാക്കാനാകാത്ത കാര്യമാണെങ്കില്‍ അത് തീര്‍ച്ചയായും ഇനിയും ചെയ്യേണ്ടിവരുമല്ലോ. എന്നാല്‍ മനസില്‍ നിന്ന് അതിനെ പറിച്ച് ദൂരെ നിര്‍ത്തുക. വ്യക്തിജീവിതത്തിലേക്ക് ആ സ്ട്രെസ് കടക്കാതിരിക്കാൻ ഒരതിര്‍ത്തി വരച്ചിടും പോലെ. 

മൂന്ന്...

ജോലിയില്‍ നിന്നുള്ള സ്ട്രെസ് ഒഴിവാക്കാനായി, ജോലിസമയത്ത് ചെറിയ ഇടവേളകളെടുക്കാം. വളരെ ചെറിയ ബ്രേക്കുകളേ ഇതിനാവശ്യമുള്ളൂ. ആ സമയം കൊണ്ട് മനസ് 'റീഫ്രഷ്' ആകും. മണിക്കൂറുകളോളം ഒരിടത്ത് തന്നെ ഇരുന്ന് ജോലി ചെയ്യുന്നത് മനസിന് കൂടുതല്‍ സമ്മര്‍ദ്ദമേ നല്‍കൂ. അതുപോലെ തന്നെ ആഴ്ചയിലെ അവധിയോ, അനുവദിക്കപ്പെട്ട അവധികളോ എല്ലാം ഫലപ്രദമായി ഉപയോഗിക്കണം. 

നാല്...

സ്ട്രെസ് സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ചെയ്യാൻ പോകും മുമ്പ് കൃത്യമായ പ്ലാനിംഗ് നടത്താം. അത്തരത്തില്‍ 'പ്രൊഫഷണല്‍' ആയിത്തന്നെ ഇക്കാര്യങ്ങളെ സമീപിക്കാം. സമയത്തിന് ജോലികള്‍ തീര്‍ക്കുകയും വ്യക്തിജീവിതത്തിനായി സമയം നീക്കിവയ്ക്കുകയും ചെയ്യുക. 

അഞ്ച്...

ഇതിനിടെ അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് പോകാതിരിക്കുക. മദ്യപാനം, പുകവലി എല്ലാം ഇത്തരത്തില്‍ സ്ട്രെസ് കൂടുമ്പോള്‍ ആളുകള്‍ ആശ്രയിക്കുന്ന കാര്യങ്ങളാണ്. ഇവയെല്ലാം സ്ട്രെസ് കൂട്ടാനേ ഉപകരിക്കൂ. അതുപോലെ തന്നെ നല്ല ഭക്ഷണം, ഉറക്കം എന്നിവയും ഉറപ്പിക്കുക. ഉറക്കമാണ് ഇതില്‍ ഏറ്റവും പ്രധാനം. 

ആറ്...

സമയം കിട്ടുമ്പോഴെല്ലാം മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കുക,തമാശകള്‍ ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെല്ലാം വലിയ മാറ്റം മനസിന് നല്‍കും. 

ഏഴ്...

ഒരുപാട് സമ്മര്‍ദ്ദമനുഭവിക്കുന്നതായി തോന്നിയാല്‍ ആശ്വാസത്തിനായി ലളിതമായ ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ ചെയ്തുനോക്കാം. എവിടെ വച്ചും ചെയ്യാവുന്ന ബ്രീത്തിംഗ് എക്സര്‍സൈസുകള്‍ മുതല്‍ യോഗ വരെ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. 

എട്ട്...

സ്ട്രെസ് അധികരിക്കുമ്പോള്‍ അത് തനിയെ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ അക്കാര്യം അടുപ്പമുള്ള ആരെങ്കിലുമായി സംസാരിക്കുക. വേണ്ടിവന്നാല്‍ തെറാപ്പിക്കും പോകാം. ഇതില്‍ മടിയോ നാണക്കേടോ വിചാരിക്കേണ്ട കാര്യമേയില്ല. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെയാണ് മനസിന്‍റെ ആരോഗ്യവും. രണ്ടും ഒരുപോലെ നന്നായി കൊണ്ടുപോകാൻ സാധിച്ചാലേ ജീവിതത്തില്‍ സന്തോഷമുണ്ടാകൂ. 

Also Read:- ഹൃദയാഘാതത്തെ നെഞ്ചെരിച്ചിലോ ദഹനപ്രശ്നമോ ആയി തെറ്റിദ്ധരിക്കല്ലേ...